താത്വികമായ അവലോകനമാണ് ഉദ്ദേശിക്കുന്നത്. വർഗാധിപത്യവും കൊളോണിയലിസ്റ്റ് ചിന്താസരണികളും റാഡിക്കലായുള്ള ഒരു മാറ്റമല്ല. പത്തൊമ്പത് സീറ്റുകളിലും എന്തുകൊണ്ട് തോറ്റു എന്ന് ലളിതമായി ചോദിച്ചാൽ, അത് സ്ഥിരമായി സ്റ്റഡിക്ലാസിൽ വരാത്തതിന്റെ കുഴപ്പമാണ്. സ്റ്റഡി ക്ലാസിൽ വന്നിരുന്നുവെങ്കിൽ ഈ ചോദ്യം തന്നെ ഉണ്ടാവുമായിരുന്നില്ല.
വിഘടനവാദികളും പ്രതിക്രിയാവാദികളും തമ്മിൽ പ്രഥമദൃഷ്ട്യാ അകൽച്ചയിലായിരുന്നെങ്കിലും അവർ തമ്മിലുള്ള അന്തർധാര സജീവമായിരുന്നു എന്ന് വേണം കരുതാൻ. ബൂർഷ്വാസികളും തക്കം പാർത്തിരിക്കുകയായിരുന്നു. മനസിലായോ? ഇല്ലെങ്കിൽ ഒന്നുകൂടി പറയാം.
അതായത്, വിഘടനവാദികളെയും പ്രതിക്രിയാവാദികളെയും ആട്ടിയോടിക്കാനുള്ള ഏർപ്പാട് മഹാസാധു പിണറായി സഖാവ് നേരത്തേ കാലത്തേ ഒരുക്കിവച്ചതായിരുന്നു. തക്കം പാർത്തിരുന്ന ബൂർഷ്വാസികളെ അപ്പോൾ ശ്രദ്ധിക്കാൻ പറ്റിയില്ല. തിരക്കിനിടയിൽ വിട്ടുപോയതാണ്. അതുകൊണ്ടെന്തുണ്ടായി? തക്കം പാർത്തിരുന്ന ബൂർഷ്വാസികൾ എല്ലാം തട്ടിയെടുത്ത് കൊണ്ടുപോയി ! കൈയിലിരുന്നതും പോയി, കിട്ടേണ്ടതും പോയി. മിച്ചം വന്ന ആലപ്പുഴ കിട്ടിയിട്ടുണ്ട്. അത് കിട്ടിയത് ബൂർഷ്വാസികളുടെ കണ്ണിൽ ആലപ്പുഴ പെടാതെ പോയത് കൊണ്ടു മാത്രമായിരുന്നു.
അതുകൊണ്ടാണ് പിണറായി സഖാവ് അക്കാര്യം തുറന്നുപറഞ്ഞത്. സഖാവിന്റെ വാക്കുകൾ കടമെടുത്താൽ : 'കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സർക്കാരിനെതിരായുള്ള ശക്തമായ വികാരം സംസ്ഥാനത്ത് തിരഞ്ഞെടുപ്പിലുടനീളം പ്രതിഫലിച്ചിരുന്നു. ഇത്തരമൊരു വികാരം സംസ്ഥാനത്ത് ഉയർത്തിയെടുക്കുന്നതിന് എൽ.ഡി.എഫിന്റെ പ്രചരണങ്ങളും ഇടപെടലുകളുമാണ് പ്രധാനമായും ഇടയാക്കിയത്. അതിന്റെ ഫലമായാണ് ബി.ജെ.പിക്കെതിരായ ജനവിധി കേരളത്തിലുണ്ടായത്. ബി.ജെ.പിക്ക് കേരളത്തിൽ സീറ്റൊന്നും ലഭിക്കാത്ത സാഹചര്യം രൂപപ്പെടാനിടയാക്കിയത് എൽ.ഡി.എഫിന്റെ ഈ രാഷ്ട്രീയ നിലപാടുകളാണ്. ബി.ജെ.പി സർക്കാരിനെതിരായുള്ള കേരളജനതയുടെ എതിർപ്പ് കോൺഗ്രസിന് അനുകൂലമായി മാറുന്ന സ്ഥിതിയാണ് ലോക‌്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലുണ്ടായത് ' - മനസിലായിക്കാണും എന്ന് വിശ്വസിക്കുന്നു.
