തിരുവനന്തപുരം : നഗരത്തിൽ ഇന്നലെ മണിക്കൂറുകളോളം തകർത്തുപെയ്ത വേനൽ മഴയിൽ താഴ്ന്ന സ്ഥലങ്ങൾ വെള്ളത്തിനടിയിലായി. നിരവധി സ്ഥലങ്ങളിൽ മരങ്ങൾ കടപുഴകിയത് മണിക്കൂറുകളോളം പലയിടത്തും ഗതാഗത തടസമുണ്ടാക്കി. ഇന്നലെ വൈകിട്ട് മൂന്നരയോടെ പെയ്തു തുടങ്ങിയ മഴ രാത്രിയും തുടർന്നു. ശക്തമായ ഇടിയും മിന്നലുമുണ്ടായി. ചിലയിടങ്ങളിൽ മതിലുകൾ ഇടിഞ്ഞുവീണു. പലേടത്തും വൈദ്യുതി പോസ്റ്റുകൾ തകർന്നത് വൈദ്യുതി ബന്ധം തകരാറിലായി. വെട്ടുകാട് ഭാഗത്തെ ഒരു ട്രാൻസ്ഫോർമർ പൊട്ടിതെറിച്ചു. കരിക്കകം പെട്രോൾ പമ്പിന് സമീപത്തെ ഒരു തെങ്ങ് ഇടിമിന്നലിൽ കത്തി. കവടിയാർ, ചാക്ക, പേട്ട, സ്റ്റാച്യു, തമ്പാനൂർ തുടങ്ങിയ സ്ഥലങ്ങളിൽ റോഡ് വെള്ളത്തിലായി. മുട്ടട, വയലിക്കട, അമ്പലംമുക്ക് ഭാഗങ്ങളിലും വെള്ളം കയറി. മുട്ടട സന്തോഷ് നഗറിൽ മതിൽ ഇടിഞ്ഞു വീണു ഒരാൾക്ക് പരിക്കേറ്റു. പാച്ചല്ലൂർ ഭാഗത്തെ ഉയർന്ന സ്ഥലത്തെ മണ്ണിടിഞ്ഞു വീണു. വിഴിഞ്ഞം വെള്ളാർ ഭാഗത്തെ താഴ്ന്ന സ്ഥലങ്ങളിൽ വെള്ളം കയറി. വിഴിഞ്ഞം അടിമലതുറ തുടങ്ങിയ തീരദേശ മേഖലയിലും വെള്ളം കയറി. വേളി വലിയതുറ മേഖലയിൽ ശക്തമായ കാറ്റും ഉണ്ടായി. ഇവിടെ കടൽക്ഷോഭവും ഉണ്ടായി.
കടലിൽ വാട്ടർസ്പോർട്ട് പ്രതിഭാസം
വലിയതുറയിൽ കടലിൽ വാട്ടർസ്പോർട്ട് പ്രതിഭാസമുണ്ടായി. കടലിൽ അന്തരീക്ഷ മർദ്ദത്തിന്റെ ഏറ്റക്കുറച്ചിലിന് അനുസരിച്ചാണ് ഈ പ്രതിഭാസം ദൃശ്യമാകാറുള്ളത്. ഇടിമിന്നൽ വരുമ്പോൾ രണ്ട് മേഘങ്ങൾ തമ്മിലുണ്ടാകുന്ന മർദ്ദ വ്യതിയാനം മൂലമാണ് ഇതുണ്ടാകുന്നത്. മുമ്പ് ഓഖി ചുഴലിക്കാറ്റ് കേരള തീരത്ത് സംഭവിക്കുന്നതിന് തൊട്ടുമുമ്പും സമാനമായ രീതിയിൽ പ്രതിഭാസം കണ്ടിയി. കായലിലും കടലിലും കാണുന്ന ഇത്തരം പ്രതിഭാസങ്ങൾക്ക് ചുഴലിക്കാറ്റുമായി യാതൊരു ബന്ധവുമില്ലത്രെ.