എസ്.പി ഷാജഹാനും എഴുന്നേറ്റു.
''ആദിൽ.... നീ രക്ഷപ്പെടാം എന്നു കരുതണ്ടാ." അയാൾ അലിയാർക്ക് നിർദ്ദേശം നൽകി. ''അവനെ പുറത്തുവിടരുത്."
ഇപ്പോൾ രക്ഷപ്പെട്ടില്ലെങ്കിൽ പിന്നീടൊരിക്കലും തനിക്ക് രക്ഷപെടാനാവില്ല. ആദിൽനാഥിന് അത് ഉറപ്പായിരുന്നു.
ഞൊടിയിടയിൽ അയാൾ തന്റെ റിവോൾവർ വലിച്ചെടുത്തു.
അത് സി.ഐ അലിയാർക്കും എസ്.പി ഷാജഹാനും നേരെ മാറി മാറി ചൂണ്ടി.
''എനിക്ക് പോകണം. തടയരുത്. അള മുറ്റി നിൽക്കുകയാ ഞാൻ. കൊല്ലാനും ചാവാനും എനിക്ക് മടിയില്ല...."
പോലീസുകാർ ആകെ വിരണ്ട് മുഖാമുഖം നോക്കി.
ആദിൽനാഥ് ചീറി:
''കൊല്ലാൻ യാതൊരു മടിയുമില്ലാത്തവനാണ് ഞാൻ. അലിയാരേ... മാറി നിൽക്കെടാ അങ്ങോട്ട്. അല്ലെങ്കിൽ നിന്റെ ശവത്തിനു പുറത്തു കൂടി ഞാൻ പോകും."
അലിയാർ, ആദിൽനാഥിന്റെ കണ്ണുകളിലേക്കു സൂക്ഷിച്ചു നോക്കി. കൊല്ലാൻ വെമ്പി നിൽക്കുന്ന ഒരു ഹിംസ്രമൃഗത്തിന്റെ ഭാവം!
''എന്നെ കൊന്നിട്ട് സാറ് ഒരുപക്ഷേ ഇവിടെന്നു പോകുമായിരിക്കും. പക്ഷേ ഈ സംസ്ഥാനത്തു നിന്ന് രക്ഷപെടില്ലല്ലോ... ഇവിടത്തെ നിയമത്തിൽ നിന്ന് രക്ഷപെടില്ലല്ലോ.."
''നിയമം. ഫൂ....!"
ആദിൽനാഥ് കാറിത്തുപ്പി:
''എന്റെ നിയമങ്ങൾ തീരുമാനിക്കുന്നത് ഞാനാ. അതിനെനിക്ക് നിന്റെയൊന്നും മുന്നറിയിപ്പു വേണ്ടാ." അയാൾ ഒരു ചുവട് മുന്നോട്ടുവച്ചു. ''മാറെടാ."
റിവോൾവറിന്റെ ട്രിഗറിലിരുന്ന് ആദിൽനാഥിന്റെ വിരൽ ഒന്നനങ്ങി.
''ആദിലേ... നോ.." പിന്നിൽ നിന്ന് എസ്.പി ഷാജഹാൻ പറഞ്ഞത് അയാൾ ചെവിക്കൊണ്ടില്ല.
അടുത്ത നിമിഷം അലിയാർ, എസ്.പിയെ നോക്കി പറഞ്ഞു.
''സാറേ.. കൊല്ലരുത്."
ആദിൽനാഥ് അറിയാതെ തിരിഞ്ഞ് എസ്.പിക്കു നേരെ നോക്കി.
അത്രയും സമയം മതിയായിരുന്നു അലിയാർക്ക്.
മിന്നൽ വേഗത്തിൽ അയാൾ ഡിവൈ.എസ്.പിയുടെ കയ്യിൽ കടന്നുപിടിച്ചു.
നിലമ്പൂർ പോലീസ് സ്റ്റേഷനെ നടുക്കിക്കൊണ്ട് ഒരു വെടിയൊച്ച ഉയർന്നു.
മൂളിപ്പറന്ന ബുള്ളറ്റ് സ്റ്റേഷന്റെ മുകൾത്തട്ടിൽ തറച്ചു. കുറെ സിമന്റ് അടർന്നുവീണു....
ആ സെക്കന്റിൽ ഷാജഹാൻ തന്റെ റിവോൾവർ എടുത്ത് ആദിൽനാഥിന്റെ പിൻകഴുത്തിൽ കുത്തി.
''നീ ഞങ്ങളെ കൊല്ലാൻ ശ്രമിച്ചതിന്റെ തെളിവാണ് മച്ചിൽ തറഞ്ഞിരിക്കുന്ന ബുള്ളറ്റ്. നിന്റെ റിവോൾവറിലെ ബുള്ളറ്റ്! ആ സമയം എനിക്ക് നിന്നെ വെടിവയ്‌ക്കേണ്ടിവന്നു. കൊണ്ടത് നിന്റെ കഴുത്തിൽ. എഫ്.ഐ.ആർ അങ്ങനെയേ വരൂ... അല്ലെങ്കിൽ വിടെടാ നിന്റെ റിവോൾവറിൽ നിന്ന് പിടി."