സഖാവ് പണ്ടേ അവതാരങ്ങളെ വച്ച് പൊറുപ്പിക്കാത്ത ദേഹമായതിനാലും നാല് ചുറ്റിലും നിന്നും 'ദീപസ്തംഭം മഹാശ്ചര്യം...' എന്ന വരികൾ മാത്രം കേട്ട് ശീലിച്ചുവരുന്നതിനാലുമാണ് ഇത്രയും വിശദീകരിച്ച് പറഞ്ഞത്. രാജാവ് നഗ്നനാണ് എന്നൊക്കെ പറയുന്നത് കേൾക്കേണ്ടി വന്നാലത്തെ ഗതിയൊന്ന് ആലോചിച്ച് നോക്കൂ. സഖാവ് അത്തരക്കാരനേയല്ല.
തെറ്റുതിരുത്തൽ ഒരു വീക്ക്നെസ് ആയതുകൊണ്ട് മാത്രമാണ് പാർട്ടി തെറ്റുതിരുത്തൽ പ്രക്രിയയിലേക്ക് കടക്കാനൊരുങ്ങുന്നത്. അത് തിരഞ്ഞെടുപ്പിലെ ബൂർഷ്വാസികളുടെ കള്ളക്കളി മനസിലാക്കിയതിനാലാണ്. വിശ്വാസികളിൽ ഒരു വിഭാഗത്തെ തെറ്റിദ്ധരിപ്പിക്കാൻ വലതുപക്ഷശക്തികൾ ശ്രമിച്ചപ്പോൾ ഇടതുപക്ഷത്തിന്റെ പരമ്പരാഗത വോട്ടുകൾ നഷ്ടപ്പെട്ട് പോയി എന്നും പാർട്ടി കണ്ടെത്തിയിട്ടുണ്ട്.
അത് തക്കം പാർത്തിരുന്ന അമിത് ഷാജിയണ്ണന്റെയും ന.മോ.ജിയണ്ണന്റെയും പാർട്ടിക്കാർ തട്ടിക്കൊണ്ട് പോയോ അതോ ചെന്നിത്തലഗാന്ധിയും മുല്ലപ്പള്ളിഗാന്ധിയും സംഘവും തട്ടിയെടുത്തോ എന്നാണറിയാനുള്ളത്. അതിന് സി.ബി.ഐ സേതുരാമയ്യരെ ചുമതലപ്പെടുത്തുന്നത് നന്നായിരിക്കും എന്ന് കാരാട്ട് സഖാവ് കുറിപ്പെഴുതിയയച്ചിട്ടുണ്ട്. അതിനനുസരിച്ചുള്ള തുടർനടപടികൾ വൈകാതെ കോടിയേരി സഖാവ് കൈക്കൊള്ളുന്നതായിരിക്കും.
ഏതെങ്കിലും ഉത്തമന് ഇതെല്ലാം ചോദ്യം ചെയ്യണമെന്ന് തോന്നിയാൽ ഒരു കാര്യം ഇപ്പോഴേ ഓർമ്മിപ്പിച്ചേക്കാം: ഉൾപ്പാർട്ടി ജനാധിപത്യം അനുവദിച്ചിട്ടുണ്ടെന്ന് വച്ച് പാർട്ടി ബു.ജികളെ ചോദ്യം ചെയ്യാനൊന്നും ആരും ഒരുമ്പെടേണ്ടതില്ല.
രാഹുൽമോൻ കോരിയ വെള്ളത്തിന് കണക്കില്ല. ഓരോ തവണയും കോരിയൊഴിക്കാൻ ബക്കറ്റെടുത്ത് കൊടുത്ത് കൈ കുഴഞ്ഞുപോയത് കർണാടകയിലെ ചില കുരുത്തംകെട്ട ഗാന്ധിമാർ ബഫൂൺപട്ടം നൽകി ആദരിച്ച കെ.സി. വേണുഗോപാലഗാന്ധിക്കായിരുന്നു. (വേണുഗോപാൽഗാന്ധിക്ക് ഇതിലും നല്ല പട്ടം നൽകാൻ ആർക്കും സാധിച്ചിട്ടില്ല എന്നാണ് ചിന്തകന്മാർ വിലയിരുത്തുന്നത്. അത് പോട്ടെ.)
രാഹുൽമോൻ കോരിവച്ച വെള്ളമെല്ലാമെടുത്ത് കുളിച്ച് ഫ്രഷായത് ന.മോ.ജിയും അമിത് ഷാജിയുമായിരുന്നു എന്നാണിപ്പോൾ ലോക്‌സഭാ തിരഞ്ഞെടുപ്പ് വിധി വന്നപ്പോൾ കാണാൻ കഴിയുന്നത്. അങ്ങനെ വെള്ളം ചോർത്തിയെടുക്കാനിടയുണ്ട് എന്ന ബോദ്ധ്യം ഉണ്ടാവേണ്ടതും രാഹുൽമോന് അതുണ്ടാക്കിക്കൊടുക്കേണ്ടതുമൊന്നും മുല്ലപ്പെരിയാറിലെ വെള്ളം തമിഴ്നാട് കടത്തുന്ന കാര്യമെങ്കിലും അറിയാവുന്ന സംഘടനാ ജനറൽസെക്രട്ടറിയുടെ ബാദ്ധ്യതയല്ല.
