ഡിവൈ.എസ്.പി ആദിൽനാഥിനെ സബ് ജയിലിൽ എത്തിച്ച ശേഷം സി.ഐ അലിയാർ സ്റ്റേഷനിൽ വരുമ്പോൾ നേരം സന്ധ്യ കഴിഞ്ഞു.
അപ്പോൾ അവിടെ അയാളെ കാത്ത് ചിലർ ഉണ്ടായിരുന്നു.
പാഞ്ചാലിയുടെ അച്ഛൻ രാമഭദ്രന്റെ സഹോദരങ്ങൾ...
അനന്തഭദ്രനും ബലഭദ്രനും.
സി.ഐയ്ക്ക് അവരെ നേരത്തെ അറിയാം.
അയാൾ ഇരുവരെയും തന്റെ ക്യാബിനിലേക്കു വിളിച്ചിരുത്തി.
''സാർ... എന്തു സഹായം വേണമെങ്കിലും ഞങ്ങളുടെ ഭാഗത്തു നിന്നുണ്ടാകും. ഞങ്ങടെ കുഞ്ഞിനെ കത്തിച്ചുകൊന്ന ഒരുത്തനും രക്ഷപ്പെടരുത്."
ബലഭദ്രൻ വാശിയോടെ പറഞ്ഞു :
''അങ്ങനെ വന്നാൽ ഞങ്ങൾക്ക് നിയമം കൈയ്യിലെടുക്കേണ്ടിവരും."
അലിയാർ പുഞ്ചിരിച്ചു.
''അതിനൊന്നും നിൽക്കണ്ട ബലഭദ്രാ... കുറ്റവാളികളെ മുഴുവൻ ഞാൻ അകത്താക്കിയിരിക്കും. രക്ഷപ്പെട്ട് പോകാൻ കഴിയാത്ത വിധത്തിൽ..."
അയാൾ ഉറപ്പു നൽകി.
''ഞങ്ങൾക്ക് സാറിനെ വിശ്വാസമാ..." അനന്തഭദ്രനും പറഞ്ഞു.
കുറച്ചുനേരം കൂടി അവർ സംസാരിച്ചിരുന്നു.
പോകാൻ നേരം ബലഭദ്രൻ തിരക്കി.
'പാഞ്ചാലി മോളുടെ ബോഡി... അതേക്കുറിച്ചുള്ള അന്വേഷണം മതിയാക്കിയോ സാർ?"
'ഒരിക്കലുമില്ല. പക്ഷേ ആഢ്യൻപാറയിലെ പാറക്കെട്ടുകളുടെ സ്ഥിതി അറിയാമല്ലോ... പാറയിൽത്തന്നെ കിണറു പോലെയുള്ള ഗർത്തങ്ങളുണ്ട്. പോരെങ്കിൽ വെള്ളം കൂടുതലും. ഏതായാലും ഞങ്ങൾ അത് കണ്ടുപിടിക്കും. പക്ഷേ കൃത്യമായി ഒരു സമയം പറയാൻ മാത്രം ബുദ്ധിമുട്ടാണ്."
ബലഭദ്രൻ അമർത്തി മൂളി.
''ഞങ്ങളും ചിലരെക്കൊണ്ട് തിരയിക്കുന്നതിൽ തെറ്റില്ലല്ലോ...?"
''ഒരിക്കലുമില്ല...
ഇരുവരും യാത്ര പറഞ്ഞ് പോയി.
അലിയാർ, വിവേകിനെ പാർപ്പിച്ചിരുന്ന സെല്ലിലേക്കു ചെന്നു.
ഒരു മൂലയിൽ ചാരിയിരുന്ന് ഉറങ്ങുകയാണ് അവൻ.
ഉറങ്ങട്ടെ. അലിയാർ കരുതി.
നാളെ നേരം പുലരുമ്പോഴേക്കും അവൻ പഴയ നിലയിലാകും. അതുവരെ ശ്രദ്ധിക്കണം."
സി.ഐ, ഗംഗാധരനും മറ്റ് പോലീസുകാർക്കും നിർദ്ദേശം നൽകി.
** *** **** *** ****
എം.എൽ.എ ശ്രീനിവാസ കിടാവിന്റെ ഫാം ഹൗസ്.
അയാളും പ്രജീഷും ചന്ദ്രകലയും സൂസനും ഉണ്ടായിരുന്നു അവിടെ.
തീപിടിച്ചതുപോലെ അസ്വസ്ഥരായിരുന്നു എല്ലാവരും.
''ആദിൽനാഥ് അകത്തായ നിലയ്ക്ക്, കാര്യങ്ങളൊക്കെ അറിയാവുന്ന നിലയ്ക്ക് ഇനി ഏതു നിമിഷവും സി.ഐ അലിയാർ നമ്മളെ തേടിവരും."
കിടാവു പറഞ്ഞതുകേട്ട് മറ്റുള്ളവർ നടുങ്ങി.
ചെയ്തതും ചെയ്യിച്ചതുമൊക്കെ വെറുതെയായി എന്നതു മാത്രമല്ല ഇനിയുള്ള കാലം ജയിൽവാസം ആകുമെന്നും അവർക്കുറപ്പായി....
''കിടാവ് സാറേ.... എന്റെ കരിയർ.... സാറ് പറഞ്ഞതുകൊണ്ടാ ഇക്കാര്യത്തിൽ ഞാൻ ഇടപെട്ടത്."
വിഷമവും ദേഷ്യവും ഒന്നിച്ചുണ്ടായി സീരിയൽ നടി സൂസന്.
''ഞാൻ ആദ്യമായി അഭിനയിക്കാൻ പോകുന്ന സിനിമയുടെ ഷൂട്ടിംഗ് അടുത്ത മാസം തുടങ്ങാനിരുന്നതാ..."
കിടാവ് അവളെയൊന്ന് നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല.
അയാൾ ചിന്താധീനനായി മുറിയിലൂടെ അങ്ങിങ്ങു നടന്നു.
''സാറേ..." പ്രജീഷ് വിളിച്ചു.
കിടാവ് നടത്തം നിർത്തി അയാളെ നോക്കി.
''ഈ അലിയാരെ അങ്ങ് തട്ടിയാലോ... എന്നിട്ട് സാറിന്റെ പിടിപാടുവച്ച് എസ്.പി ഷാജഹാനെ എവിടേക്കെങ്കിലും ട്രാൻസ്ഫർ ചെയ്യിക്കണം. അലിയാർക്കു പകരം വരുന്ന ആൾ നമ്മുടെ പക്ഷം നിൽക്കണം. അങ്ങനെയായാൽ നമുക്ക് രക്ഷപെട്ടുകൂടേ?"
കിടാവ് പെട്ടെന്ന് ഒരു കസേരയിൽ ഇരുന്നു.
''ആദ്യം പറഞ്ഞ കാര്യം പ്രജീഷ് ഏൽക്കണം. അലിയാരുടെ കാര്യം. എങ്കിൽ ബാക്കിയൊക്കെ ഞാൻ ഏറ്റു."
ചന്ദ്രകലയും സൂസനും പ്രതീക്ഷയോടെ പ്രജീഷിനു നേരെ തിരിഞ്ഞു.
അയാളുടെ കണ്ണുകൾ ഒന്നു കുറുകി, വിടർന്നു:
''നമുക്ക് ആ പണി പരുന്ത് റഷീദിനെയും അണലി അക്‌ബറേയും ഏൽപ്പിച്ചാലോ... പിന്നെ ആവശ്യമുള്ളവരെ അവരുതന്നെ വിളിക്കട്ട്."
കിടാവ് അതിന്റെ വരും വരായ്കകളെക്കുറിച്ചു ചിന്തിച്ചു. ശേഷം പറഞ്ഞു.
''പോസിബിളാണ്. പക്ഷേ തുടങ്ങിവച്ചാൽ അലിയാരെ കൊല്ലാതെ പിന്മാറിക്കൂടാ..."
''ഓക്കെ."
പ്രജീഷ് ഫോണെടുത്ത് അണലിയെയും പരുന്തിനെയും വിളിച്ചു.
അര മണിക്കൂറിനുള്ളിൽ അവരുടെ അംബാസിഡർ കാർ ഫാംഹൗസിലെത്തി.
പ്രജീഷ് കാര്യം അവതരിപ്പിച്ചു.
അണലിയും പരുന്തും പരസ്പരം നോക്കി.
''എത്ര ആളുകളെ വേണമെങ്കിലും കൂട്ടാൻ ഞങ്ങൾക്കു കഴിയും. സി.ഐയെ കൊല്ലുകയും ചെയ്യാം....
പക്ഷേ..."
അയാൾ ബാക്കി പറയാൻ പ്രജീഷ് സമ്മതിച്ചില്ല:
''പ്രതിഫലം നിങ്ങൾ ചോദിക്കുന്നത്." പ്രജീഷ് ഉറപ്പു നൽകി.
(തുടരും)