തിരുവനന്തപുരം: വിമാനത്താവളത്തിലെ സ്വർണക്കടത്ത് കേസുകളിൽ കാരിയർമാരെ പ്രതിയാക്കി വൻസ്രാവുകൾ രക്ഷപ്പെടുകയായിരുന്നു പതിവ്. എന്നാൽ 25 കിലോ സ്വർണം പിടിച്ച കേസിൽ കസ്റ്റംസ് സൂപ്രണ്ടടക്കം അഞ്ചുപേരെയാണ് ഡി.ആർ.ഐ പിടികൂടിയത്. ആസൂത്രകരായ രണ്ട് അഭിഭാഷകരടക്കം നാലുപേരെയും കാരിയർമാരായ 12 സ്ത്രീകളെയും പ്രതിയാക്കി സ്വർണക്കടത്തിന്റെ മുനയൊടിക്കാനാണ് ഡി.ആർ.ഐ ശ്രമം. പുതുതായി രൂപപ്പെട്ട തിരുവനന്തപുരത്തുകാരായ കടത്തു സംഘമാണ് പിടിയിലായത്. ഇവർ വൻതോതിൽ ബിനാമി സ്വത്തുക്കൾ വാങ്ങിക്കൂട്ടിയെന്നും ഡി.ആർ.ഐ പറയുന്നു.
സുരക്ഷാപ്പിഴവുകൾ മുതലെടുത്ത് ശുചീകരണത്തൊഴിലാളികൾ മുതൽ കസ്റ്റംസ് ഉന്നതർ വരെയുള്ളവരുടെ സഹായത്തോടെയാണ് സ്വർണക്കടത്ത്. വിമാനത്താവള ജീവനക്കാരെ ഉപയോഗിച്ചുള്ള കടത്ത് തുടർച്ചയായി പാളിയപ്പോഴാണ് ഉന്നതരുടെ സഹായം തേടിയത്.
യാതൊരു നിരീക്ഷണവുമില്ലാത്ത എയ്‌റോ ബ്രിഡ്‌ജുകളിൽ നിന്ന് എമിഗ്രേഷൻ കൗണ്ടർ വരെയുള്ള ഇടനാഴിയിൽ ആർക്കുവേണമെങ്കിലും സ്വർണം കൈമാറാം. കാമറയുണ്ടെങ്കിലും എമിഗ്രേഷന് ശേഷമെത്തുന്ന കസ്റ്റംസ് ക്ലിയറൻസ് ഹാളിൽ തൂണുകളുടെ മറവിൽ സ്വർണം കൈമാറും. പരിശോധന കടുപ്പമാണെങ്കിൽ സ്വർണം ടോയ്‌ലറ്റുകളിലുപേക്ഷിക്കും. കസ്റ്റംസ് ഉന്നതരുടെ സഹായം കിട്ടിയതോടെ 25 കിലോഗ്രാം സ്വർണം വരെ ബാറുകളാക്കി ഹാൻഡ് ബാഗിൽ കൊണ്ടുവന്നുതുടങ്ങി. സുന്ദരികളായ യുവതികളാണ് സ്വർണം കടത്തുന്നത്. ദുബായിൽ ബ്യൂട്ടിപാർലറിൽ ജോലിക്ക് പോകുന്ന ഇവർ സ്വർണവുമായാണ് മടങ്ങുന്നത്. സംശയമില്ലെങ്കിൽ വനിതാ യാത്രക്കാരെയോ അവരുടെ ഹാൻഡ് ബാഗോ കസ്റ്റംസ് പരിശോധിക്കാറില്ല. ഡെപ്യൂട്ടി കമ്മിഷണറടക്കം ആറ് വനിതകൾ കസ്റ്റംസ് യൂണിറ്റിലുണ്ട്. നാലുപേർ പരിശോധനയ്‌ക്കായുമുണ്ട്. ഇവർ ഡ്യൂട്ടിക്കില്ലാത്ത സമയം കസ്റ്റംസുകാർ കള്ളക്കടത്തുകാർക്ക് ചോർത്തും. ഈ സമയത്തുള്ള വിമാനങ്ങളിലാണ് കാരിയർമാരെത്തുക.
25 കിലോ സ്വർണവുമായെത്തിയ സെറീനയെ പിടികൂടിയപ്പോഴും കസ്റ്റംസിൽ വനിതാ ഉദ്യോഗസ്ഥരുണ്ടായിരുന്നില്ല. എമിഗ്രേഷനിലെ വനിതാ ജീവനക്കാരിയാണ് ഇവരുടെ ദേഹപരിശോധന നടത്തിയത്. സ്ത്രീകൾക്കൊപ്പം പൈലറ്റ് കാരിയർമാരായി പുരുഷന്മാരുമുണ്ടാകും. പിടിക്കപ്പെടുന്ന സാഹചര്യമുണ്ടായാൽ സ്വർണം പൈലറ്റ് കാരിയർക്ക് കൈമാറി സ്ത്രീകൾ രക്ഷപ്പെടും.
കസ്റ്റംസിലെ ഒരു ഉദ്യോഗസ്ഥൻ മാത്രമല്ല സ്വർണക്കടത്ത് കണ്ണിയിലുള്ളതെന്ന് ഡി.ആർ.ഐ പറയുന്നു. നിരവധി ഉദ്യോഗസ്ഥരുടെ ഫോൺ പിടിച്ചെടുത്ത് സി - ഡാക്കിൽ പരിശോധിക്കുകയാണ്. റിപ്പോർട്ട് ലഭിച്ചാൽ കൂടുതൽ അറസ്റ്റുണ്ടാവുമെന്നും ഡി.ആർ.ഐ വ്യക്തമാക്കി. ഒളിവിലുള്ള സൂത്രധാരൻ അഡ്വ. ബിജുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. ബിജു ഇന്ന് കീഴടങ്ങുമെന്നാണ് പ്രതീക്ഷ. ഇയാളെ കിട്ടിയാൽ സ്വർണം വാങ്ങുന്ന വൻകിട ജുവലറിക്കാരിലേക്കും അന്വേഷണമെത്തും.