തിരുവനന്തപുരം: ജനങ്ങളുടെ പൾസ് മനസിലാക്കി പ്രവർത്തിക്കാൻ ഇടതുപക്ഷത്തിന് കഴിയാത്തതാണ് പരാജയ കാരണമെന്ന് തിരുവനന്തപുരത്തെ ഇടത് സ്ഥാനാർത്ഥി സി. ദിവാകരൻ. ബി.ജെ.പി വോട്ടുകൾ കൂട്ടത്തോടെ മറിച്ചതുകൊണ്ടാണ് ശശി തരൂരിന് വൻ ഭൂരിപക്ഷം ലഭിച്ചത്. വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പിൽ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് കാത്തിരുന്ന് കാണാം.
ആവേശവും പ്രകടനവുമൊന്നും വോട്ടായില്ല. ജനങ്ങളുടെ പ്രതീക്ഷയ്ക്കനുസരിച്ച് ഇടതുപക്ഷത്തിന് ഉയരാനായോയെന്ന് ഇടത് മുന്നണിയും സി.പി.ഐയും പരിശോധിക്കേണ്ടതാണ്. ഈ പരാജയം സംഘടിതമായ നീക്കത്തിന്റെ ലക്ഷണങ്ങളാണ് കാണിക്കുന്നത്. രാജ്യം പോയാലും ജനാധിപത്യം തകർന്നാലും മൗലികാവകാശങ്ങൾ നഷ്ടപ്പെട്ടാലും ഇടതുപക്ഷത്തെ തോല്പിക്കണം എന്ന ലക്ഷ്യത്തോടെ സംഘടിതശ്രമം നടന്നു.
ഇടതുപക്ഷ സ്ഥാനാർത്ഥികൾ ജയിച്ച് കേന്ദ്രത്തിൽ ചെന്നാൽ ഭരണത്തിന്റെ ഭാഗമാകാനാവില്ലെന്ന് ജനങ്ങൾ കരുതി. ഇടതുപക്ഷവുമുണ്ടെങ്കിലേ ബദൽസർക്കാർ രൂപീകരിക്കാനാകൂവെന്ന് അവരെ ബോദ്ധ്യപ്പെടുത്താനായില്ല.
ശബരിമല വിഷയത്തിലെ മുഖ്യമന്ത്രിയുടെ നിലപാടാണ് തോൽവിക്ക് കാരണമെന്ന് കരുതുന്നില്ല.
പരാജയത്തിന്റെ പല കാരണങ്ങളിൽ ഒന്നതായിരിക്കാം. അതേസമയം ശബരിമല വിഷയത്തിൽ സർക്കാർ എടുത്ത നടപടികൾ സത്യസന്ധമായി ജനങ്ങളിൽ എത്തിക്കാനായോ എന്ന് പരിശോധിക്കണം. സുപ്രീംകോടതി വിധിയല്ല കേരളത്തിൽ ചർച്ച ചെയ്യപ്പെട്ടത്. സർക്കാർ മനഃപൂർവം കൊണ്ടുവന്ന വിധിയായാണ് എതിരാളികൾ പ്രചരിപ്പിച്ചത്. അതിനെ പ്രതിരോധിക്കാനായോ എന്നും പരിശോധിക്കണം. സാമൂഹ്യവിഷയങ്ങളിൽ നിന്ന് ബി.ജെ.പിയും കോൺഗ്രസും വഴിമാറി നടന്നു. ഇക്കാര്യത്തിൽ കോൺഗ്രസും ബി.ജെ.പിയും തമ്മിൽ അവിഹിത കൂട്ടുകെട്ട് ഉണ്ടായിരുന്നു- ദിവാകരൻ പറഞ്ഞു.