bike
പട്രോളിംഗ് ബൈക്ക്

ന്യൂഡൽഹി: പൊലീസിന്റെ ബൈക്ക് അടിച്ചുമാറ്റിനഗരം ചുറ്റിയ പ്രതിയെ അറസ്റ്റുചെയ്തു. ഡൽഹിയിലെ പ്രീത് വിഹാർ പൊലീസ് സ്റ്റേഷനിൽ കഴിഞ്ഞദിവസം രാത്രിയിലായിരുന്നു സംഭവം. സ്റ്റേഷന്റെ മുറ്റത്ത് സൂക്ഷിച്ചിരുന്ന പട്രോളിംഗിന് ഉപയോഗിക്കുന്ന ബൈക്കാണ് അടിച്ചുമാറ്റിയത്. ബൈക്ക് കണ്ടുപിടിക്കാൻ പൊലീസ് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലം കാര്യമുണ്ടായില്ല. അന്യസംസ്ഥാനങ്ങളിലേക്കും അന്വേഷണം നടത്തി. അന്വേഷണം തുടരുമ്പോഴാണ് മോഷണം പോയ ബൈക്കുമായി ഗ്രേറ്റർ നോയിഡയിലെ റോഡിലൂടെ പോകുകയായിരുന്നു പ്രതിയെ കണ്ടത്.ഒരു കൂസലും കൂടാതെയായിരുന്നു പൊലീസുകാർക്കുമുന്നിലൂടെ പ്രതി പോയത്. ഡൽഹി പൊലീസ് എന്നെഴുതിയ ബൈക്കിൽ നീല നിറത്തിലുള്ള ബീക്കണും സൈറണും ഘടിപ്പിച്ചിരുന്നു.ഇവ രണ്ടും ഒാണാക്കിയായിരുന്നു യാത്ര. സംശയം തോന്നിയ പൊലീസ് ഉദ്യോഗസ്ഥർ ബൈക്ക് തടഞ്ഞ് പരിശോധിച്ചു. സ്റ്റേഷനിൽ നിന്ന് മോഷ്ടിക്കപ്പെട്ട ബൈക്കാണിതെന്ന് അപ്പോഴാണ് പിടികിട്ടിയത്. പൊലീസുകാർ ചോദ്യംചെയ്തപ്പോൾ ചിരിച്ചുകൊണ്ടായിരുന്നു യുവാവിന്റെ മറുപടി. തുടർന്ന് ബൈക്ക് ഉൾപ്പെടെ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. എന്തിനാണ് മോഷണം നടത്തിയതെന്ന് വ്യക്തമല്ല. പ്രതിക്ക് മാനസിക പ്രശ്നമുണ്ടെന്നാണ് കരുതുന്നത്. സംഭവത്തെക്കുറിച്ച് പൊലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചു.