കല്ലമ്പലം : ബൈക്ക് യാത്രികനായ യുവാവിനെ കാറിലെത്തിയ അക്രമിസംഘം അതിക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ഇഴയുന്നു. പ്രതികൾ ഇപ്പോഴും പൊലീസിന്റെ കൺമുന്നിൽ തന്നെ ഉണ്ടായിട്ടും ഇതുവരെ ഒരാളെപ്പോലും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു. കഴിഞ്ഞ 12ന് രാത്രി ഒൻപതുമണിയോടെ ചാത്തമ്പാറ ജംഗ്ഷനിലായിരുന്നു ആക്രമം നടന്നത്. ആക്രമത്തിൽ ചാത്തമ്പാറ, രേഖാമന്ദിരത്തിൽ അരുണി (35) നാണ് ഗുരുതര പരിക്കേറ്റത്. ചാത്തമ്പാറ ജംഗ്ഷനിൽ സ്ഥിരമായി എത്തി കാർ അപകടകരമായി റേസ് ചെയ്തിരുന്ന അനുരാജ് എന്നയാളെ അരുണും, ചാത്തമ്പാറജംഗ്ഷനിലുള്ള ആളുകളും ചേർന്ന് താക്കീത് ചെയ്തിന്റെ വാശിയെന്നോണമായിരുന്നു അരുണിന് നേരെയുള്ള അതിക്രൂര ആക്രമണമെന്നാണ് ബന്ധുക്കൾ പറയുന്നത്. അനുരാജും, കണ്ടാലറിയാവുന്ന നാലുപേരും രാത്രി കാറിൽ ചാത്തമ്പാറ ജംഗ്ഷനിലെത്തുകയും ബൈക്കിൽ ഈ സമയം അവിടെ എത്തിയ അരുണിനെ മാരാകായുധങ്ങൾ ഉപയോഗിച്ച് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ആയിരുന്നു. നാട്ടുകാർ ഓടിയെത്തിയതോടെ അക്രമിസംഘം കാറിൽ രക്ഷപ്പെട്ടു. ഗുരുതര പരിക്കേറ്റ അരുണിനെനാട്ടുകാർ ഉടൻ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. അരുണിന്റെ പരാതിയെ തുടർന്ന് അനുരാജ് കണ്ടാലറിയാവുന്ന നാലുപേർ തുടങ്ങിയവർക്കെതിരെ കല്ലമ്പലം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയെങ്കിലും ഇതുവരെയും പ്രതികളെ ആരെയും പിടികൂടാൻ കഴിഞ്ഞിട്ടില്ല. ചെറുതും വലുതുമായ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് അനുരാജ് എന്നാണ് നാട്ടുകാർ പറയുന്നത്. രാത്രിയിലെത്തി യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഘത്തെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.