കോവളം: കോവളം - കഴക്കൂട്ടം ബൈപ്പാസിൽ സർവീസ് റോഡുകളുടെ നിർമ്മാണം പൂർത്തിയായതോടെ ജനവാസ മേഖലകളെ കെ.എസ്.ആർ.ടി.സി തഴയുന്നതായി പരാതി. ഇതിനെതിരെ പ്രദേശവാസികൾക്കിടയിൽ വ്യാപക പ്രതിക്ഷേധമുയരുന്നു. കോവളത്ത് 500 ഓളം സാധാരണക്കാരായ ജനങ്ങൾ താമസിക്കുന്ന പ്രദേശത്തുകൂടി ബസ് സർവീസ് നടത്താതെ ബൈപാസിലെ വിജനമായ സർവീസ് റോഡിലൂടെ സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി വിഴിഞ്ഞം ഡിപ്പോയ്ക്കെതിരെയാണ് പ്രതിഷേധം. മൂന്ന് മാസങ്ങൾക്ക് മുമ്പ് കോവളം ജംഗ്ഷനിൽ എത്തുന്ന ബസുകൾ നെടുമം ജംഗ്ഷനിൽ എത്താതെ ജനവാസമില്ലാത്ത ബൈപാസിലെ പുതിയ സർവീസ് റോഡിലൂടെ പോയതു കാരണം നാട്ടുകാർ കെ.എസ്.ആർ.ടി.സിയുടെ വിഴിഞ്ഞം ഡിപ്പോയിലെ എ.ടി.ഒയ്ക്ക് പരാതി നൽകിയിരുന്നു. ഉടൻ തന്നെ പരാതിക്ക് പരിഹാരം കാണാമെന്ന് അധികൃതർ ഉറപ്പും നൽകിയിരുന്നു. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും യാതൊരു പരിഹാരവും ഉണ്ടായില്ല. ബസ് സർവീസ് മുടങ്ങിയതോടെ ഇവടുത്തകാർ കോവളം ജംഗ്ഷനിലോ വെള്ളാർ ജംഗ്ഷനിലോ എത്തി വേണം ബസ് കയറാൻ. സ്കൂൾ തുറന്നാൽ സ്ഥിതി കൂടുതൽ വഷളാകുമെന്ന പേടിയിലാണ് രക്ഷിതാക്കൾ. വയോജനങ്ങൾക്ക് ജംഗ്ഷനിൽ നിന്ന് വീട്ടിൽ എത്തണമെങ്കിൽ ഓട്ടോയെ ആശ്രയിക്കേണ്ട ഗതികേടിലാണ്. ഓർഡനറി ബസുകൾ നെടുമത്ത് എത്താതായതോടെ വിഴിഞ്ഞം ഡിപ്പോയ്ക്ക് കിട്ടേണ്ട നല്ലൊരു ശതമാനം കളക്ഷൻ സിറ്റി ഡിപ്പോയാണ് കൊണ്ടു പോകുന്നത്. അധികൃതർ വേണ്ട ഇടപെടലുകൾ നടത്തി പ്രശ്ന പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.