മഴ പെയ്തൊഴിഞ്ഞ ശേഷവും മരപ്പെയ്‌ത്ത് തുടരുന്നതുപോലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ഭീമൻ പരാജയത്തിന്റെ കാരണങ്ങൾ തേടിയുള്ള അന്വേഷണവും വിലയിരുത്തലും ഇനിയും ഏറെ നീണ്ടുപോകാനാണു സാദ്ധ്യത. ശബരിമലയിലെ സ്‌ത്രീപ്രവേശന പ്രശ്നവും ഇടതുമുന്നണിയുടെ തോൽവിക്കു കാരണമായിട്ടുണ്ടാകാമെന്ന് സി.പി.എം കരുതുന്നതായി കാണുന്നു. ഏതു സത്യവും തുറന്നു സമ്മതിക്കുന്നിടത്താണ് ആർജ്ജവം പ്രകടമാകുന്നത്. ശബരിമലയിൽ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട വിധി നടപ്പാക്കിയതിൽ കാണിച്ച ധൃതിയും പിടിവാശിയുമാണ് പാർട്ടിയെ സാധാരണ വിശ്വാസികൾക്കിടയിൽ പ്രതിസ്ഥാനത്താക്കിയതെന്ന് സ്വബോധമുള്ളവർക്കെല്ലാം അന്നേ ബോദ്ധ്യമായതാണ്. തിരഞ്ഞെടുപ്പിൽ അതു തിരിച്ചടിയായേക്കുമെന്ന് വിവേകശാലികൾ പറയുകയും ചെയ്തു. എന്നാൽ നിലപാടിൽ ഉറച്ചുനിന്ന് അപഹാസ്യമായ പലതും ചെയ്തുകൂട്ടാനാണ് സർക്കാർ ഒരുങ്ങിയത്. ശബരിമല വിവാദത്തിൽ ഇടതുപക്ഷത്തിന്റെ പരമ്പരാഗത വോട്ടുകൾ നഷ്ടപ്പെട്ടിട്ടുണ്ടാകാമെന്ന യാഥാർത്ഥ്യം കഴിഞ്ഞ ദിവസം ചേർന്ന സി.പി.എം സെക്രട്ടേറിയറ്റ് ചർച്ച ചെയ്തെന്നാണ് വാർത്ത.
എന്നാൽ യോഗാനന്തരം പുറപ്പെടുവിച്ച വാർത്താക്കുറിപ്പിൽ ഇക്കാര്യത്തെക്കുറിച്ച് പരാമർശമൊന്നുമില്ലതാനും. അതിനർത്ഥം സത്യം പരസ്യമായി അംഗീകരിക്കാൻ പാർട്ടി ഇപ്പോഴും വിമുഖമാണെന്നാണ്. ശബരിമലപ്രശ്നം മാത്രമല്ല ഇടതുമുന്നണിയുടെ ഏതാണ്ടു സമ്പൂർണമായ പരാജയത്തിന് വേറെയും അനവധി കാരണങ്ങളുണ്ട്. പാർട്ടിതലങ്ങളിൽ അവ സമഗ്ര വിലയിരുത്തലിനു വിധേയമാവുകയും ചെയ്യും. അതേസമയം തന്നെ ആത്മപരിശോധനയും തിരുത്തലും ആവശ്യമായ ഒട്ടേറെ കാര്യങ്ങളുണ്ട്. സർക്കാർ മൂന്നുവർഷം പൂർത്തിയാക്കുന്ന വേളയിലാണ് പതിനേഴാം ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫലങ്ങൾ വന്നത്. മൂന്നുവർഷത്തിനിടെ നിരവധി മേഖലകളിൽ അഭിമാനാർഹമായ നേട്ടങ്ങൾ സൃഷ്ടിക്കാൻ ഇടതുമുന്നണി സർക്കാരിന് കഴിഞ്ഞിട്ടുണ്ട്. അതേസമയം ജനങ്ങളിലേക്ക് ആഴത്തിൽ ഇറങ്ങിച്ചെല്ലാനോ അവരുടെ മനസളക്കാനോ നേതൃത്വങ്ങൾക്ക് വേണ്ടപോലെ കഴിഞ്ഞുവെന്നു തോന്നുന്നില്ല. താഴെത്തലങ്ങളിൽ വരെ വേരും പടർപ്പുകളുമുള്ള ഇടതുപാർട്ടികൾക്ക് ജനമനസറിയാൻ സാധാരണഗതിയിൽ എല്ലാ സംവിധാനങ്ങളുമുള്ളതാണ്. എന്നിട്ടും ഉറച്ചുനിന്നിരുന്ന കാലിനടിയിൽ നിന്ന് മണ്ണ് അപ്പാടെ ഒലിച്ചുപോയപ്പോഴാണ് ജനങ്ങൾ ഒപ്പമില്ലെന്ന ആ ഞെട്ടിക്കുന്ന സത്യം മനസിലായത്. സർക്കാരിന്റെ പ്രവർത്തന ശൈലിയോട് യോജിക്കാനാവാത്തവർ എല്ലാക്കാലത്തും ധാരാളമായി ഉണ്ടാവുക സാധാരണമാണ്. തിരഞ്ഞെടുപ്പാണ് തങ്ങളുടെ എതിർപ്പും അതൃപ്തിയും പ്രകടിപ്പിക്കാൻ ജനങ്ങൾക്കു ലഭിക്കുന്ന ഏക അവസരം. ഭരണവിരുദ്ധ വികാരം അധികാരത്തിലിരിക്കുന്ന ഏതു സർക്കാരും നേരിടേണ്ടിവരുന്ന വലിയ വെല്ലുവിളി തന്നെയാണ്. അതിനെ നേരിടുക അത്ര എളുപ്പവുമല്ല. ജനാഭിമുഖ്യമുള്ള മന്ത്രിമാരുടെ പ്രവർത്തനശൈലി ഒരു പ്രധാന ഘടകമാണ്. ഭരണാധികാരികൾ ഒരു പ്രത്യേക വർഗമായി മാറുമ്പോൾ ജനങ്ങൾ അവർക്ക് അപ്രാപ്യരാവുന്നു. ജനമനസുകളെ മനസിലാക്കുന്നതിൽ ഭരണാധികാരികൾ പരാജയപ്പെടുന്നു. തിരഞ്ഞെടുപ്പിൽ ഊക്കോടെ തലയിൽ കൊട്ടു കിട്ടുമ്പോഴാണ് നഷ്ടപ്പെട്ട ജനപിന്തുണയെപ്പറ്റി ഓർമ്മ വരുന്നത്.