ആദിൽനാഥ് ശരിക്കും പതറി. വൃത്തത്തിൽ ഒരു തണുപ്പ് തന്റെ കഴുത്തിൽ അമർന്നിരിക്കുന്നത് അയാൾ അറിഞ്ഞു...
അറിയാതെ ആദിൽനാഥിന്റെ പിടി അയഞ്ഞു.
റിവോൾവർ അലിയാരുടെ കയ്യിലായി.
ഷാജഹാൻ ബലമായി ഡിവൈ.എസ്.പിയുടെ കൈകൾ പിന്നിലേക്കു പിടിച്ചുതിരിച്ചു.
''ഹാന്റ് കഫ് കൊണ്ടുവാ..." ആരോടെന്നില്ലാതെ പറഞ്ഞു.
സിവിൽ പോലീസ് ഓഫീസർ ഗംഗാധരൻ ഓടിപ്പോയി വിലങ്ങ് കൊണ്ടുവന്നു.
പിന്നിലേക്കു തിരിച്ച നിലയിൽത്തന്നെ ആദിൽനാഥിനെ വിലങ്ങുവച്ചു...
''അലിയാരേ.. നീ കാതേൽ നുള്ളിക്കോടാ. എന്നെ വിലങ്ങുവച്ച നിന്റെയീ കൈകൾ ഉണ്ടല്ലോ. അതവിടെ കാണത്തില്ല."
ആദിൽനാഥ് അലറി.
ഷാജഹാൻ അയാളെ പിടിച്ചുതിരിച്ചു. പിന്നെ കൈ വീശി ആ കവിളടക്കം ഒന്നു പൊട്ടിച്ചു.
''ഇത്രയുമെങ്കിലും നിനക്ക് തന്നില്ലെങ്കിൽ എനിക്ക് ഉറക്കം വരില്ല.."
ആദിൽനാഥിനെ എസ്.പി ഒരു കസേരയിലേക്കു തള്ളി. വീഴും പോലെ അയാൾ ഇരുന്നു. പകയോടെ...
സ്റ്റേഷനുള്ളിൽ വെടിയൊച്ച കേട്ടതോടെ മീഡിയക്കാർ അകത്തേക്കു തള്ളിക്കയറാൻ ശ്രമിച്ചു. എന്നാൽ ഗേറ്റിൽ നിന്ന പോലീസുകാർ സമ്മതിച്ചില്ല...
എസ്.പി അപ്പോൾത്തന്നെ വിവരം ഐ.ജിയെ അറിയിച്ചു. ശേഷം അലിയാരെ അടുത്തുവിളിച്ചു.
''കൊലപാതകം നടക്കുന്ന സമയത്ത് ഇവിടെയുണ്ടായിരുന്നവരുടെ ലിസ്റ്റ് താ."
അലിയാർ, എസ്.ഐ ധനപാലനും അഞ്ച് പോലീസുകാരും അടക്കമുള്ളവരുടെ ലിസ്റ്റ് എസ്.പിക്കു കൈമാറി.
പത്ത് മിനിട്ട്.
നിലമ്പൂർ പോലീസ് സ്റ്റേഷനിലേക്ക് ഐ.ജിയുടെ മെയിൽ വന്നു.
ഗംഗാധരൻ അതിന്റെ പ്രിന്റ് എടുത്ത് എസ്.പിയെ ഏൽപ്പിച്ചു.
ഡിവൈ.എസ്.പിക്കും, എസ്.ഐയ്ക്കും ലിസ്റ്റിലുള്ള പോലീസുകാർക്കും സസ്പെൻഷൻ ഓർഡർ. ഒപ്പം ആദിൽനാഥിനെ കസ്റ്റഡിയിൽ എടുക്കാൻ ഐജി, എസ്.പിയോടു നിർദ്ദേശിച്ചു.
തുടർന്ന് എസ്.പി മീഡിയക്കാരെ വിളിച്ച് കാര്യങ്ങൾ തുറന്നു പറഞ്ഞു. കൊലപാതക രംഗം കാണിച്ചുകൊടുത്തു.
പിന്നെ എസ്.പിയുടെ നിർദ്ദേശാനുസരണം ആദിൽനാഥിനെ അലിയാരും ഗംഗാധരനും ചേർന്ന് ജീപ്പിൽ കയറ്റി.
മജിസ്ട്രേട്ടിന്റെ മുന്നിലേക്ക്...
മജിസ്ട്രേറ്റ്, ആദിൽനാഥിനെ പതിനാലു ദിവസത്തേക്ക് റിമാന്റ് ചെയ്യാൻ ഉത്തരവായി...
(തുടരും)