may24c

വക്കം: കായിക്കരക്കടവിൽ പാലം വരുന്നതും കാത്ത് രണ്ട് ഗ്രാമപഞ്ചായത്തുകൾ. മഹാകവി കുമാരനാശാൻ ജന്മം കൊണ്ട കായിക്കരയും, ഐ.എൻ.എ ഹീറോ വക്കം ഖാദറിന്റെ രക്തസാക്ഷിത്വ മണ്ഡപവും സ്ഥിതി ചെയ്യുന്നത് നിർദ്ദിഷ്ട പാലത്തിന്റെ ഇരുകരകളിലുമാണ്. വക്കം പുരുഷോത്തമൻ മന്ത്രിയായിരുന്ന കാലത്ത് പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാനൊരുങ്ങിയപ്പോൾ എതിർപ്പുമായി സ്ഥലവാസികൾ എത്തി. പാലം നിലവിൽ വരുമ്പോൾ തങ്ങളുടെ വീടുകൾ പാലത്തിന് താഴെയാകുമെന്നാണവർ പറഞ്ഞത്.

നിലവിൽ ഡെപൂട്ടി സ്പീക്കർ വി. ശശി, സത്യൻ എം.എൽ.എ, ചിറയിൻകീഴ് ബ്ളാേക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രൻ തുടങ്ങിയവരുടെ ശ്രമഫലമായി കിഫ്ബിയിൽ നിന്നും ഫണ്ട് അനുവദിച്ച് പാലത്തിന്റെ പ്രാരംഭ പ്രവർത്തനം ഇൗ സർക്കാർ തുടങ്ങിയിരുന്നു. സോയിൽ ഇൻവെസ്റ്റിഗേഷൻ ഡിസൈൻ, പ്രോജക്ട് റിപ്പോർട്ട് തുടങ്ങിയവ ഏഴര

ലക്ഷം രൂപ ചിലവഴിച്ച് പൂർത്തിയാക്കി. അപ്രോച്ച് റോഡിന് വസ്തു ഉടമകളുമായി രണ്ട് എം.എൽ.എമാരും സംസാരിച്ച് ഉറപ്പാക്കിയിരിക്കയാണ്. ഫണ്ട് അനുവദിച്ചാൽ വസ്തു ഏറ്റെടുക്കാൻ കഴിയും.

വെട്ടൂർ, അഞ്ചുതെങ്ങ്, വക്കം മണമ്പൂർ, ചെറിന്നിയൂർ തുടങ്ങി ഒട്ടനവധി പഞ്ചായത്തു നിവാസികളുടെ ചിരകാല അഭിലാഷമാണീ പാലം. ചെറിന്നിയൂർ മണമ്പൂർ, വക്കം തുടങ്ങിയ പഞ്ചായത്തു നിവാസികൾക്ക് കായിക്കര കടവ് പാലം പൂർത്തിയായാൽ പാലം കടന്ന് കായിക്കര എത്തിയാൽ അഞ്ചുതെങ്ങ്, പെരുമാതുറ, വഴി തിരുവനന്തപുരം എയർപോർട്ടിലേക്കും തിരുവനന്തപുരത്തെ മെഡിക്കൽ കോളേജ് ഉൾപ്പടെ അനവധി ആശുപത്രികളിലേക്കും സർക്കാർ അർദ്ധ സർക്കാർ ഓഫീസുകളിലേക്കും വളരെ വേഗം എത്താൻ സാധിക്കും.