manavadarshanam-

വളരെ ഭക്തരായ ഒരു കുടുംബമെത്തി. അവർ ഒരു ദിവസം ഗുരുകുലത്തിൽ താമസിച്ചു. അവർ അടുത്തു വന്നു പറഞ്ഞു,

''മകനെ അനുഗ്രഹിക്കണം. അവനു പഠിക്കാൻ താല്‌പര്യമുണ്ട്. പക്ഷേ കഴിയുന്നില്ല."

''കുഞ്ഞുങ്ങൾ അവരുടെ കഴിവനുസരിച്ച് പഠിച്ചുകൊള്ളും. അവരെ പഠനത്തിൽ നിർബന്ധിക്കരുത്. അവൻ കൊച്ചുകുട്ടിയല്ലേ ? പന്ത്രണ്ട് വയസൊക്കെ എത്തിയതിനു ശേഷമേ കുട്ടികളുടെ പഠനശേഷി എത്രയ്ക്കുണ്ടെന്നു തീരുമാനിക്കാൻ പോലുമാകൂ.

എങ്ങനെയാണ് അനുഗ്രഹമുണ്ടാകുന്നതെന്നു കുട്ടിയോടും പറഞ്ഞു. അപ്പോൾ ഒരു പുസ്‌തകം എന്റെ മുന്നിൽ വച്ചിട്ട് അമ്മ പറഞ്ഞു,

''ഇതൊന്നു അനുഗ്രഹിച്ചു തരണം."

വളരെ പഴയ ഒരു പുസ്‌തകം. അത് തുറന്നു നോക്കി. പേര് 'ഗുരു." ആരെഴുതി എന്നു പോലും അതിലില്ല.

''ഇതിലെന്താണുള്ളത് ? "

'' ഗുരുവിന്റെ ലീലകൾ ! അതായത്, ഗുരുവിന്റെ അത്ഭുതപ്രവൃത്തികൾ. ഇതുവച്ച് പൂജിച്ചാൽ ഇഷ്ടകാര്യങ്ങളെല്ലാം സാധിക്കുമെന്ന് ഒരാൾ പറഞ്ഞു."

''അപ്പോൾ ഇഷ്ടകാര്യങ്ങളെല്ലാം സാധിക്കണം, അല്ലേ? അങ്ങനെയല്ല വേണ്ടത്. ദൈവത്തിന്റെ ഇഷ്ടം നടക്കട്ടെ എന്നു വിചാരിക്കണം. നമുക്ക് ഒരാഗ്രഹവും ഉണ്ടായിക്കൂടെന്നല്ല. എന്നാൽ അതൊക്കെ നിറവേറിയാലും ഇല്ലെങ്കിലും, അതാണ് ദൈവത്തിന്റെ ഇഷ്ടമെന്നു കരുതി സന്തോഷമായി കഴിയണം. അപ്പോൾ ജീവിതത്തിൽ എപ്പോഴും സന്തോഷമുണ്ടായിരിക്കും.

''ദൈവമാണ് എല്ലാം തീരുമാനിക്കുന്നത് എന്നല്ലേ നമുക്കറിയാവുന്നത് ? അപ്പോൾ നമ്മൾ ഓരോ കാര്യം തീരുമാനിക്കുകയും, ദൈവം അതു നിറവേറ്റിത്തരണമെന്നു ആഗ്രഹിക്കുകയും ചെയ്യുന്നത് തത്ത്വവിരോധമാണ്. ഇതൊന്നുമറിയാതെയാണ് ആളുകൾ ഇഷ്ടകാര്യസാദ്ധ്യത്തിനു വേണ്ടി ദൈവത്തിന് നേർച്ചപ്പണം കൊടുക്കാറുള്ളത്. അതൊരുമാതിരി കൈക്കൂലി കൊടുക്കലാണ്. മാത്രമല്ല, ദൈവത്തിനു പണമെന്താണെന്നറിയാമോ എന്നും നിശ്ചയമില്ല. കാരണം, പണം ദൈവസൃഷ്ടിയിൽപ്പെട്ടതല്ല. അതു മനുഷ്യൻ അവന്റെ സൗകര്യത്തിനുവേണ്ടി സൃഷ്ടിച്ചതാണ്. മനുഷ്യൻ കൃത്രിമമായി സൃഷ്ടിച്ച കാര്യങ്ങളൊക്കെ ദൈവം അറിയുന്നുണ്ടോ ആവോ!

''ഏതായാലും നിങ്ങൾ ചെയ്യേണ്ടത് ഈ പുസ്തകം പൂജിക്കലല്ല. പകരം, ഗുരുവിന്റെ വാക്കുകൾ രേഖപ്പെടുത്തി വച്ചിരിക്കുന്ന 'സമ്പൂർണ കൃതിക'ളുണ്ട്. ആ കൃതി​കൾ ഒന്നൊന്നായി​ പാരായണം ചെയ്യുക. പി​ന്നെ അർത്ഥം മനസി​ലാക്കാൻ ശ്രമി​ക്കുക. അപ്പോഴുണ്ടാകുന്നതാണ് യഥാർത്ഥത്തി​ൽ അർത്ഥവത്തായ ഗുരുവനുഗ്രഹം."