പലരുടെയും പ്രതീക്ഷകളെയും കണക്കുകൂട്ടലുകളെയും തകർത്താണ് നരേന്ദ്രമോദി വീണ്ടും അധികാരത്തിലേറുന്നത്. കേ
ന്ദ്രഭരണത്തിൽ തിരിച്ചുവരുമെന്ന കാര്യത്തിൽ മോദിക്കോ അമിത് ഷായ്ക്കോ ബി.ജെ.പി നേതൃത്വത്തിനോ സംശയമുണ്ടായിരുന്നില്ലെന്നത് അവരുടെ വാക്കുകളിലൂടെ വ്യക്തമായിരുന്നു. എന്നാൽ ബി.ജെ.പി കേവലഭൂരിപക്ഷം നേടില്ലെന്നും എൻ.ഡി.എയ്ക്ക് ഭൂരിപക്ഷത്തിന് 20 - 30 സീറ്ര് കുറവായിരിക്കുമെന്നും അത് നേടാൻ ജഗൻമോഹൻ റെഡ്ഢിയെയും ചന്ദ്രശേഖര റാവുവിനെയും അവർ ആശ്രയിക്കുമെന്നും പ്രതിപക്ഷത്തുള്ളവർ കരുതി . അങ്ങനെയൊരു സാഹചര്യം ഉരുത്തിരിയുകയാണെങ്കിൽ അത് തടയാനുള്ള മുന്നൊരുക്കങ്ങളും എടുത്തിരുന്നു എന്നാണ് 23 ന് വോട്ടെണ്ണൽ തുടങ്ങുന്നതിന് മിനിട്ടുകൾ മുമ്പുവരെ മാദ്ധ്യമങ്ങൾ പ്രചരിപ്പിച്ചത്. മോദി തകർത്തത് പലരുടെയും വിശ്വാസപ്രമാണങ്ങളെയാണ്. അഞ്ചുവർഷത്തെ ഭരണത്തിന് ശേഷം വീണ്ടും അധികാരത്തിൽ വന്നതോടെ പല വിശ്വാസപ്രമാണങ്ങളെയും മിത്തുകളെയും നിഗമനങ്ങളെയും മോദി തകർത്തെന്ന് പറയാം.
ഭരണവിരുദ്ധവികാരം ഒട്ടുംതന്നെ മോദിക്ക് നേരിടേണ്ടി വന്നില്ലെന്നതാണ് യാഥാർത്ഥ്യം. തന്റെ നിരവധി ജനക്ഷേമകരമായ പദ്ധതികളുമായാണ് മോദി ജനങ്ങളെ അഭിസംബോധന ചെയ്തത്. പത്തുവർഷം യു.പി.എ രാജ്യം ഭരിച്ചപ്പോൾ ലക്ഷം കോടിയുടെ അഴിമതിക്കഥകൾ മാത്രമേ കേൾക്കാറുണ്ടായിരുന്നുള്ളൂ. അഴിമതികളിൽ നിന്ന് വിമുക്തമായ , ശക്തമായ കേന്ദ്രഭരണത്തിന്റെ സാന്നിദ്ധ്യം ഇന്ത്യക്കാർ മനസിലാക്കി. ലോകത്തിന് മുന്നിൽ തങ്ങളുടെ തല ഉയർത്തിപ്പിടിച്ചു നിൽക്കാൻ വിദേശത്തുള്ള ഇന്ത്യക്കാർക്കും കഴിഞ്ഞു. ദേശീയസുരക്ഷയ്ക്ക് പ്രാധാന്യം നൽകിയ സർക്കാർ രാജ്യത്തിന്റെ അഖണ്ഡതയ്ക്കും ഉദ്ഗ്രഥനത്തിനും സുരക്ഷയ്ക്കും നേരെയുള്ള ഒരതിക്രമത്തിനോടും മുഖം തിരിഞ്ഞു നിന്നുമില്ല. ബി.ജെ.പി യുടെ പരമ്പരാഗത ശക്തികേന്ദ്രങ്ങൾക്കപ്പുറത്തേക്കും സ്വാധീനശക്തി വർദ്ധിപ്പിക്കാൻ മോദിക്ക് സാധിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ, ബംഗാൾ, ഒറീസ, ഹരിയാന എന്നിവിടങ്ങളിലേക്ക് ശക്തി വർദ്ധിപ്പിക്കാൻ സാധിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ട മദ്ധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളും തൂത്തുവാരാൻ മോദിയുടെ നേതൃത്വത്തിന് കഴിഞ്ഞു. പ്രതിപക്ഷം സഖ്യം ചേർന്ന് ബി.