തിരുവനന്തപുരം: കെ. മുരളീധരൻ വടകരയിൽ നിന്ന് ലോക്‌സഭയിലേക്ക് പോകുന്നതോടെ ഒഴിവ് വരുന്ന
വട്ടിയൂർക്കാവ് നിയമസഭാ സീറ്ര് വീണ്ടും കേരളത്തിന്റെ ശ്രദ്ധാകേന്ദ്രമാകുന്നു. ആറ് മാസത്തിനകം സംസ്ഥാനത്തെ മറ്റ് അഞ്ച് നിയമസഭാ സീറ്രുകൾക്കൊപ്പം നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ ശക്തമായ ത്രികോണപ്പോരിന് വട്ടിയൂർക്കാവ് വേദിയാകും.
തിരുവനന്തപുരം നോർത്തായിരുന്ന മണ്ഡലം വട്ടിയൂർക്കാവായ ശേഷം 2011ലും 2016ലും നടന്ന തിരഞ്ഞെടുപ്പുകളിൽ കെ. മുരളീധരൻ വ്യക്തമായ ആധിപത്യം ഉറപ്പിച്ചിരുന്നു. അതിനാൽ മുരളീധരനെപ്പോലെ വ്യക്തിപ്രഭാവമുള്ള സ്ഥാനാർത്ഥിയിലൂടെ സീറ്റ് നിലനിറുത്തുക കോൺഗ്രസിനും യു.ഡി.എഫിനും അഭിമാന പ്രശ്നമാണ്. 2014ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് മത്സരിച്ച ബി.ജെ.പി നേതാവ് ഒ. രാജഗോപാൽ ഒന്നാം സ്ഥാനത്തെത്തിയ തലസ്ഥാനത്തെ നാല് നിയമസഭാ മണ്ഡലങ്ങളിലൊന്നാണ് വട്ടിയൂർക്കാവ്. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ഈ പാർലമെന്റ് തിരഞ്ഞെടുപ്പിലും വട്ടിയൂർക്കാവിൽ എൽ.ഡി.എഫിനെ പിന്തള്ളി ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരൻ രണ്ടാം സ്ഥാനം ഉറപ്പിച്ചു. ഇതാണ് ബി.ജെ.പിയെ മോഹിപ്പിക്കുന്നത്. നേമത്ത് അക്കൗണ്ട് തുറന്ന ബി.ജെ.പി കരുത്തനായ പോരാളിയിലൂടെ വട്ടിയൂർക്കാവും പിടിക്കാനുള്ള ഒരുക്കത്തിലാണ്. വിശേഷിച്ച് പാർലമെന്റ് തിരഞ്ഞെടുപ്പിൽ കേരളത്തിൽ പാർട്ടിയുടെ മുഖം നഷ്ടപ്പെട്ട പശ്ചാത്തലത്തിൽ.
അതേസമയം കഴിഞ്ഞ മൂന്ന് പൊതു തിരഞ്ഞെടുപ്പിലും ഇവിടെ മൂന്നാം സ്ഥാനത്തായതിന്റെ നാണക്കേട് മാറ്രാനും പഴയ തിരുവനന്തപുരം നോർത്തിലെ വിജയഗാഥകൾ ആവർത്തിക്കാനും സി.പി.എമ്മും എൽ.ഡി.എഫും വീറുറ്റ പോരാട്ടം കാഴ്ച വയ്‌ക്കുമെന്നുറപ്പ്. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ പടിവാതിൽക്കൽ നിൽക്കെ മുന്നണിയുടെയും അണികളുടെയും ആത്മവീര്യം കാക്കാൻ ഉപതിരഞ്ഞെടുപ്പ് വിജയം അനിവാര്യവുമാണ്.
ഒരുക്കങ്ങളും അഭ്യൂഹങ്ങളും
വട്ടിയൂർക്കാവിലെ അങ്കത്തിനായി മുന്നണികൾ മാനസിക തയ്യാറെടുപ്പ് തുടങ്ങിക്കഴിഞ്ഞു. ഒപ്പം സ്ഥാനാർത്ഥികളെക്കുറിച്ചുള്ള അഭ്യൂഹങ്ങളും. കെ. മുരളീധരന്റെ കോട്ട നിലനിറുത്താൻ കെൽപ്പുള്ളവരായി അര ഡസനിലേറെ കോൺഗ്രസ് നേതാക്കളുടെ പേരാണ് പരക്കുന്നത്. കെ.പി.സി.സി ജനറൽ സെക്രട്ടറി തമ്പാനൂർ രവി, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്രിൻകര സനൽ, എ.ഐ..സി.സി സെക്രട്ടറി പി.സി. വിഷ്ണുനാഥ്, സംസ്ഥാന മനുഷ്യാവകാശ കമ്മിഷനംഗം അഡ്വ. കെ. മോഹൻ കുമാർ, പത്മജ വേണുഗോപാൽ തുടങ്ങിയവർ ഇതിൽപ്പെടും. ഒപ്പം എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ പേരും കേൾക്കുന്നുണ്ട്.
കോൺഗ്രസിന് ദേശീയ തലത്തിൽ നേരിട്ട തിരിച്ചടിയുടെ പേരിൽ നേതൃത്വത്തിനെതിരെ ഉയരുന്ന വിമർശനങ്ങളിൽ നിന്ന് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയായ കെ.സി. വേണുഗോപാലിന് ഒഴിയാനാവില്ലെന്നും പാർലമെന്റംഗത്വം കൂടി ഒഴിയുന്ന സാഹര്യത്തിൽ അദ്ദേഹം കേരള രാഷ്ട്രീയത്തിൽ വീണ്ടും സജിവമായേക്കുമെന്നുമാണ് പാർട്ടിയിലെ ചിലരുടെ വാദം. കുമ്മനം രാജശേഖരൻ, സുരേഷ് ഗോപി തുടങ്ങിയവരുടെ പേരുകളാണ് ബി.ജെ.പിയിൽ നിന്ന് പ്രധാനമായും പ്രചരിപ്പിക്കപ്പെടുന്നത്. മുൻ സ്‌പീക്കർ എം. വിജയകുമാർ, മേയർ വി.കെ. പ്രശാന്ത്, വി. ശിവൻകുട്ടി, ഐ.പി. ബിനു തുടങ്ങിയ പേരുകളാണ് സി.പി.എം പരിഗണിക്കുന്നതെന്നാണ് അഭ്യൂഹം.
വട്ടിയൂർക്കാവിൽകഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പുകളിൽ
മൂന്ന് മുന്നണികൾക്കും ലഭിച്ച വോട്ട്:
2014 ലോക് സഭ-
ഒ. രാജഗോപാൽ (ബി.ജെ.പി) - 43,589
ഡോ. ശശി തരൂർ (കോൺഗ്രസ്) - 40,663
ബെന്നറ്റ് എബ്രഹാം (സി.പി.ഐ) - 27,504
2016 നിയമസഭ
കെ. മുരളീധരൻ (കോൺഗ്രസ്) - 51322
കുമ്മനം രാജശേഖരൻ (ബി.ജെ.പി) - 43700
ടി..എൻ. സീമ (സി.പി.എം) - 40411
2019 ലോക് സഭ
ഡോ. ശശി തരൂർ (കോൺഗ്രസ്) - 53545
കുമ്മനം രാജശേഖരൻ (ബി.ജെ.പി) - 50709
സി. ദിവാകരൻ (സി.പി.ഐ) - 29414