തിരുവനന്തപുരം: വടകരയിൽ നിന്ന് കെ.മുരളീധരൻ എം.എൽ.എ ലോക്സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടതോടെ വട്ടിയൂർക്കാവ് നിയമസഭാ മണ്ഡലത്തിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ കുമ്മനം രാജശേഖരനെ ബി.ജെ.പി സ്ഥാനാർത്ഥിയാക്കുമെന്ന സൂചന. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും കുമ്മനം വട്ടിയൂർക്കാവിൽ കെ.മുരളീധരനെതിരെ മത്സരിച്ച് രണ്ടാം സ്ഥാനത്തെത്തിയിരുന്നു. ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പിലും വട്ടിയൂർക്കാവ് മണ്ഡലത്തിൽ കുമ്മനം രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. യു.ഡി.എഫ് സ്ഥാനാർത്ഥി ശശിതരൂരിന് 53,545 വോട്ടും കുമ്മനത്തിന് 50,709 വോട്ടുമാണ് ലഭിച്ചത്. എൽ.ഡി.എഫിന് കിട്ടിയത് 29,414 വോട്ടും. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിൽ ബി.ജെ.പി സ്ഥാനാർത്ഥി ഒ.രാജഗോപാൽ ഒന്നാം സ്ഥാനത്തെത്തിയിരുന്നു. ഉപതിരഞ്ഞെടുപ്പിൽ കുമ്മനം മത്സരിച്ചാൽ വിജയിക്കാമെന്നാണ് ബി.ജെ.പി പ്രതീക്ഷ.
മിസോറാം ഗവർണറായിരിക്കെ പാർലമെന്റിലേക്ക് മത്സരിപ്പിക്കാൻ പദവി രാജിവയ്പിച്ചാണ് ബി.ജെ.പി - ആർ.എസ്. എസ് നേതൃത്വം കുമ്മനത്തെ തിരുവനന്തപുരത്തേക്ക് കൊണ്ടുവന്നത്. ഗവർണർമാർ മത്സരിക്കാനായി രാജിവയ്ക്കുന്നതിനോട് ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന് താല്പര്യമില്ലായിരുന്നുവെങ്കിലും ഒടുവിൽ സംസ്ഥാന ഘടകത്തിന്റെ കടുത്ത സമ്മർദ്ദത്തിന് വഴങ്ങുകയായിരുന്നു. കുമ്മനത്തെ ലോക്‌സഭയിലേക്ക് ജയിപ്പിക്കുകയായിരുന്നു ആർ.എസ്.എസ് സംസ്ഥാന നേതൃത്വത്തിന്റെ താല്പര്യമെങ്കിലും അത് നടക്കാത്തതിനാൽ എന്തുവിലകൊടുത്തും ഇനി അദ്ദേഹത്തെ നിയമസഭയിലെത്തിക്കാനാണ് ശ്രമം.
അതേസമയം, കേന്ദ്ര മന്ത്രിസഭാ രൂപീകരണത്തിൽ കുമ്മനത്തെ പരിഗണിക്കുമെന്ന ചില അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്. കുമ്മനം മത്സരിക്കുന്നില്ലെങ്കിൽ വട്ടിയൂർക്കാവിലേക്ക് സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ള, 2011ൽ വട്ടിയൂർക്കാവിൽ സ്ഥാനാർത്ഥിയായിരുന്ന വി.വി.രാജേഷ്, സംസ്ഥാന സെക്രട്ടറി സി.ശിവൻകുട്ടി, ജില്ലാ പ്രസിഡന്റ് എസ്. സുരേഷ് എന്നിവരിലൊരാളെ പരിഗണിച്ചേക്കുമെന്നും സൂചനയുണ്ട്.
അതേസമയം, വട്ടിയൂർക്കാവിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി കെ.കരുണാകരന്റെ മകളും സിറ്റിംഗ് എം.എൽ.എ കെ.മുരളീധരന്റെ സഹോദരിയുമായ പത്മജ വേണുഗോപാലിന്റെ പേര് ഉയർന്നുവരുന്നുണ്ട്. കോൺഗ്രസ് ഇക്കാര്യം പരിഗണിക്കുന്നുവെന്നും സൂചനയുണ്ട്. പി.സി. വിഷ്ണനാഥിന്റെ പേരും വട്ടിയൂർക്കാവിലേക്ക് പറഞ്ഞുകേൾക്കുന്നുണ്ട്. കെ.മുരളീധരന്റെ മണ്ഡലമായതിനാൽ പത്മജയ്ക്കാവും കൂടുതൽ വിജയസാദ്ധ്യത എന്നാണ് കോൺഗ്രസിലെ സംസാരം. വട്ടിയൂർക്കാവിൽ പത്മജയ്ക്ക് ശക്തമായ സാന്നിദ്ധ്യമാകാൻ കഴിയുമെന്നാണ് വിലയിരുത്തൽ. മണ്ഡലത്തിലെ നിലവിലെ സാഹചര്യവും പത്മജയ്ക്ക് അനുകൂലമാവുമെന്നും ചില കോൺഗ്രസ് നേതാക്കൾ വിലയിരുത്തുന്നു.
ഇടതുമുന്നണി സ്ഥാനാർത്ഥിയായി കെ.ടി.ഡി.സി ചെയർമാൻ എം.വിജയകുമാറിന്റെ പേരാണ് വട്ടിയൂർക്കാവിലേക്ക് പറഞ്ഞുകേൾക്കുന്നത്. 2016ൽ മത്സരിച്ച ടി.എൻ.സീമ, 2011ൽ മത്സരിച്ച ചെറിയാൻ ഫിലിപ്പ് എന്നിവർക്കുമുള്ള സാദ്ധ്യത തള്ളിക്കളയാൻ കഴിയില്ല. എന്നാൽ, ഇതേക്കുറിച്ച് ഇപ്പോൾ ഒന്നും പറയാൻ കഴിയില്ലെന്നാണ് ഇടതുനേതാക്കൾ പറയുന്നത്.