തിരുവനന്തപുരം: പാർട്ടി മത്സരിച്ച നാല് മണ്ഡലങ്ങളിലുൾപ്പെടെ ഇടതുമുന്നണി പത്തൊമ്പത് സീറ്റുകളിലും പരാജയപ്പെട്ടതിന്റെ കാരണങ്ങൾ വിശദമായി പരിശോധിക്കാൻ സി.പി.ഐ തീരുമാനം. ഇന്നലെ ചേർന്ന സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടിവിൽ പരാജയം ഞെട്ടിപ്പിക്കുന്നതായെന്ന വികാരം അംഗങ്ങൾ പ്രകടിപ്പിച്ചു. വോട്ട് കണക്കുകൾ ഉൾപ്പെടെ വിശദമായി അവലോകനം ചെയ്തുള്ള പാർലമെന്റ് മണ്ഡലം സബ്കമ്മിറ്റികളുടെ റിപ്പോർട്ടുകൾ ജൂൺ നാലിന് സംസ്ഥാന സെന്ററിന് കൈമാറാൻ ജില്ലാ കൗൺസിലുകളോട് നിർദ്ദേശിച്ചിട്ടുണ്ട്. ജില്ലാ എക്സിക്യൂട്ടിവുകളും ചേർന്ന് വസ്തുതകൾ പരിശോധിക്കണം. ജൂൺ ആറിന് ചേരുന്ന സംസ്ഥാന എക്സിക്യൂട്ടിവിൽ പരാജയകാരണങ്ങൾ വിശദമായി ചർച്ച ചെയ്യാനാണ് തീരുമാനം. ഈ മാസം 27, 28 തീയതികളിലായി ചേരുന്ന ദേശീയ സെക്രട്ടേറിയറ്റ്, എക്സിക്യൂട്ടിവ് യോഗങ്ങളിൽ അവതരിപ്പിക്കാനുള്ള സംസ്ഥാനഘടകത്തിന്റെ റിപ്പോർട്ട് യോഗം അംഗീകരിച്ചു.

തിരുവനന്തപുരത്തെ സ്ഥാനാർത്ഥിയായിരുന്ന സി. ദിവാകരൻ എം.എൽ.എ ഇന്നലെ എക്സിക്യൂട്ടിവ് കമ്മിറ്റി യോഗത്തിൽ പങ്കെടുത്തില്ല. ആരോഗ്യപ്രശ്നങ്ങളാൽ പങ്കെടുക്കില്ലെന്നറിയിച്ച് കഴിഞ്ഞ ദിവസം സംസ്ഥാന സെന്ററിന് കത്ത് നൽകിയിരുന്നു. ഇന്നലെ അദ്ദേഹം വീട്ടിൽ വിശ്രമത്തിലായിരുന്നു. ചില ദൃശ്യമാദ്ധ്യമങ്ങളോട് തിരഞ്ഞെടുപ്പ് പരാജയത്തെപ്പറ്റി അദ്ദേഹം പ്രതികരിച്ചു.