3

വിഴിഞ്ഞം: കോവളത്തെത്തുന്ന സഞ്ചാരികൾക്ക് ഇനി 100 അടിയോളം ഉയരത്തിൽ ഉയർന്നു പൊങ്ങുന്ന വർണ ജലധാരയും സംഗീതവും ആസ്വദിക്കാം. വികസനപ്രവർത്തനവുമായി ബന്ധപ്പെട്ട് കോവളം ലൈറ്റ് ഹൗസ് വളപ്പിൽ നിർമാണം പൂർത്തിയാക്കിയ കേരളത്തിലെ ഏറ്റവും വലിയ മ്യൂസിക് ഫൗണ്ടൻ സഞ്ചാരികൾക്കായി തുറന്നു കൊടുത്തു. ഇത് വിദേശികളടക്കമുള്ള സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കും. വിവിധ ഭാഷകളിലായി 100ലധികം സംഗീതത്തോടെയുള്ള മ്യൂസിക് ഫൗണ്ടൻ 35 മീറ്റർ നീളത്തിലാണ് നിർമിച്ചിരിക്കുന്നതെന്ന് അധികൃതർ പറഞ്ഞു. 1.16 കോടി രൂപയാണ് മ്യൂസിക് ഫൗണ്ടന് മാത്രമുള്ള ചെലവ്. ഇത് നിർമ്മിക്കുന്നതിനുള്ള ഉപകരണങ്ങൾ വിദേശത്തു നിന്ന് ഇറക്കുമതി ചെയ്‌തവയാണ്. മ്യൂസിക് ഫൗണ്ടനൊപ്പം ലൈറ്റ് ഹൗസ് വളപ്പിൽ കഫറ്റേരിയ, പാർക്ക് എന്നിവ സജ്ജമാക്കുന്ന ജോലികൾ പുരോഗമിക്കുന്നു. ഇവയുടെ നിർമ്മാണം പൂർത്തിയാകുന്ന മുറയ്ക്ക് സഞ്ചാരികൾക്കായി തുറന്നുകൊടുക്കും. എല്ലാ ദിവസവും വൈകിട്ട് 7 മുതൽ 7.30 വരെ സംഗീത ജലധാര സഞ്ചാരികൾക്ക് ആസ്വദിക്കാം. കണ്ണൂർ ലൈറ്റ് ഹൗസ് പരിസരത്താണ് നിലവിൽ മ്യൂസിക് ഫൗണ്ടൻ ഉള്ളത്. മ്യൂസിക് ഫൗണ്ടൻ ആസ്വദിക്കുന്നതിന് പ്രവേശനം സൗജന്യമാണെങ്കിലും ലൈറ്റ് ഹൗസ് സന്ദർശനത്തിന് 20 രൂപ ഫീസ് ഈടാക്കും. രാവിലെ 10 മുതൽ വൈകിട്ട് 6 വരെയാണ് ലൈറ്റ് ഹൗസിലേക്കുള്ള പ്രവേശനം. ഔദ്യോഗിക ഉദ്ഘാടനം പിന്നീടേ ഉണ്ടാകൂ.