ജെ.പി ക്ക് തടയിടാൻ ശ്രമിച്ചപ്പോൾ യു.പിയിലും കർണാടകത്തിലും അമ്പത് ശതമാനം വോട്ട് നേടിയായിരുന്നു മോദിയുടെ മറുപടി. രാജ്യത്തെ എല്ലാഭാഗത്തും മോദിതരംഗം ആഞ്ഞുവീശിയപ്പോൾ അതിന് അപവാദമായത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളാണ് . അതിൽത്തന്നെ കർണാടകയിൽ മോദിതരംഗം വ്യാപകമായിരുന്നു. തെലങ്കാനയിലും ഒരു പരിധിവരെ അത് പ്രകടമായി. ആന്ധ്ര, തമിഴ്നാട്, കേരളം എന്നിവയാണ് ഇതിൽ നിന്ന് വ്യത്യസ്തമായി ചിന്തിച്ചത്. രാഹുൽഗാന്ധിയെ ഇന്ത്യ മുഴുവൻ തിരസ്കരിക്കുകയും നെഹ്റു കുടുംബം പരമ്പരാഗതമായി കൈവശം വച്ച അമേത്തിയിൽ പോലും രാഹുലിനെ തോല്പിച്ചപ്പോൾ കേരളം ലക്ഷങ്ങളുടെ ഭൂരിപക്ഷമാണ് അദ്ദേഹത്തിന് നൽകിയത്. കോൺഗ്രസ് നേതൃത്വത്തിലുള്ള യു.ഡി.എഫ് അഭൂതപൂർവമായ വിജയമാണ് ഇത്തവണ നേടിയത്. സി.പി.എമ്മിന്റെ പരമ്പരാഗത വോട്ട് ബാങ്കിൽ വിള്ളലുണ്ടായി . ഇതുവരെയില്ലാത്ത വിധത്തിൽ വോട്ടിംഗ് ശതമാനം കുറഞ്ഞു. തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ പരസ്യമായി വിജയപ്രതീക്ഷ പ്രകടിപ്പിക്കാതിരുന്ന കോൺഗ്രസ് നേതാവ് പോലും ഇത്തവണ ജയിച്ചു കയറി. പരസ്പരം അനുകൂലിക്കാത്ത രണ്ടു കോണുകളിൽ നിന്നുള്ള പിന്തുണയാണ് കോൺഗ്രസിനെ സഹായിച്ചതെന്ന് പറയാം. ഒന്ന് മോദിക്കെതിരായ ന്യൂനപക്ഷ കേന്ദ്രീകരണമാണ്. മോദി ന്യൂനപക്ഷങ്ങൾക്കെതിരാണ് എന്ന് വരുത്തി തീർക്കാൻ കാര്യമായി ശ്രമിച്ചത് ഇടതുപക്ഷമാണെന്ന് പറയാം. ഉത്തരേന്ത്യയിലെ ഓരോ ഒറ്രപ്പെട്ട സംഭവങ്ങളും അനുപാതത്തിന് വിരുദ്ധമായി കേരളത്തിൽ കൂലങ്കഷമായി ചർച്ച ചെയ്യപ്പെട്ടു. ഇത് ന്യൂനപക്ഷങ്ങളിൽ മോദിവിരുദ്ധത ഉണ്ടാക്കാൻ സഹായിച്ചു. രാജ്യത്തിന്റെ മറ്ര് ഭാഗങ്ങൾ മോദിയെ നിശ്ചയദാർഢ്യത്തിന്റെ പ്രതീകമായും വികസന നായകനായുമാണ് കണ്ടതെങ്കിൽ കേരളത്തിലെ ന്യൂനപക്ഷങ്ങൾക്കിടയിൽ വെറുക്കപ്പട്ടവനായി അവതരിപ്പിക്കാൻ ശ്രമം നടന്നു.
ഫലത്തിൽ വ്യത്യസ്തമായ ആവശ്യങ്ങളുടെയും താല്പര്യങ്ങളുടെയും പേരിലാണെങ്കിലും ന്യൂനപക്ഷങ്ങളുടെയും ഭൂരിപക്ഷ വിഭാഗങ്ങളുടെയും പിന്തുണയാണ് കോൺഗ്രസിന് കിട്ടിയത്. എന്നാൽ ഇവരുടെ താത്‌പര്യം സംരക്ഷിക്കാൻ വോട്ട് നേടിയവർക്ക് കഴിയുമോ എന്നതാണ് പ്രധാന പ്രശ്നം.