പത്തു വർഷം മുമ്പ്, തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്ന ജഗൻ മോഹൻ റെഡ്ഡിയുടെ അച്ഛൻ വൈ.എസ്. രാജശേഖര റെഡ്ഡിയുടെ മരണം. മുഖ്യമന്ത്രിയായിരിക്കെ ഒരു ഹെലികോപ്‌ടർ അപകടം. ആന്ധ്രയിൽ കോൺഗ്രസ്സിന്റെ അവസാന വാക്കായിരുന്നു റെഡ്ഡി. സ്വാഭാവികമായും, അച്ഛന്റെ മുഖ്യമന്ത്രിക്കസേര മകൻ ജഗൻ മോഹൻ റെഡ്ഡി കൊതിച്ചു. ആവശ്യപ്പെടാതെ തന്നെ പാർട്ടി തനിക്കു മുഖ്യമന്ത്രിക്കസേര നൽകുമെന്ന് ജഗൻ പ്രതീക്ഷിക്കുകയും ചെയ്‌തു. അതുണ്ടാകാതിരുന്നപ്പോൾ അങ്ങോട്ടു ചെന്നു. സോണിയാ ഗാന്ധി ഉൾപ്പെടെ മുതിർന്ന നേതാക്കളെ കാണാൻ പലവട്ടം ഡൽഹിക്കു പോയി. എല്ലാവരും പടിയടച്ചു. ജഗനെ മുഖ്യമന്ത്രിയാക്കിയാൽ മക്കൾ വാഴ്‌ചയുടെ പേരിൽ കോൺഗ്രസ് വീണ്ടും പഴി കേൾക്കേണ്ടിവരുമെന്നായിരുന്നു ന്യായം. ജഗൻ പിണങ്ങി.
അന്നത്തെ അവഗണനയ്‌ക്ക് ജഗൻ കോൺഗ്രസിനോട് മധുരമായി പകവീട്ടിയത് ഈ ലോക്‌സഭാ തിരഞ്ഞെടുപ്പിലാണ്. ഒപ്പം, ബദ്ധവൈരിയായ ചന്ദ്രബാബു നായിഡുവിനെയും തറപറ്റിച്ചു.ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പു കൂടി നടന്ന ആന്ധ്രയിൽ 175-ൽ 151 സീറ്റ് നേടിയാണ് ജഗൻ മുഖ്യമന്ത്രിയാകാൻ പോകുന്നത്. 25 ലോക്‌സഭാ സീറ്റിൽ 22-ൽ ജയിച്ചതും വൈ.എസ്.ആർ കോൺഗ്രസായിരുന്നു. 30-ന് ജഗൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. തന്റെ പിൻഗാമിയാക്കാനായി വാഴിക്കാൻ ചന്ദ്രാബാബു നായിഡു രംഗത്തിറക്കിയ മകൻ നര ലോകേഷ് മംഗളഗിരിയിൽ തോറ്റത് വ്യക്തിപരമായി വൻതിരിച്ചടിയാണ് നായിഡുവിനു നൽകിയത്. വൈ.എസ്.ആർ.കോൺഗ്രസിന്റെ രാമകൃഷ്ണ റെഡ്ഡിയാണ് ഇവിടെ ജയിച്ചത്. മലയാളികൾക്ക് സുപരിചിതയായ നടി റോജയും വിജയിച്ച പ്രമുഖരിൽ ഉൾപ്പെടുന്നു. നഗരി മണ്ഡലത്തിൽ 2,708 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു വിജയം. തിളക്കമാർന്ന വിജയമല്ലെങ്കിലും വൈ.എസ്.ആർ. കോൺഗ്രസ് മഹിളാ വിഭാഗം പ്രസിഡന്റു കൂടിയായ റോജ മന്ത്രിയാകുമെന്ന് ഉറപ്പായിട്ടുണ്ട്.
