loksabha-election-

ചെന്നൈ: ലോക്‌സഭാ സീറ്റുകൾ ഡി.എം.കെ- കോൺഗ്രസ് സഖ്യം തൂത്തുവാരിയെങ്കിലും 22 നിയമസഭാ മണ്ഡലങ്ങളിൽ നടന്ന ഉപതിരഞ്ഞെടുപ്പിലൂടെ കിട്ടിയ ഒൻപതു സീറ്റിന്റെ ബലത്തിൽ അണ്ണാ ഡി.എം.കെ സർക്കാർ മുന്നോട്ടു പോകും. എടപ്പാടി സർക്കാരിനെ ഇനി നിലംപരിശാക്കണമെങ്കിൽ വലിയ കളികൾ വേണ്ടിവരും. ഉടനൊന്നും അതുണ്ടാകില്ലെന്നാണ് ഇപ്പോഴത്തെ തമിഴക രാഷ്ട്രീയം നൽകുന്ന സൂചന.

എടപ്പാടി പളനിസ്വാമിക്ക് ഭരണം തടസ്സമില്ലാതെ തുടരാൻ ഉപതിരഞ്ഞെടുപ്പിൽ വേണ്ടിയിരുന്നത് 10 സീറ്റുകളായിരുന്നു. അതിലൊന്നു കുറഞ്ഞു പോയെങ്കിലും ഡി.എം.കെയ്ക്ക് ഭരണത്തെ മറിച്ചിടാൻ കഴിയില്ല. മൂന്നു സ്വതന്ത്രരും ദിനകരനെ പിന്തുണയ്‌ക്കുന്ന മൂന്ന് എം.എൽ.എമാരും മറുകണ്ടം ചാടിയാൽ മാത്രമാണ് സർക്കാരിന് പത്തു സീറ്റ് വേണ്ടിയിരുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഇവർ ആറു പേരും അടങ്ങിയിരിക്കാനാണ് സാദ്ധ്യത. അങ്ങനെയാകുമ്പോൾ ഇപ്പോഴത്തെ ആകെ സീറ്റ് നില 123 ആണ്. ഭൂരിപക്ഷത്തിന് 118 മതി.

നേരത്തേ, 18 എം.എൽ.എമാർ ദിനകരനെ പിന്തുണച്ച് പ്രശ്‌നം സൃഷ്‌ടിച്ചു തുടങ്ങിയതോടെയാണ് സ്‌പീക്കർ അവരെ അയോഗ്യരാക്കിയത്. അത് ഉപതിരഞ്ഞെടുപ്പിൽ കൊണ്ടെത്തിച്ചു. എന്നാൽ ഒരു സീറ്റു പോലും നേടാൻ ദിനകരന്റെ അമ്മാ മക്കൾ മുന്നേറ്റ കഴകത്തിനായില്ല. ആയോഗ്യരാക്കപ്പെട്ടവരിൽ സെന്തിൽ ബാലാജി ഡി.എം.കെയിൽ ചേർന്ന് ഉപതിരഞ്ഞെടുപ്പിൽ അരുവക്കുറിശ്ശിയിൽ നിന്ന് മത്സരിച്ചു ജയിച്ചു. ദിനകരനൊപ്പം നിന്ന ബാക്കി 17 പേരിൽ 13 പേർ മത്സരിച്ചു തോറ്റു. അതുകൊണ്ടു തന്നെ വിമതശബ്‌ദമുയർത്തി പുറത്തു പോകാൻ ശേഷിക്കുന്നവർ മടിക്കും.

13 സീറ്റ് നേടിയപ്പോൾ ഡി.എം.ക അംഗങ്ങളുടെ എണ്ണം 101 ആയി ഉയർന്നു. കോൺഗ്രസിന് ഏഴും മുസ്ലിം ലീഗിന് ഒന്നുമാണ് അംഗസംഖ്യ. ഒപ്പം ഒരു സ്വതന്ത്രനെക്കൂടി കൂട്ടിയാലും 110-ൽ എത്താനേ കഴിയൂ. പക്ഷേ, ഇനി വീണുകിട്ടുന്ന ഒരവസരവും സ്റ്റാലിൻ പാഴാക്കില്ലെന്ന് ഉറപ്പാണ്. എൻ.ഡി.എ മുന്നണിയിലെത്തിയ അണ്ണാ ഡി.എം.കെ കേന്ദ്രഭരണത്തിന്റെ ആനുകൂല്യം കൂടി ഉപയോഗിക്കും.