തിരുവനന്തപുരം : തലസ്ഥാനത്ത് നടന്ന വാഹന പരിശോധനയ്‌ക്കിടെ ഡസ്റ്റർ കാറിൽ കടത്തുകയായിരുന്ന 11.5 കോടി രൂപയുടെ ഹാഷിഷ് ഓയിലുമായി മൂന്നുപേരെ എക്സൈസ് അറസ്റ്റ് ചെയ്‌തു. എറണാകുളം സ്വദേശികളായ മനു വിൽസൺ (31), അൻവർ സാദത്ത് (31), രാജ്മോഹൻ (28) എന്നിവരാണ് പിടിയിലായതെന്ന് എക്സൈസ് കമ്മിഷണർ ഋഷിരാജ് സിംഗ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. കാറിൽ നിന്ന് 2.5 കിലോ കഞ്ചാവും വാളും പിടിച്ചെടുത്തു.
തിരുവനന്തപുരം സർക്കിൾ ഇൻസ്‌പെക്ടർ ടി. അനികുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഇന്നലെ രാവിലെ ഒമ്പതിന് വെൺപാലവട്ടം എൻ.എച്ച് ബൈപാസിൽ നടത്തിയ വാഹന പരിശോധനയിലാണ് പ്രതികൾ അറസ്റ്റിലായത്. ഇടുക്കി അടിമാലി പൂപ്പാറ സ്വദേശിയായ ബിജുവിന്റെ നിർദ്ദേശാനുസരണം ആന്ധ്രയിൽ നിന്ന് കടത്തിക്കൊണ്ടുവന്ന ഹാഷിഷ് തിരുവനന്തപുരത്തെ ഇടനിലക്കാരന് കൈമാറുകയായിരുന്നു ലക്ഷ്യമെന്ന് പ്രതികൾ പറഞ്ഞു. കഞ്ചാവ് ചില്ലറ വില്പനയ്‌ക്കായി വാങ്ങിയതാണെന്നും ഇവർ പറഞ്ഞു.
കാറിലെ രഹസ്യ അറകളിലാണ് ഹാഷിഷ് ഓയിലും കഞ്ചാവും സൂക്ഷിച്ചിരുന്നത്. മനു വിൽസണും അൻവർ സാദത്തും നിരവധി കേസുകളിൽ പ്രതിയാണെന്നും എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. ഇക്കഴിഞ്ഞ മാർച്ചിൽ വെൺപാലവട്ടത്തെ സ്വകാര്യ ആശുപത്രിക്ക് സമീപത്തു നിന്ന് 13 കോടിയുടെ ഹാഷിഷ് പിടിച്ചിരുന്നു. ഒരുവർഷത്തിനിടെ നഗരത്തിൽ നടന്ന ഏഴാമത്തെ ഹാഷിഷ് വേട്ടയാണിത്.
ഉദ്യോഗസ്ഥർക്ക് പാരിതോഷികം
11.5 കോടിയുടെ ഹാഷിഷ് ഓയിൽ പിടിച്ചെടുത്ത എക്സൈസ് ഉദ്യോഗസ്ഥർക്ക് കമ്മിഷണർ ഋഷിരാജ് സിംഗ് അമ്പതിനായിരം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. തിരുവനന്തപുരം സർക്കിൾ ഇൻസ്‌പെക്‌ടർ അനികുമാർ, ഇൻസ്‌പെക്ടർമാരായ കൃഷ്ണകുമാർ, പ്രദീപ് റാവു, അസിസ്റ്റന്റ് എസ്.ഐ മുകേഷ് കുമാർ എന്നിവർക്കാണ് പാരിതോഷികം നൽകുക.