candidate

ജലന്ധർ: തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ വിജയം തന്നെയാണ് ഒട്ടുമിക്ക സ്ഥാനാർത്ഥികളുടെയും ലക്ഷ്യം. തന്റെ ശക്തി മറ്റുള്ളവരെ ബോധ്യപ്പെടുത്താനായി ചിലർ മത്സരിക്കും. എന്നാൽ ജലന്ധറിലെ സ്വന്തന്ത്ര സ്ഥാനാർത്ഥിയായ നീട്ടു ഷത്രൻ വാല മത്സരിച്ചത് വെറും കൗതുകത്തിനുവേണ്ടിയാണ്. നാട്ടുകാരുടെ വോട്ടിൽ അല്പംപോലും പ്രതീക്ഷയില്ലായിരുന്നു. എങ്കിലും കുടുംബാംഗങ്ങളുടെ വോട്ട് മൊത്തത്തിൽ കിട്ടുമെന്ന് പ്രതീക്ഷിച്ചു.

പക്ഷേ, പ്രതീക്ഷ അസ്ഥാനത്തായി.

ഒമ്പത് അംഗങ്ങളാണ് നീട്ടുവിന്റെ വീട്ടിലുണ്ടായിരുന്നത്. ഇതിൽ എല്ലാവരും വോട്ടുംചെയ്തു. പക്ഷേ, വോട്ടെണ്ണിയപ്പോൾ നീട്ടുവിന് ആകെ കിട്ടിയത് അഞ്ച് വോട്ട്. ആകെ തകർന്ന അവസ്ഥയിലായി നീട്ടു. വോട്ടെണ്ണൽകേന്ദ്രത്തിന്റെ മുന്നിൽ വച്ച് മാദ്ധ്യമപ്രവർത്തകൻ പ്രതികരണം ചോദിച്ചതോടെ പൊട്ടിക്കരച്ചിലായി. കുടുംബത്തിലെ നാലുപേരുടെ വിശ്വാസവഞ്ചനയാണ് നീട്ടുവിനെ വേദനിപ്പിച്ചത്. ഏറെ കഷ്ടപ്പെട്ടാണ് മാദ്ധ്യമപ്രവർത്തകൻ അദ്ദേഹത്തെ സമാധാനിപ്പിച്ചത്.

നീട്ടുവിന്റെ കരച്ചിൽ സോഷ്യൽ മീഡിയയിൽ വൈറലാണ്. കുടുംബാംഗങ്ങളുടെ വോട്ടുകൾ പോലും കിട്ടാത്ത നീട്ടുവിനെ കണക്കിന് പരിഹസിക്കുന്ന കമന്റുകൾ വീഡിയോയ്ക്ക് താഴെ നിറയുകയാണ്. ഇതെല്ലാം കണ്ട് നീട്ടു ഉറച്ച ഒരു തീരുമാനത്തിലെത്തി-ഇനിമേലിൽ ഒരുതിരഞ്ഞെടുപ്പിലും മത്സരിക്കില്ല. തന്നെ തേച്ച കുടുംബക്കാരോട് അശേഷം ദേഷ്യമില്ലെന്നാണ് നീട്ടു പറയുന്നത്.