ചെന്നൈ: തമിഴകത്ത് കലൈഞ്ജർ കരുണാനിധിയും പുരുട്ചി തലൈവി ജയലളിതയുമില്ലാത്ത ആദ്യ തിരഞ്ഞെടുപ്പിൽ നായകനായി തിളങ്ങിയത് ഒരാൾ മാത്രം- എം.കെ. സ്റ്റാലിൻ. തിരഞ്ഞെടുപ്പു നടന്ന 38 സീറ്റിൽ ഒന്നൊഴികെ എല്ലാം സ്വന്തമാക്കി ദളപതി വീരനായകനായി. . സ്റ്റാലിൻ വീതം വച്ചു നൽകിയ രണ്ടു സീറ്റുകൾ വീതം ജയിച്ചതുകൊണ്ടു മാത്രം കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് അഞ്ച് അംഗങ്ങളെങ്കിലും പാർലമെന്റിൽ ലഭിക്കുകയും ചെയ്‌തു.
പാർട്ടിക്കുള്ളിൽ സർവസമ്മതനെങ്കിലും ഒറ്റയ്‌ക്ക് തിരഞ്ഞെടുപ്പു ജയിക്കാനുള്ള സ്റ്റാലിന്റെ ശേഷിയെക്കുറിച്ച് പലരും സംശയമുന്നയിച്ചിരുന്നു. തകർപ്പൻ പ്രകടനത്തിലൂടെ എം.കെ.സ്റ്റാലിൻ എല്ലാ സംശയങ്ങൾക്കും മറുപടി നൽകി. ലോക്‌സഭയാ ജയം നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിൽ ആവർത്തിക്കാനാവാത്തതിന്റെ നിരാശയുണ്ടെങ്കിലും തമിഴകത്തിന്റെ മുഖ്യമന്ത്രിക്കസേര ദളപതിയുടെ കയ്യെത്തും ദൂരത്തെന്നാണ് അണികളുടെ വിശ്വാസം. പ്രതിപക്ഷ കൂട്ടായ്‌മ എങ്ങനെ പ്രവർത്തിക്കണമെന്ന് സ്റ്റാലിൻ തമിഴ്നാട്ടിലൂടെ രാജ്യത്തിന് കാണിച്ചുകൊടുത്തു.
2014 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അണ്ണാ ഡി.എം.കെ സഖ്യത്തിലെ കക്ഷികൾക്കെല്ലാം കൂടി 60 ശതമാനത്തിലേറെ വോട്ടുണ്ടായിരുന്നു. ഇതു മറികടക്കാൻ ഓരോ കക്ഷിക്കും പരമാവധി സീറ്റുകൾ വിട്ടു നൽകി. തമിഴ്നാട്ടിലെ ജനവികാരം മനസ്സിലാക്കി, കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടി. 2004-ൽ തമിഴ്നാട്ടിലെ എല്ലാ സീറ്റുകളും ഡി.എം.കെ തൂത്തുവാരിയിരുന്നു. ഇത്തവണ കൈവിട്ടത് തേനി മാത്രം. വെല്ലൂരിൽ തിരഞ്ഞടുപ്പ് മാറ്റിവച്ചിരിക്കുകയുമാണ്.
ഗ്രാമസഭകൾ, പൊതുസമ്മേളനങ്ങൾ, വീടുകളും മാർക്കറ്റും സന്ദർശിച്ചുള്ള ചെറുകൂട്ടങ്ങൾ, പുതു തലമുറയ്‌ക്കൊപ്പം സെൽഫി.... അങ്ങനെ പ്രചാരണത്തിലേക്ക് എല്ലാ വിഭാഗങ്ങളെയും സ്റ്റാലിൻ ആകർഷിച്ചു. അഞ്ചു പവൻ വരെയുള്ള സ്വർണ വായ്പ എഴുതിത്തള്ളുമെന്നത് ഉൾപ്പെടെ വോട്ടർമാരുടെ മനസ്സറിഞ്ഞ പ്രഖ്യാപനങ്ങളുമുണ്ടായി. സഹോദരൻ അഴഗിരി പരസ്യമായി എതിരെ പ്രവർത്തിക്കാത്തതും സ്റ്റാലിന് തുണയായി.