തിരുവനന്തപുരം: പതിനാറ് മന്ത്രിമാരുടേതടക്കം 123 മണ്ഡലങ്ങളിൽ ഭൂരിപക്ഷം കുറഞ്ഞത് മറികടക്കണമെങ്കിൽ എൽ.ഡി.എഫ് അത്യദ്ധ്വാനം ചെയ്യേണ്ടി വരും. രണ്ട് വർഷത്തിനപ്പുറം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ തികഞ്ഞ ആസൂത്രണമില്ലെങ്കിൽ വീണ്ടു പാളം തെറ്റാൻ സാദ്ധ്യത ഏറെയാണ്.

കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിനു ശേഷം 57 നിയമസഭാ മണ്ഡലങ്ങൾ ഒപ്പമുണ്ടായിരുന്ന എൽ.ഡി.എഫിനാകട്ടെ ഇക്കുറി 16 മണ്ഡലങ്ങളിലെ ഭൂരിപക്ഷം കൊണ്ട് തൃപ്തിയടയേണ്ടിവന്നു. കഴിഞ്ഞ വട്ടം കഴക്കൂട്ടം, വട്ടിയൂർക്കാവ്, തിരുവനന്തപുരം, നേമം മണ്ഡലങ്ങളിൽ മേൽക്കൈ നേടിയ ബി.ജെ.പിക്ക് മുൻതൂക്കം ഇത്തവണ നേമത്ത് മാത്രമായി. 79 മണ്ഡലങ്ങളിൽ ഒന്നാമതുണ്ടായിരുന്ന യു.ഡി.എഫ്, ഇക്കുറി 44 മണ്ഡലങ്ങൾ കൂടി പിടിച്ചെടുത്തു. എല്ലാ നിയമസഭാ മണ്ഡലങ്ങളും ഒപ്പമുണ്ടായിരുന്ന കൊല്ലം, തൃശൂർ എന്നിവിടങ്ങളിലും മാവേലിക്കര, എറണാകുളം, ചാലക്കുടി, ആലത്തൂർ, ഇടുക്കി, പൊന്നാനി, മലപ്പുറം, കോഴിക്കോട്, വയനാട് മണ്ഡലങ്ങളിലും ഒരു നിയമസഭാമണ്ഡലത്തിൽ പോലും എൽ.ഡി.എഫിന് ഒന്നാമതെത്താനായില്ല.

മുഖ്യമന്ത്റി പിണറായി വിജയന്റെ മണ്ഡലമായ ധർമ്മടത്ത് 4099 വോട്ടിന്റെ ലീഡ് എൽ.ഡി.എഫ് നേടി. മന്ത്റിമാരായ ഇ. ചന്ദ്രശേഖരന്റെ കാഞ്ഞങ്ങാട് 2251, ഇ.പി. ജയരാജന്റെ മട്ടന്നൂരിൽ 7488, പി. തിലോത്തമന്റെ ചേർത്തലയിൽ 16895 എന്നിങ്ങനെയാണ് മന്ത്രി മണ്ഡലങ്ങളിലെ മുന്നേറ്റം.

മന്ത്രിമാരുടെ മണ്ഡലങ്ങളിലും

യു.ഡി.എഫ് തേരോട്ടം

മറ്റുള്ള എല്ലാ മന്ത്രിമാരുടെയും മണ്ഡലങ്ങളിൽ യു.ഡി.എഫ് തേരോട്ടമായിരുന്നു. മന്ത്റി എ.കെ. ബാലന്റെ മണ്ഡലമായ തരൂരിലാണ് ആലത്തൂരിലെ രമ്യാ ഹരിദാസ് ഏ​റ്റവും വലിയ ഭൂരിപക്ഷം നേടിയത്- 24,839. മന്ത്രി തോമസ് ഐസക്കിന്റെ ആലപ്പുഴയിൽ യു.ഡി.എഫിന്റെ ഭൂരിപക്ഷം 69. കെ. കൃഷ്ണൻകുട്ടിയുടെ ചി​റ്റൂർ, മേഴ്‌സിക്കുട്ടിഅമ്മയുടെ കുണ്ടറ, രാമചന്ദ്രൻ കടന്നപ്പള്ളിയുടെ കണ്ണൂർ, എ.സി. മൊയ്തീന്റെ കുന്നംകുളം എന്നിവിടങ്ങളിൽ യു.ഡി.എഫ് മേൽക്കൈ ഇരുപതിനായിരത്തിന് മുകളിലെത്തി.

ഏഴിടത്ത് ബി.ജെ.പി രണ്ടാം സ്ഥാനത്തെത്തി. ഏഴിടത്ത് എൽ.ഡി.എഫ് മൂന്നാമതായി. തൃശൂരിലെ തൃശൂർ നിയമസഭാമണ്ഡലത്തിലും കാസർകോട് മണ്ഡലത്തിലെ മഞ്ചേശ്വരം, കാസർകോട് എന്നിവിടങ്ങളിലും തിരുവനന്തപുരം മണ്ഡലത്തിലെ കഴക്കൂട്ടം, വട്ടിയൂർക്കാവ്, തിരുവനന്തപുരം എന്നിവിടങ്ങളിലും പത്തനംതിട്ടയിലെ അടൂരിലുമാണ് ബി.ജെ.പി രണ്ടാം സ്ഥാനത്തെത്തിയത്. ബി.ജെ.പി രണ്ടാമതെത്തിയ അടൂരൊഴികെയുള്ള മണ്ഡലങ്ങളിൽ ഇടതുമുന്നണി മൂന്നാം സ്ഥാനത്തായി. ബി.ജെ.പി ഒന്നാമതെത്തിയ നേമത്തും ഇടതുമുന്നണിക്ക് മൂന്നാംസ്ഥാനമാണ്.

