loksabha-election

ന്യൂഡൽഹി: വെള്ളിത്തിരയിലെ തിളക്കത്തിനൊപ്പം സ്ഥാനാർത്ഥി കുപ്പായമണിഞ്ഞ സിനിമാ താരങ്ങൾ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഏറെ ശ്രദ്ധേയമായിരുന്നു. പ്രമുഖരോട് ഏറ്റുമുട്ടി അവിശ്വസനീയ വിജയം കൈവരിച്ചവർ മുതൽ പൊരുതി തോറ്റ ഗ്ലാമർ താരങ്ങൾവരെ കൂട്ടത്തിലുണ്ട്. ബി.ജെ.പി ടിക്കറ്റിൽ മത്സരിച്ച മിക്കവർക്കും പാർലമെന്റിലേക്ക് ഹാപ്പി ജേണി ലഭിച്ചപ്പോൾ പ്രതിപക്ഷ പാർട്ടി ടിക്കറ്റിൽ മത്സരിച്ച ചിലർക്ക് പരാജയം രുചിക്കേണ്ടിവരുന്നു. കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച ശത്രുഘ്നൻ സിൻഹയും എസ്.പി ടിക്കറ്റിൽ മത്സരിച്ച ഭാര്യ പൂനവും പരാജയപ്പെട്ടു. ബി.ജെ.പിയിലെ കേന്ദമന്ത്രിമാരോടാണ് ഇരുവരും തോറ്റത്. ശത്രുഘ്നൻ സിൻഹ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദിനോടും പൂനം കേന്ദ്രമന്ത്രി രാജ്നാഥ് സിംഗിനോടും.

loksabha-election

തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കോൺഗ്രസിൽ നിന്നും ബി.ജെ.പിയിൽ എത്തിയ ഭോജ്പൂരി നടൻ രവി കിഷൻ ഗോരഖ്പൂർ മണ്ഡലത്തിൽ 2 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ജയിച്ചു. 'രംഗീല' നായിക ഊർ‌മിള മണ്ടോത്കർക്കാകട്ടെ കരകേറാനായില്ല. എന്നാൽ, തന്റെ തോൽവിയ്ക്ക് കാരണമായി ഇ.വി.എം മെഷീനുകളെയാണ് മുംബയ് നോർത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥിയായ ഊർ‌മിള ചൂണ്ടിക്കാട്ടുന്നത്. ഇ.വി.എം നമ്പറിലും ഫോമിലെ ഒപ്പുകളിലും വ്യത്യാസമുണ്ടെന്നാണ് ഊർമിള പറയുന്നത്. ഇതിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയിരിക്കുകയാണ് താരം.

loksabha-election

ബംഗാളിലെ അസളൻസോൾ മണ്ഡലത്തിൽ തൃണമൂൽ സ്ഥാനാർത്ഥിയായി മത്സരിച്ച മൂൺ മൂൺ സെന്നിനും പരാജയം ഏറ്റുവാങ്ങേണ്ടിവന്നു. സിറ്റിംഗ് എം.പിയും ബി.ജെ.പി സ്ഥാനാർത്ഥിയുമായ പിന്നണി ഗായകൻ ബബൂൽ സുപ്രിയോ ആണ് ഇവിടെ വിജയി. മഥുരയിലെ ബി.ജെ.പി സ്ഥാനാർത്ഥിയായ ഹേമമാലിനിയ്ക്കും മധുരമുള്ള ജയം. 60 ശതമാനം വോട്ടുകൾ നേടി മണ്ഡലം കൈവിടാതെ കാക്കാൻ ഹേമമാലിനിയ്ക്ക് കഴി‌ഞ്ഞു. ഹേമമാലിനിയുടെ ഭർത്താവ് നടൻ ധർമേന്ദ്രയുടെ ആദ്യ വിവാഹത്തിലുണ്ടായ മകനും ബോളിവുഡ് നടനുമായ സണ്ണി ഡിയോളും ലോക്സഭയിലെത്തിയ താരങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുന്നു. ഗുരുദാസ്‌‌പൂരിൽ കന്നിയങ്കത്തിൽതന്നെ ബി.ജെ.പി സ്ഥാനാർത്ഥിയായ സണ്ണിയ്ക്ക് വിജയിക്കാനായി.

loksabha-election

2014ൽ ചണ്ഡിഗഡിൽ കോൺഗ്രസിലെ പവൻ കുമാർ ബൻസലിനെ 69,642 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ തോൽപ്പിച്ച ബി.ജെ.പി സ്ഥാനാർത്ഥി നടി കിരൺ ഖേർ ഇത്തവണ ബൻസലിനെ തോൽപ്പിച്ചത് 46,970 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ്. വീറുറ്റ പോരാട്ടം അരങ്ങേറിയ റാംപൂരിൽ നടിയും ബി.ജെ.പി സ്ഥാനാർത്ഥിയുമായ ജയപ്രദയ്ക്ക് എസ്.പി സ്ഥാനാർത്ഥിയും മുഖ്യ ശത്രുവുമായ അസംഖാനോട് തോൽക്കേണ്ടി വന്നു. മാണ്ഡ്യയിൽ ബി.ജെ.പി പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച സുമലത, കർണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയുടെ മകൻ നിഖിൽ കുമാരസ്വാമിയെ 125,876 വോട്ടുകൾക്ക് തോൽപ്പിച്ച് ഭർത്താവ് അംബരീഷിന്റെ മണ്ഡലത്തിൽ വിജയിക്കാനായി. അതേസമയം ബാംഗ്ലൂർ സെൻട്രലിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച ദേശീയ അവാർഡ് ജേതാവ് പ്രകാശ് രാജിന് തോൽവി വഴങ്ങേണ്ടി വന്നു.

ബംഗാളിൽ മോദി പ്രഭാവത്തിന് മുന്നിൽ തൃണമൂലിന് നിറം മങ്ങിയെങ്കിലും കളത്തിലിറക്കിയ താരങ്ങളെ ഓർത്ത് പാർട്ടിക്ക് നിരാശപ്പെടേണ്ടി വന്നില്ല. മൂൺ മൂൺ സെൻ തോറ്റെങ്കിലും തൃണമൂലിന്റെ ദേവ് (ഘട്ടൽ), നുസ്രത്ത് ജഹാൻ ( ബസീർഹട്ട്), മിമി ചക്രബർത്തി ( ജാദവ്പൂർ ), ശതാബ്ദി റോയി (ബിർഭൂം ) എന്നീ സിനിമാതാരങ്ങൾക്ക് വൻ ജയമാണ് ലഭിച്ചത്.