കണ്ടാൽ പേടിപ്പെടുത്തുന്ന രൂപമുള്ള ചിലന്തിയാണ് എന്ന് പറയുകയേയില്ല. അത്രയും മനോഹരം. മഴവില്ലഴകാണ് ഇതിന്. പീലി വിടർത്തി നിൽക്കുന്ന ചെറു മയിലിനെപ്പോലെ. ഓസ്ട്രേലിയയിലാണ് ഇവ കാണപ്പെടുന്നത്. ചിലന്തികളിൽ വ്യത്യസ്തൻ. ഇവയുടെ ശരീരത്തിന്റെ പിന്നിൽ പല നിറങ്ങളുണ്ട്. മയിൽ, പീലി വിടർത്തുന്നതുപോലെ പിൻവശത്തെ ചിറകുപോലുള്ള ഭാഗം മനോഹരമായി വിടർത്തി നൃത്തമാടാൻ ഇവയ്‌ക്ക് കഴിയും. ഇണയെ ആകർഷിക്കാനാണ് ഇവ നൃത്തം ചെയ്യുന്നത്. ഇത്തിരിക്കുഞ്ഞൻമാരായ ഇവയ്ക്ക് 5 മില്ലി മീറ്റർ മാത്രമാണ് വലിപ്പം. മയിലിനെപ്പോലെതന്നെ ആൺ ചിലന്തിക്കേ ബഹുവർണ നിറമുള്ളൂ. മഴവിൽ ചിലന്തി ഇനത്തിൽപ്പെട്ട 80ഓളം ചിലന്തികൾ ഓസ്ട്രേലിയയിലുണ്ട്. ഇവയുടെ ശരീരത്തിലെ കടുത്ത കറുത്ത നിറത്തിലുള്ള വർണകങ്ങളാണ് പല നിറങ്ങൾ ഇത്രയും വ്യക്തമായി പ്രതിഫലിപ്പിക്കാൻ കാരണമെന്നാണ് പറയുന്നത്. ചുറ്റുമുള്ള വെളിച്ചത്തിൽ തട്ടുമ്പോൾ ഈ നിറങ്ങൾ വ്യക്തമായി പ്രതിഫലിക്കുന്നു. വയലറ്റ്, മജന്ത, മഞ്ഞ, നീല എന്നിങ്ങനെയുള്ള നിറങ്ങളാണ് ഇവയുടെ ശരീരത്തിൽ കാണാൻ കഴിയുക.