കാട്ടാക്കട: കാട്ടാക്കടയുടെ പ്രിയ ഗുരുനാഥൻ പ്രൊഫ. ജെ. റോസ് ചന്ദ്രൻ വിടവാങ്ങി. ദീർഘകാലം കാട്ടാക്കട ക്രിസ്ത്യൻ കോളേജ് പ്രിൻസിപ്പലായിരുന്നു. തിരുവനന്തപുരം നന്ദൻകോട് വൈ.എം.ആർ ധന്യയിൽ ആണ് അദ്ദേഹം താമസിച്ചിരുന്നത്. നാഗർ കോവിൽ സ്വദേശിയായിരുന്നു. 1970മുതൽ 1990വരെ ക്രിസ്ത്യൻ കോളേജിന്റെ പ്രിൻസിപ്പലായിരുന്നു. ഇക്കാലയളവത്രയും കോളേജ് അറിയപ്പെട്ടിരുന്നതു തന്നെ ഇദ്ദേഹത്തിന്റെ കാർക്കശ്യ പെരുമാറ്റം കൊണ്ടായിരുന്നു. വിദ്യാർത്ഥികളെ സ്നേഹിക്കുകയും അതുപോലെ തന്നെ കുട്ടികൾക്ക് പേടി സ്വപ്നവുമായിരുന്നു അദ്ദേഹം. സാറിന്റെ സാമൂഹ്യ ഇടപെടൽ കണ്ട് നെയ്യാറ്രിൻകര അസംബ്ലി മണ്ഡലത്തിലും തുരുവനന്തപുരം ലോക് സഭാമണ്ഡലത്തിലും എൽ.ഡി.എഫും യു.ഡി..എഫും മത്സരിക്കാൻ ആവശ്യപ്പെട്ടെങ്കിലും ഇദ്ദേഹം സ്നേഹപൂർവം ഓഫറുകൾ നിരസിക്കുകയായിരുന്നു.
അദ്ധ്യാപകവൃത്തി തുടങ്ങുന്നത് തിരുവനന്തപുരം എം.ജി കോളേജിലാണ്. മികച്ച ഇംഗ്ലീഷ് ഭാഷാ അദ്ധ്യാപകനായിരുന്നു ഇദ്ദേഹം. തുടർന്നാണ് കാട്ടാക്കട ക്രിസ്ത്യൻ കോളേജിൽ എത്തുന്നത്. റോസ്ചന്ദ്രൻ പ്രിൻസിപ്പലായി എത്തുമ്പോൾ പ്രീഡിഗ്രി ക്ലാസുകൾ മാത്രമാണുണ്ടായിരുന്നത്. അദ്ദേഹത്തിന്റെ ശ്രമഫലമായി ഡിഗ്രി കോഴ്സുകളും പിന്നീട് ബിരുദാനന്ദര ബിരുദ കോഴ്സുകളും കോളേജിൽ ആരംഭിച്ചത്. കോളേജിന്റെ പല വികസന പ്രവർത്തനങ്ങൾക്കും ചുക്കാൻപിടിക്കാൻ അദ്ദേഹത്തിനായി. സർവീസിൽ നിന്ന് വിരമിച്ച അദ്ദേഹം വളരെ നാളായി വാർദ്ധക്യ സഹജമായ അസുഖം കാരണം വിശ്രമത്തിലായിരുന്നു.