തിരുവനന്തപുരം:കൃത്യമായ ഗൃഹപാഠം, മുന്നണിക്ക് പുറത്ത് നിന്ന് ചോർന്നു കിട്ടിയ വോട്ടുകൾ - ഇടതുപക്ഷത്തിന് ശക്തമായ അടിത്തറയുള്ള ആറ്രിങ്ങൽ മണ്ഡലത്തിൽ അടൂർപ്രകാശിന്റെ അട്ടിമറി വിജയത്തിന് പിൻബലമായത് ഈ കാരണങ്ങളാണ്. പക്ഷേ 2014 ൽ എ.സമ്പത്ത് 69,378 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചപ്പോൾ, അടൂർ പ്രകാശിന് 38,247 വോട്ടിന്റെ ഭൂരിപക്ഷമേ ഉള്ളൂ.

കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാൾ യു.ഡി.എഫിന്റെ വോട്ടിംഗ് ശതമാനത്തിൽ വലിയ വർദ്ധന ഉണ്ടായിട്ടില്ല. ബി.ജെ.പി (എൻ.ഡി.എ ) നില വലിയ രീതിയിൽ മെച്ചപ്പെടുത്തി.എന്നാൽ എൽ.ഡി.എഫിന്റെ വോട്ടിംഗ് ശതമാനം ഗണ്യമായി കുറഞ്ഞു. ശേഷിച്ച വോട്ടുകൾ ഏതു പെട്ടിയിൽ വീണു എന്ന ചോദ്യമാണ് കൗതുകം.

2014 ൽ കോൺഗ്രസിന് നിർണ്ണായക സ്വാധീനമുള്ള അരുവിക്കര അടക്കം ഏഴ് അസംബ്ളി മണ്ഡലങ്ങളിലും സമ്പത്താണ് മുന്നിട്ടു നിന്നത്. പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിൽ അരുവിക്കര ഒഴികെ എല്ലാ മണ്ഡലങ്ങളിലും എൽ.ഡി.എഫ് വിജയിക്കുകയും ചെയ്തു. എന്നാൽ 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നെടുമങ്ങാട്ട് മാത്രമാണ് സമ്പത്തിന് മുൻതൂക്കം കിട്ടിയത്. അതും കേവലം 759 വോട്ടുകളുടെ. ഇടത് അനുകൂലികളെ ഇരുത്തി ചിന്തിപ്പിക്കുന്നതും ഇതു തന്നെ.

ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണമെന്ന തൊടുന്യായം പറയുന്നതിൽ കഴമ്പില്ല. കാരണം ഈഴവ, നായർ സമുദായങ്ങൾക്കാണ് മണ്ഡലത്തിൽ പ്രധാന സ്വാധീനം. മുസ്ലീം, ക്രിസ്ത്യൻ, നാടാർ സമുദായങ്ങൾക്കും പ്രാതിനിദ്ധ്യമുണ്ട്. ശോഭാ സുരേന്ദ്രൻ വനിതകളുടെയും വിശ്വാസികളുടെയും കുറെ വോട്ടുകൾ പിടിച്ചിട്ടുണ്ട്. 2014 ൽ ബി.ജെ.പിയുടെ ഗിരിജാകുമാരി 90,528 വോട്ടുകൾ നേടിയപ്പോൾ ശോഭ നേടിയത് 2,48,081 വോട്ടുകളാണ് (24.69 ശതമാനം).

കൃത്യമായ ഗൃഹപാഠം

കോന്നി മണ്ഡലത്തിൽ തുടർച്ചയായി അഞ്ച് വിജയങ്ങൾ കൊയ്‌ത ശേഷമാണ് അടൂർ പ്രകാശ് ആറ്റിങ്ങലിൽ എത്തിയത്. പുറമേ ഐക്യമെന്നൊക്കെ പറയുമെങ്കിലും മണ്ഡലത്തിന് പുറത്തുനിന്നുള്ള ആൾ എന്ന മട്ടിൽ ചില മുഖം തിരിക്കലുകളൊക്കെ ആദ്യമുണ്ടായി. അതെല്ലാം കൃത്യമായി പരിഹരിക്കാൻ അനുഭവ സമ്പന്നനായ പ്രകാശിന് കഴിഞ്ഞു. പോസ്റ്ററും ചുവരെഴുത്തും എല്ലായിടത്തും എത്തിച്ച് സാന്നിദ്ധ്യമറിയിക്കാനും കഴിഞ്ഞു. വീടാന്തരം നോട്ടീസുകളും ലഘുലേഖകളും ചിട്ടയായി എത്തിച്ചു. സ്ഥാനാർത്ഥിയായി എത്താൻ വൈകിയതിന്റെ പോരായ്മകളും വേഗത്തിൽ പരിഹരിച്ചു.

സ്ഥാനാർത്ഥി പ്രഖ്യാപനത്തിലെ മേൽക്കൈയും തുടർച്ചയായി രണ്ട് തവണ ജയിച്ചതും നേട്ടമാകുമെന്ന അമിതവിശ്വാസം ഇടതു പക്ഷത്തിന് വിനയായിരിക്കാം.

വോട്ടിംഗ് ശതമാനം - 2014 ---.- 2019

എൽ.ഡി.എഫ്..........45.7........34.11

യു.ഡി.എഫ്..............37.6........37.91

ബി.ജെ.പി..................10.5........24.69

2014 ലെ വോട്ട്

ഡോ.എ.സമ്പത്ത് (എൽ.ഡി.എഫ്)...3,92,478

ബിന്ദുകൃഷ്ണ (യു.ഡി.എഫ്) ..................3,23,100

ഗിരിജാകുമാരി (ബി.ജെ.പി)...................90.528

2019 ലെ വോട്ട്

അടൂർപ്രകാശ് (യു.ഡി.എഫ്)...............3,80,995

ഡോ.എ.സമ്പത്ത് (എൽ.ഡി.എഫ്).....3,42,748

ശോഭാസുരേന്ദ്രൻ (എൻ.ഡി.എ).........2,48,081