സമ്പൂർണ പരാജയം

നേരിട്ട ഇടങ്ങൾ

12 ലോക്‌സഭാ മണ്ഡലങ്ങളിലെ നിയമസഭാ സീറ്റുകളിൽ എൽ.ഡി.എഫിന് സമ്പൂർണ പരാജയമാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ എല്ലാ സീറ്റിലും വിജയിച്ച കൊല്ലത്ത് കെ.എൻ. ബാലഗോപാൽ ദയനീയമായി പരാജയപ്പെട്ടു. സി.പി.എമ്മിന്റെ എക്കാലത്തെയും ഉറച്ച കോട്ടകളിലൊന്നായ ആലത്തൂരിലും മുഴുവൻ സീ​റ്റിലും പരാജയപ്പെട്ടു. കഴിഞ്ഞതവണ ആലത്തൂരിൽ ഏഴിടത്തും എൽ.ഡി.എഫ് ഭൂരിപക്ഷം നേടിയിരുന്നു. തരൂർ, നെന്മാറ, ചിറ്റൂർ, ആലത്തൂർ, ചേലക്കര, കുന്നംകുളം, വടക്കാഞ്ചേരി മണ്ഡലങ്ങൾ പി.കെ. ബിജുവിനെ കൈവിട്ടിരുന്നില്ല.

തിരുവനന്തപുരം, മാവേലിക്കര, എറണാകുളം, കോഴിക്കോട്, ചാലക്കുടി, പൊന്നാനി, മലപ്പുറം, വയനാട്, ഇടുക്കി, തൃശൂർ മണ്ഡലങ്ങളിലും ഇടതു സ്ഥാനാർത്ഥികൾ നിയമസഭാ മണ്ഡലങ്ങളിൽ നിലംതൊട്ടിട്ടില്ല. തിരുവനന്തപുരത്ത് നേമത്ത് മാത്രമാണ് എൻ.ഡി.എ മുന്നേറ്റം. ആ​റ്റിങ്ങൽ, പത്തനംതിട്ട, കോട്ടയം, വടകര എന്നിവിടങ്ങളിലും ഒാരോ നിയമസഭാ മണ്ഡലത്തിൽ മാത്രമേ യു.ഡി.എഫ് പിന്നിലായുള്ളൂ.

കണ്ണൂരിലെ

തിരിച്ചടി

മുഖ്യമന്ത്റിയുടെ സ്വന്തം ജില്ലയായ കണ്ണൂരിലും എൽ.ഡി.എഫിന് തിരിച്ചടിയേറ്റു. ധർമ്മടത്തും മട്ടന്നൂരിലും പേരാവൂരിലും മാത്രമാണ് ചെങ്കൊടി പാറിയത്. വടകരയിൽ തലശേരിയൊഴികെയുള്ള മണ്ഡലങ്ങളിൽ യു.ഡി.എഫ് കടന്നുകയറി. കഴിഞ്ഞവട്ടം എ.എൻ. ഷംസീർ തലശേരിയിലും കൂത്തുപറമ്പിലും മുന്നിലായിരുന്നു.

വടകര, കുറ്റ്യാടി, നാദാപുരം, കൊയിലാണ്ടി, പേരാമ്പ്ര മണ്ഡലങ്ങളിലായിരുന്നു യു.ഡി.എഫ് മേൽക്കൈ. നാലിടത്ത് സതീഷ്‌ചന്ദ്രനാണ് മുന്നിൽ. യു.ഡി.എഫ് തരംഗത്തിനിടയിലും കല്യാശേരി, പയ്യന്നൂർ, തൃക്കരിപ്പൂർ, കാഞ്ഞങ്ങാട് മണ്ഡലങ്ങൾ ഇടതിനൊപ്പം നിന്നു. എൽ.ഡി.എഫിന് ആശ്വാസസീറ്റ് ലഭിച്ച ആലപ്പുഴയിൽ കരുനാഗപ്പള്ളി, ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, അരൂർ മണ്ഡലങ്ങൾ ഷാനിമോൾക്കൊപ്പമാണ്. യു.ഡി.എഫ് അപ്രതീക്ഷിതജയം നേടിയ പാലക്കാട്ട് ഷൊർണൂർ, ഒ​റ്റപ്പാലം, കൊങ്ങാട്, മലമ്പുഴ എന്നീ മണ്ഡലങ്ങളിൽ ഇടതുമുന്നണിയാണ് മേൽക്കൈ നേടിയത്.

ആ​റ്റിങ്ങലിൽ സി.പി.ഐയുടെ കൈയിലുള്ള നെടുമങ്ങാട്ട് മാത്രമാണ് ഇടതുമുന്നണിക്ക് നേരിയ മേൽക്കൈ. മാവേലിക്കരയിൽ ഏഴിടത്തും യു.ഡി.എഫ് മുന്നിലെത്തി. എറണാകുളത്ത് കൈയിലുള്ള വൈപ്പിൻ, കൊച്ചി, തൃപ്പൂണിത്തുറ മണ്ഡലങ്ങളിൽ പോലും എൽ.ഡി.എഫിന് മുന്നേറാനായില്ല.