കിളിമാനൂർ: സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കേ പുത്തൻ ഉടുപ്പും ബാഗും ഒക്കെയായി മക്കളെ സ്കൂളിലേക്ക് അയയ്ക്കാനുള്ള നെട്ടോട്ടത്തിലാണ് രക്ഷിതാക്കൾ. അൽപം വൈകിയാണെങ്കിലും സ്കൂൾ വിപണികൾ ഉഷാറിയിരിക്കുകയാണ് ഇപ്പോൾ. ഇക്കുറി കാർട്ടൂൺ കഥാപാത്രങ്ങൾ ആലേഖനം ചെയ്ത ബാഗുകൾക്കും, കുടകൾക്കും പ്രിയമേറിയിട്ടുണ്ടെന്ന് വ്യാപാരികൾ പറയുന്നു. കൊടും വരൾച്ചയിൽ കാർഷിക വിളകൾ കരിഞ്ഞുണങ്ങിയും, പുതിയ കൃഷി ഇറക്കാൻ കഴിയാതെയും കർഷകർ പ്രതിസന്ധിയിലാണങ്കിലും സ്കൂൾ വിപണികളിൽ ഇത് പ്രതിഫലിക്കുന്നില്ല. ബാഗുകളും കുടകളും ഉൾപ്പെടെയുള്ളവ വിൽക്കുന്ന കടകളിൽ രാവിലെയും വൈകിട്ടും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. കുട്ടികളെ ആകർഷിക്കുന്നതിനായി ബാഗുകളിലും കുടകളിലും ടിഫിൻ ക്യാരിയറുകളിലും കാർട്ടൂൺ കഥാപാത്രങ്ങളായ ഡോറ, ബുജി എന്നിവർ ഉൾപ്പെടെയുള്ള കഥാപാത്രങ്ങളെ ആലേഖനം ചെയ്തിട്ടുണ്ട്. ഇത്തരം കാർട്ടൂൺ കഥാപാത്രങ്ങളുള്ള സ്കൂൾ ഉപകരണങ്ങളോടാണ് കുട്ടികൾക്കും താത്പര്യം. വിപണി സജീവമായി നിലനിർത്തുന്നതിന്റെ ഭാഗമായി ബാഗു വാങ്ങുന്നവർക്ക് കുട, കുട വാങ്ങുന്നവർക്ക് വാട്ടർ ബോട്ടിൽ തുടങ്ങിയ ഓഫറുകളും കടക്കാർ നൽകുന്നുണ്ട്. പല ഉത്പന്നങ്ങൾക്കും മുൻ വർഷങ്ങളെക്കാൾ വില വർദ്ധിച്ചതും രക്ഷിതാക്കളെ അലട്ടുന്നുണ്ട്. ഇതേ സമയം വസ്ത്രശാലകളിൽ പ്രതീക്ഷിച്ചത്ര വില്പന നടക്കുന്നില്ലത്രെ. സ്കൂളുകളിൽ നിന്ന് യൂണിഫോം വിതരണം ചെയ്യുന്നതാണ് ഇതിന് കാരണമെന്നാണ് നിഗമനം. അതേ സമയം തയ്യൽ കടകളിൽ വൻ തിരക്ക് അനുഭവപ്പെടുന്നുമുണ്ട്. പല തയ്യൽ കടകളിലും സ്കൂൾ സീസൺ പ്രമാണിച്ച് താല്കാലികമായി പുതിയ തയ്യക്കാരെയും നിയമിച്ചിട്ടുണ്ട്. കടം വാങ്ങിയും പലിശക്കെടുത്തും മക്കളെ സ്കൂളിൽ അയക്കാൻ രക്ഷിതാക്കൾ ഒരുങ്ങുമ്പോൾ വിപണി ഉണർന്ന സന്തോഷത്തിലാണ് വ്യാപാരികൾ.