kerala-election-cpm
kerala election cpm

പരമ്പരാഗതവോട്ടുകളിൽ നഷ്ടമുണ്ടായി

വലതുപക്ഷ ശക്തികൾ വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ചു

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ഇടതുമുന്നണിയുടെ കനത്ത തോൽവിക്ക് ശബരിമല വിവാദവും കാരണമായെന്ന് സി.പി.എം സമ്മതിക്കുന്നു. ശബരിമല വിവാദത്തിൽ ഇടതുപക്ഷത്തിന്റെ പരമ്പരാഗത വോട്ടുകൾ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് ഇന്നലെ ചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ നിഗമനം. യോഗത്തിന് ശേഷം പുറപ്പെടുവിച്ച വാർത്താക്കുറിപ്പിൽ പക്ഷേ ശബരിമലയുടെ പേര് പരാമർശിച്ചിട്ടില്ല.

വോട്ടെണ്ണലിന് രണ്ട് ദിവസം മുമ്പ് നടത്തിയ വാർത്താസമ്മേളനത്തിലും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്, ശബരിമല വിഷയം തിരഞ്ഞെടുപ്പിൽ ഒരു ഘടകമായിട്ടേയില്ലെന്നായിരുന്നു. പരാജയത്തിന് ശേഷം ഈ നിലപാട് തിരുത്തുകയാണ് പാർട്ടി സെക്രട്ടേറിയറ്റ്.

എങ്കിലും ശബരിമലയിൽ യുവതീപ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി നടപ്പാക്കിയ സർക്കാർ നടപടിയിൽ അപാകതയൊന്നും പാർട്ടി കാണുന്നില്ല. വിധിയെ എതിരാളികൾ ഇടത് സർക്കാരിനെതിരായി ദുരുപയോഗം ചെയ്തെന്നാണ് വിലയിരുത്തൽ. ഇടതുപക്ഷത്തിന് സ്ഥിരമായി ലഭിച്ചിരുന്ന പരമ്പരാഗത വോട്ടുകളിലും നഷ്ടമുണ്ടായെന്നും വിശ്വാസികളിൽ ഒരു വിഭാഗത്തെ തെറ്റിദ്ധരിപ്പിക്കുന്നതിൽ വലതുപക്ഷ ശക്തികൾ വിജയിച്ചെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നതെന്നും വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ഇതിലേക്ക് നയിച്ച കാരണങ്ങൾ പാർട്ടി പ്രത്യേകം പരിശോധിക്കും.

ദേശീയ രാഷ്ട്രീയത്തിലെ കോൺഗ്രസിന്റെ സ്ഥിതിയും ഇടതുപക്ഷം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും ജനങ്ങളെ ബോദ്ധ്യപ്പെടുത്താൻ ഇടതുപക്ഷത്തിന് വേണ്ടത്ര കഴിഞ്ഞില്ലെന്ന സ്വയം വിമർശനവും സെക്രട്ടേറിയറ്റ് നടത്തുന്നു.

താത്കാലിക തിരിച്ചടി

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പരാജയം ഇടതുപക്ഷ പ്രസ്ഥാനത്തിനുണ്ടായ താത്കാലികമായ തിരിച്ചടിയാണ്. സംസ്ഥാന കമ്മിറ്റി മുതൽ ബൂത്ത് കമ്മിറ്റി വരെ പരിശോധന നടത്തി കുറവുകൾ തിരുത്തി നഷ്ടപ്പെട്ട ജനവിശ്വാസം തിരിച്ചുപിടിക്കും. ഇതിനായി എല്ലാ തലങ്ങളിലും പാർട്ടി ഒറ്റക്കെട്ടായി ശ്രമിക്കും.
ബി.ജെ.പിയെ പരാജയപ്പെടുത്തുക, മതനിരപേക്ഷ സർക്കാർ രൂപീകരിക്കുക, ഇടതുപക്ഷത്തിന്റെയും സി.പി.എമ്മിന്റെയും അംഗബലം വർദ്ധിപ്പിക്കുക എന്ന നയത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തിരഞ്ഞെടുപ്പിൽ സി.പി.എം ജനങ്ങളെ സമീപിച്ചത്. നരേന്ദ്രമോദി സർക്കാർ അധികാരത്തിൽ തുടർന്നാലുണ്ടാകന്ന അപകടം സമൂഹത്തിൽ ശരിയായി പ്രചരിപ്പിക്കുന്നതിൽ ഇടതുപക്ഷം വിജയിച്ചു.
എന്നാൽ, ഇതിന്റെ നേട്ടം യു.ഡി.എഫിനാണുണ്ടായത്. ഒരു മതനിരപേക്ഷ സർക്കാർ രൂപീകരിക്കുന്നതിന് കോൺഗ്രസിനേ കഴിയൂവെന്ന ചിന്തയിലാണ് വിവിധ ജനവിഭാഗങ്ങൾ യു.ഡി.എഫിന് അനുകൂലമായി വോട്ട് ചെയ്തത്. ദേശീയ രാഷ്ട്രീയത്തിന്റെ ഭാഗമായി സ്വീകരിച്ച ഈ സമീപനമാണ് ജനവിധിയെ സ്വാധീനിച്ച പ്രധാനഘടകമെന്നും സെക്രട്ടേറിയറ്റ് വിലയിരുത്തി.