ലോക്‌സഭയിൽ കിട്ടിയ 22 സീറ്റുകൾ ഫലപ്രദമായി വിനിയോഗിക്കാനാണ് ജഗന്റെ തീരുമാനം. ഫലം വരുന്നതിനു മുമ്പ് ചന്ദ്രാബാബു നായിഡു കേന്ദ്രസർക്കാരിന്റെ ഭാഗമാകാൻ ഓടിനടന്നപ്പോഴും ജഗൻ ആന്ധ്ര വിട്ട് പോയില്ല. കഴിഞ്ഞ തവണ നാലു വർഷം എൻ.ഡി.എയുടെ ഭാഗമായിരുന്ന തെലുങ്കുദേശം പാർട്ടിക്ക് ആന്ധ്രയുടെ വികസനത്തിനുവേണ്ടി ഒന്നും ചെയ്യാൻ കഴിഞ്ഞില്ലെന്ന് ജഗൻ തിരഞ്ഞെടുപ്പ് യോഗങ്ങളിൽ ആരോപിച്ചിരുന്നു. . ആന്ധ്രയ്‌ക്ക് പ്രത്യേക പദവിയാണ് പാർട്ടിയുടെ ലക്ഷ്യം. മോദി സർക്കാരിന്റെ ഭാഗത്തു നിന്ന് അതിന് അനുകൂലമായ നിലപാടുണ്ടായാൽ ജഗൻ എൻ.ഡി.എയെ പിന്തുണയ്‌ക്കുന്ന നിലപാട് സ്വീകരിക്കും.
►കത്തുന്ന പകയിൽ നിന്നും ഉദയം
വൈ.എസ്.ആർ രാഷ്ട്രീയത്തിലുണ്ടായിരുന്നപ്പോൾ ബിസിസിൽ ശ്രദ്ധിച്ച മകൻ, പിതാവ് മരിച്ചപ്പോൾ പിൻഗാമിയായി രാഷ്ട്രീയത്തിലിറങ്ങി. അച്ഛൻ വളർത്തി വലുതാക്കിയ ആന്ധ്രയിലെ കോൺഗ്രസിനെ മുച്ചൂടും തകർത്തായിരുന്നു മകന്റെ അരങ്ങേറ്റം. വൈ.എസ്.ആറിന്റെ മരണത്തിന്റെ ആഘാതം താങ്ങാനാവാതെ ആന്ധ്രയിൽ 220 പേർ ആത്മഹത്യ ചെയ്‌തു. ജനങ്ങളെ ആശ്വസിപ്പിക്കാൻ ജഗൻ സംസ്ഥാനത്തുടനീളം യാത്ര ചെയ്തു.
ശേഷം മുഖ്യമന്ത്രിക്കസേരയിൽ അവകാശവാദമുന്നയിച്ചു. പക്ഷെ, ഹൈക്കമാൻഡ് ഇടഞ്ഞു. വൈ.എസ്.ആറുമായി അടുപ്പം പുലർത്തിയിരുന്ന സോണിയാ ഗാന്ധി ജഗനെ അംഗീകരിച്ചില്ല.
എഴുപത്തൊൻപതുകാരനായ പാർട്ടി നേതാവ് കെ.റോസയ്യയെ ആക്‌ടിംഗ് ചീഫ് മിനിസ്റ്ററായി പ്രഖ്യാപിച്ചു.
ഒടർപ്പ് യാത്രയ്ക്ക് (അനുശോചന യാത്ര) അനുമതി തേടി അമ്മയ്ക്കൊപ്പം ജഗൻ ഡൽഹിയിലെത്തി. സോണിയ കാണാൻ പോലും കൂട്ടാക്കിയില്ല. യാത്രയ്‌ക്കു ശേഷം സഹതാപതരംഗമുയർത്തി കടപ്പ ഉപതിരഞ്ഞെടുപ്പിൽ ജഗൻ നേടിയെടുത്തത് റെക്കോഡ് ഭൂരിപക്ഷം.
രണ്ടു വർഷത്തിനുശേഷം 2011- ൽ കോൺഗ്രസിനെ പിളർത്തി വൈ.എസ്.ആർ കോൺഗ്രസ് പാർട്ടി രൂപീകരിച്ചു. പാർട്ടിയിൽ നിന്ന് ഒരു വലിയ വിഭാഗം ജഗനൊപ്പം ചേർന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ 175-ൽ 67 സീറ്റുകൾ നേടി മുഖ്യ പ്രതിപക്ഷമായി. ജഗൻ പ്രതിപക്ഷ നേതാവുമായി.
''ദൈവം എനിക്കു തന്ന ശക്തിയാണ് എനിക്കു കൈവന്ന നേട്ടത്തിനു പിന്നിൽ. മികച്ച ഭരണമാണ് ലക്ഷ്യം.'' ജഗൻ മോഹൻ റെഡ്ഡി