സൗരോർജ്ജപാനലിന്റെ മാഹാത്മ്യം പഠിക്കുന്ന ആവേശമൊന്നും ഊർജ്ജമന്ത്രിയായിരുന്നപ്പോൾ പോലും ജലവൈദ്യുതിയുടെ കാര്യത്തിൽ കാട്ടാതിരുന്ന ദേഹിയാണ് നമ്മുടെ ബഫൂൺഗാന്ധി. കൊക്കെത്ര കുളം കണ്ടതാണ്! സംഘടനാ ജനറൽസെക്രട്ടറിയെന്ന് പറഞ്ഞാൽ സംഘം ചേർന്ന് ഗോട്ടി കളിക്കലാണെന്ന് വേണുഗോപാൽഗാന്ധിക്ക് ആരും പറയാതെ അറിയാം. ആ ഗാന്ധിയെ രാഹുൽമോൻ തെറ്റിദ്ധരിച്ചതാണോ അതോ രാഹുൽമോനെ തെറ്റിദ്ധരിപ്പിച്ചതാണോ എന്ന് വ്യക്തമാക്കേണ്ടത് നാല് നേരം പച്ചവെള്ളം ചവച്ചരച്ച് ഭക്ഷിച്ച് ജീവിക്കുന്ന അന്തോണി ഗാന്ധിജിയാണ്. അന്തോണിഗാന്ധിജിക്കില്ലാത്ത ബോദ്ധ്യങ്ങൾ വേണുഗോപാലഗാന്ധിക്കുണ്ടാവണമെന്നും നിർബന്ധം പിടിക്കരുത്, ഉത്തമാ!
വേണുഗോപാൽഗാന്ധിക്ക് സ്വന്തം സിറ്റിംഗ് മണ്ഡലമായ ആലപ്പുഴയിലെ സ്വന്തം സ്ഥാനാർത്ഥിയെ ജയിപ്പിക്കാനുള്ള സംഘാടനമികവ് ഇല്ലാതെ പോയത് ഒരു കുറ്റമല്ല. ഏത് സംഘടനാ ജനറൽസെക്രട്ടറിക്കും സാധിക്കുന്നത് ചെയ്യാതിരിക്കുമ്പോഴാണ് വേറിട്ട ഗാന്ധിയാവുന്നത്. പത്താം നമ്പർ ജനപഥിൽ നിന്നുയരുന്ന കണ്ണീരും വിലാപവും കേൾക്കുന്നവരുടെ നെഞ്ചുരുകിപ്പോകരുത് എന്ന് മാത്രമാണ് അഭ്യർത്ഥിക്കാനുള്ളത്. തളരരുത് ഗോപീ, തളരരുത് !
ശബരിമലയിൽ മണ്ണും ചാരി നിന്നവർ പെണ്ണും കൊണ്ട് പോയി എന്നാണ് താമരയിതളായ രാജഗോപാൽജിയുടെ വെളിപ്പെടുത്തൽ. ശബരിമല അയ്യപ്പന്റെ അവതാരമായി അമിത് ഷാജി കണ്ടെത്തിയ സുരേന്ദ്രൻജി പച്ച തൊട്ടില്ല. മിസോറാമിലെ ഗവർണർപദവിയും പോയി തിരുവനന്തപുരത്തൊട്ട് താമര വിരിഞ്ഞുമില്ല എന്ന പരുവത്തിൽ ശംഖുമുഖം കടാപ്പുറത്ത് പാടിപ്പാടി നടക്കുകയാണ് കുമ്മനംജി. ആ തൃശൂരിനെ ഞാനെടുക്കുന്നുവെന്ന് പറഞ്ഞ ഷിറ്റണ്ണനെയും എടുത്തോണ്ട് പോയത് പ്രതാപൻഗാന്ധിയാണ്. മേലനങ്ങാതെ കാര്യം സാധിച്ചവരെ കാണുമ്പോൾ ഓ.രാജഗോപാൽജിക്ക് എങ്ങനെ കരയാതിരിക്കാനാവും?
ഇ-മെയിൽ: dronar.keralakaumudi@gmail.com