mb-rajesh-pk-sasi

പാലക്കാട്: ലോക്‌സഭാ തിര‌ഞ്ഞെടുപ്പിൽ ഉറച്ച സീറ്രായ പാലക്കാട്ടെ തോൽവിയെ തുടർന്ന് സി.പി.എമ്മിൽ കലാപം. കഴി‌ഞ്ഞ തവണ ഒരു ലക്ഷത്തിലേറെ ഭൂരിപക്ഷത്തിന് ജയിച്ച പാലക്കാട്ട് ഇത്തവണ എം.ബി രാജേഷ് തോൽക്കുകയായിരുന്നു. പാലക്കാട്ടെ പരാജയത്തിന് പിന്നിൽ ന്യൂനപക്ഷ കേന്ദ്രീകരണം മാത്രമല്ലെന്നും അതിന് മറ്ര് കാരണങ്ങളുണ്ടെന്നുമാണ് പാലക്കാട്ടെ സി.പി.എം സ്ഥാനാർത്ഥിയും സി.പി.എം സംസ്ഥാന കമ്മിറ്രി അംഗവുമായ എം.ബി രാജേഷ് മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞത്. ഷൊർണ്ണൂർ എം.എൽ.എ പി.കെ.ശശിയാണ് തന്റെ പരാജയത്തിന് പിന്നിലെന്ന് പേരെടുത്തു പറയാതെ കുറ്റപ്പെടുത്തുകയാണ് രാജേഷ്. നേരത്തെ പി.കെ. ശശിക്കെതിരെ ഉയർന്ന പരാതിയിലൂടെയാണ് പാർട്ടിയിലെ വിഴുപ്പലക്കൽ പുറത്തുവരുന്നത്.

ശശിയുടെ സ്വന്തം നാടായ മണ്ണാർക്കാട് യു.ഡി.എഫ് സ്ഥാനാർഥി ശ്രീകണ്ഠന് ലഭിച്ച വൻ ഭൂരിപക്ഷമാണ് ഇപ്പോൾ വിഴുപ്പലക്കലിന് കാരണമായത്. രാജേഷിന് ഈ മണ്ഡലത്തിൽ നിന്ന് 48625 വോട്ട് കിട്ടിയപ്പോൾ ശ്രീകണ്ഠൻ് കിട്ടിയത് 78250 വോട്ട്. നിയമസഭയിൽ മണ്ണാർക്കാട് നിന്ന് 12,325 വോട്ടിന്റെ ഭൂരിപക്ഷം നേടിയ യു.ഡി.എഫിന് ഈ തിരഞ്ഞെടുപ്പിൽ 29,625 വോട്ടിലേക്ക് ഭൂരിപക്ഷം ഉയർത്താൻ കഴിഞ്ഞു. 2006ലെ നിയമസഭാ തിരഞ്ഞെ‌ടുപ്പിൽ എൽ.‌ഡി.എഫിലെ ജോസ് ബേബിക്ക് ഇവിടെ നിന്ന് 70,000 വോട്ട് കിട്ടിയിരുന്നു. 2011ൽ സി.പി.ഐയിലെ ചാമുണ്ണി തോറ്രത് വെറും 12,000 വോട്ടിന്. ഇങ്ങനെയൊരു മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് 30,000 ഓളം വോട്ടിന്റെ ഭൂരിപക്ഷം കിട്ടിയത് സ്വാഭാവികമല്ല എന്നാണ് രാജേഷ് പറയാതെ പറഞ്ഞുവയ്ക്കുന്നത്. അതുപോലെ പട്ടാമ്പിയിൽ 2016ൽ 7404 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്ന എൽ.ഡി.എഫ് ഇത്തവണ 17,179 വോട്ടിന് പുറകിലായി. ഷൊർണൂരിൽ 13,455, ഒറ്റപ്പാലത്ത് 9628, മലമ്പുഴയിൽ 5,848, കോങ്ങാട് 12,915 എന്നിങ്ങനെയാണ് കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് വോട്ടിന്റെ കുറവ് ഇടതുപക്ഷത്തിനുണ്ടായത്. പാർട്ടിയുടെ ശക്തി കേന്ദ്രമായ കോങ്ങാട് മണ്ഡലത്തിൽ 356 വോട്ടിന്റെ ലീഡ് മാത്രമാണുള്ളത്. 20,000 വോട്ടിന്റെയെങ്കിലും ഭൂരിപക്ഷം പ്രതീക്ഷിച്ച സ്ഥലത്താണ് 356 വോട്ടിന്റെ ലീഡ് കിട്ടിയത്.

പാർട്ടി കേന്ദ്രങ്ങളിൽ അടിയൊഴുക്കുണ്ടായി എന്നാണ് എം.ബി. രാജേഷ് പറയുന്നത്. മണ്ണാർക്കാട്ട് യു.ഡി.എഫ് നേടിയ ഭൂരിപക്ഷം അമ്പരിപ്പിക്കുന്നതാണെന്നും രാജേഷ് പറഞ്ഞിരുന്നു. അതേസമയം വോട്ട് കുറഞ്ഞതിന് താൻ ഉത്തരവാദിയല്ലെന്നാണ് പി.കെ. ശശിയുടെ നിലപാട് . തിരഞ്ഞെടുപ്പിൽ തനിക്ക് സംഘടനാപരമായ ചുമതലകൾ ഒന്നുമുണ്ടായിരുന്നില്ല. ജനപ്രതിനിധി എന്ന നിലയിൽ ഷൊർണ്ണൂരിലാണ് തിര‌ഞ്ഞെടുപ്പ് പ്രവർത്തനം നടത്തിയത് . അവിടെ വോട്ട് കൂടിയിട്ടുണ്ടെങ്കിലും പ്രതീക്ഷിച്ച അത്ര കിട്ടിയിട്ടില്ല എന്നത് ശരിയാണെന്നും ശശി പറഞ്ഞു.