തിരുവനന്തപുരം: യു.ഡി.എഫ് തരംഗം അലയടിച്ച ഈ തിരഞ്ഞെടുപ്പിൽ സമീപകാലത്തൊന്നുമുണ്ടായിട്ടില്ലാത്ത വിധം സംഭവിച്ച വോട്ട് വ്യതിയാനമാണ് ഇടതിനെ നിലംപരിശാക്കിയത്. ശക്തമായ അടിയൊഴുക്കുകളുണ്ടായതിനൊപ്പം പ്രതീക്ഷിച്ച വോട്ടുകൾ ലഭിക്കാതിരിക്കുകയും ചെയ്തതോടെ യു.ഡി.എഫും എൽ.ഡി.എഫും തമ്മിലുള്ള വോട്ട് വ്യതിയാനം 12.19 ശതമാനമായി. യു.ഡി.എഫിന് 47.34 ശതമാനം വോട്ട് ലഭിച്ചപ്പോൾ ഇടതിന് കിട്ടിയത് 35.15 ശതമാനം. എൻ.ഡി.എയ്ക്ക് 15.57 ശതമാനം വോട്ടാണ് ലഭിച്ചത്. 13 ഇടത്ത് എൻ.ഡി.എയ്ക്ക് കെട്ടിവച്ച കാശ് പോയി.
പത്ത് ശതമാനത്തിന് മുകളിലേക്ക് രണ്ട് പ്രധാന മുന്നണികളും തമ്മിലുള്ള വോട്ട് വ്യത്യാസം ഉയരുന്നത് ഇതാദ്യം. പഴുതടച്ചുള്ള സംഘടനാസംവിധാനവും ചിട്ടയായ പ്രവർത്തനവും വഴി പ്രചാരണവേളയിലുണ്ടാക്കിയെടുത്ത മേൽക്കൈ ഒട്ടും തിരഞ്ഞെടുപ്പ്ഫലത്തിൽ പ്രതിഫലിക്കാതിരുന്നത് ഒട്ടൊന്നുമല്ല ഇടതുപക്ഷത്തെ കുഴക്കുന്നത്. ജനവികാരം മനസിലാക്കാനാവാത്ത നിലയിലേക്ക് പാർട്ടിയും ജനങ്ങളും തമ്മിലുള്ള അകലം കൂടുന്നോയെന്ന സന്ദേഹം സൃഷ്ടിക്കുന്നതാണ് ഫലം. വോട്ടെടുപ്പിന് ശേഷം ചേർന്ന സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ താഴേതട്ട് മുതൽ ശേഖരിച്ച കണക്കുവച്ച് പ്രവചിച്ചത് 11- 13 വരെ സീറ്റുകളാണ്.
ശബരിമല പ്രശ്നം
വോട്ട് ചോർത്തി
നിശബ്ദമായ അടിയൊഴുക്കുകൾ ഇടത് വോട്ട്ബാങ്കിൽ ഗണ്യമായ ചോർച്ചയുണ്ടാക്കിയതിന് പിന്നിൽ ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളാണെന്ന ചിന്ത പ്രവർത്തകർക്കിടയിൽ ശക്തമാണ്. ഭൂരിപക്ഷവോട്ടുകളിൽ വിള്ളലുണ്ടായാലും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെന്ന പോലെ ന്യൂനപക്ഷവോട്ടുകൾ ലഭിക്കുകയും ഭൂരിപക്ഷവോട്ടുകളിൽ തന്നെ ഇടതിന്റെ സ്വന്തം രാഷ്ട്രീയവോട്ടുകൾ ഉറപ്പിച്ചുനിറുത്തുകയും ചെയ്യുക വഴി നേട്ടമുണ്ടാക്കാമെന്ന കണക്കുകൂട്ടലാണ് പിഴച്ചത്. സംസ്ഥാനസർക്കാരിനെതിരായ വികാരം കൂടിയാണ് പ്രതിഫലിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിക്കുന്നത് ഓരോ സ്ഥാനാർത്ഥിയുടെയും വിജയത്തിലുണ്ടായ തിളക്കം കൂടിയതു കൊണ്ടാണ്. ശബരിമലയ്ക്കപ്പുറത്ത് പ്രളയം മനുഷ്യനിർമ്മിതമാണെന്ന തരത്തിൽ തിരഞ്ഞെടുപ്പ്കാലത്തുണ്ടായ പ്രചാരണവും സർക്കാർവിരുദ്ധ വികാരത്തിൽ സ്വാധീനം ചെലുത്തിയെന്ന സൂചനകളുണ്ട്.
ബി.ജെ.പിക്ക്
15.57 ശതമാനം
ബി.ജെ.പി വോട്ട്നിലയിൽ ഒരു ശതമാനത്തോളം വർദ്ധന മാത്രമാണ് 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് സംഭവിച്ചിരിക്കുന്നത്. 2016ൽ 14.65 ശതമാനമായിരുന്നതാണ് ഇക്കുറി 15.57 ശതമാനമായത്. ശബരിമലവിഷയം അവരെ കാര്യമായി തുണച്ചില്ലെന്ന് സൂചിപ്പിക്കുന്നതാണിത്. അഖിലേന്ത്യാതലത്തിലെ മോദിവിരുദ്ധവികാരം യു.ഡി.എഫിന് തീർത്തും അനുകൂലമായി മാറിയതിന് രാഹുൽഇഫക്ട് തന്നെയാണ് വലിയ സ്വാധീനഘടകമായത്. ന്യൂനപക്ഷവോട്ടുകളപ്പാടെ യു.ഡി.എഫിലേക്ക് ചേക്കേറി.
വോട്ട് ശതമാനം:
2009: യു.ഡി.എഫ്- 47.73
എൽ.ഡി.എഫ്- 41.89
എൻ.ഡി.എ- 6.43
2014:
യു.ഡി.എഫ്- 42.08
എൽ.ഡി.എഫ്- 40.23
എൻ.ഡി.എ- 10.84