ജനങ്ങളുടെ പൾസ് മനസിലാക്കി പ്രവർത്തിക്കാൻ ഇടതുപക്ഷത്തിനു കഴിയാതെ പോയതാണ് ഇടതു സ്ഥാനാർത്ഥികൾ പരാജയപ്പെടാൻ കാരണമെന്ന തിരുവനന്തപുരം മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി സി. ദിവാകരന്റെ അഭിപ്രായം യാഥാർത്ഥ്യബോധമുള്ളതാണ്. ജനങ്ങളുടെ പ്രതീക്ഷയ്ക്കനുസരിച്ച് ഇടതുപക്ഷത്തിന് ഉയരാനായോ എന്ന് മുന്നണി നേതൃത്വങ്ങൾ ആത്മപരിശോധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ഏതു തിരഞ്ഞെടുപ്പിലും അധികാരത്തിലിരിക്കുന്ന സർക്കാരിന്റെ ചെയ്തികളും നിലപാടുകളും ഭരണമുന്നണിയെ സംബന്ധിച്ചിടത്തോളം നിർണായകമാണ്. സർക്കാർ ചെയ്ത നല്ല കാര്യങ്ങൾ ജനങ്ങളിലെത്തിക്കാൻ കഴിഞ്ഞില്ലെന്ന പരിദേവനം ഏതു തിരഞ്ഞെടുപ്പു തോൽവിക്കുമൊപ്പം കേൾക്കാറുള്ളതാണ്. ഒളിച്ചോട്ടമായേ അതിനെ കാണാനാവൂ. ജനങ്ങളുമായുള്ള ബന്ധം ദുർബലമാകുമ്പോഴാണ് സർക്കാർ ജനങ്ങളുടെ ശത്രുപക്ഷത്താകുന്നത്. അതു മുൻകൂട്ടി മനസിലാക്കുന്നതിലാണ് രാഷ്ട്രീയ നേതൃത്വങ്ങളുടെ മിടുക്ക്.
കേരളത്തിൽ ഇടതുമുന്നണിക്കു സംഭവിച്ച പരാജയത്തെക്കാൾ എത്രയോ ഭീമവും സമാനതകളില്ലാത്തതുമായ തോൽവിയാണ് ദേശീയ പാർട്ടിയായ കോൺഗ്രസിന് കേരളത്തിനപ്പുറമുള്ള പ്രദേശങ്ങളിൽ സംഭവിച്ചത്. കോൺഗ്രസും ജനമനസ് അളക്കുന്നതിൽ എത്രയോ കാലമായി പൂർണ പരാജയത്തിലാണ്. സുഖലോലുപരായ നേതാക്കൾക്ക് ജനങ്ങളെ ഓർമ്മവരുന്നതു തന്നെ തിരഞ്ഞെടുപ്പുകാലത്താണ്. മാദ്ധ്യമങ്ങളിൽ സദാ നിറഞ്ഞുനിൽക്കാൻ താത്‌പര്യം കാട്ടുന്ന നേതാക്കൾ സാധാരണക്കാരുടെ ആവശ്യങ്ങളും പ്രശ്നങ്ങളും നേരിൽ അറിയാറില്ല. അരനൂറ്റാണ്ടിലേറെ കാലം രാജ്യം ഭരിച്ചവർ കേവലം 52 അംഗങ്ങളുമായി ലോക്‌സഭയിൽ ഒതുങ്ങിക്കൂടുന്ന ദയനീയ കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. സാധാരണക്കാരന്റെയും കൃഷിക്കാരന്റെയും തൊഴിലാളിയുടെയും മനസുകളിൽ നിന്ന് കോൺഗ്രസ് ഏതാണ്ട് നിഷ്‌കാസിതമായിരിക്കുന്നു. അവരുടെ മനസ് വീണ്ടെടുക്കുകയെന്നുള്ളത് നിലവിലെ സാഹചര്യത്തിൽ അത്ര എളുപ്പമൊന്നുമല്ല. അതിനു അസാമാന്യമായ കഴിവും പ്രാഗത്ഭ്യവും തന്ത്രവുമൊക്കെ അറിയാവുന്ന നേതാക്കൾ ഉണ്ടാകണം.