1

വിഴിഞ്ഞം: ആഴിമലയിൽ ദുരൂഹസാഹചര്യത്തിൽ കാണാതായ യുവാവിനു വേണ്ടി തെരച്ചിൽ തുടരുന്നു. ആഴിമല കടൽത്തീരത്തുനിന്നു മൊബൈൽ ഫോണും ചെരുപ്പും കണ്ടെത്തിയതോടെയാണ് യുവാവ് കടലിൽ വീണെന്ന സംശയത്തിൽ മറെെൻ എൻഫോഴ്സ്മെന്റും തീരദേശപൊലീസും രണ്ടു ദിവസമായി തെരച്ചിൽ നടത്തുന്നത്. ആഴിമലയിലെ സ്വകാര്യ ഹോട്ടൽ വളപ്പിലെ കടയിൽ തയ്യൽ ജോലിക്കാരനായിരുന്ന കോട്ടുകാൽ ചൊവ്വര അയണി കുറ്റിവിള തത്ത്വമസിയിൽ ഷിബു (40)നെയാണ് ബുധനാഴ്ച രാത്രിയോടെ കാണാതായത്. ഷിബു ജോലിചെയ്തിരുന്ന കടയുടെ സമീപത്തെ ഹോട്ടലിലെ ജീവനക്കാരുമായി വാക്കുതർക്കം ഉണ്ടായതായി ബന്ധുക്കൾ പറയുന്നു. ഹോട്ടലിലെ തയ്യൽ ജോലി കൂടാതെ സമീപത്തുതന്നെ ഇയാൾ തയ്യൽക്കട നടത്തുന്നുണ്ട്. ഹോട്ടലിലെ ഒരു ജീവനക്കാരൻ രണ്ടു തവണ അന്വേഷിച്ചുചെന്നിരുന്നതായി കടയിലെ ജീവനക്കാരൻ അറിയിച്ചതനുസരിച്ച് ഹോട്ടൽ ജീവനക്കാരെ പൊലീസ് ചോദ്യം ചെയ്തു. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം ഊർജിതമാക്കണമെന്നുമാവശ്യപ്പെട്ട് ബന്ധുക്കൾ കമ്മിഷണർക്ക് പരാതി നൽകി. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണെന്ന് വിഴിഞ്ഞം എസ്.ഐ തൃദീപ് ചന്ദ്രൻ പറഞ്ഞു.