kerala-kaumudi-mayflower
kerala kaumudi mayflower

 സംഗീതസാന്ദ്രമാക്കാൻ സുദീപ്കുമാറും ഗായത്രിയും

 നൃത്തച്ചുവടുകളുമായി ഷംനാ കാസിം

തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ നൃത്ത, സംഗീത, നർമ്മ വിസ്മയമൊരുക്കി സുപ്രിയ- കേരളകൗമുദി 'മേയ് ഫ്ലവർ' പൂത്തുലയാൻ ഇനി മണിക്കൂറുകൾ മാത്രം. മലയാളികളുടെ സ്വീകരണമുറിയിലേക്ക് കൗമുദി ടി.വി ചേക്കേറിയതിന്റെ ആറാം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന മേയ് ഫ്ലവർ മെഗാ ഷോയ്ക്ക് ഇന്ന് വൈകിട്ട് 6.30ന് നിശാഗന്ധിയിൽ തിരിതെളിയും.

പാട്ടും നൃത്തവും കോമഡി ഷോയും ബാൻഡ് പെർഫോമൻസും ഗിന്നസ് റെക്കാഡ് പ്രകടനങ്ങളും ഒത്തുചേരുന്നതാണ് മെഗാ ഷോ. സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ മുഖ്യാതിഥിയായി പങ്കെടുക്കും. കലാസന്ധ്യ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. മേയർ വി.കെ. പ്രശാന്ത് അദ്ധ്യക്ഷത വഹിക്കും. മെഗാ ഷോയുടെയും കൗമുദി മാട്രിമോണിയൽ വെബ്‌സൈറ്റിന്റെയും ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിക്കും. കൗമുദി യൂ ട്യൂബ് ചാനലിന്റെ വരിക്കാർ 10 ലക്ഷം കടന്നതിന്റെ ആഘോഷവും ഇതോടൊപ്പം നടക്കും. യൂ ട്യൂബിന്റെ ഉപഹാരം ഗൂഗിൾ യൂ ട്യൂബ് പാർട്ട്ണർ മാനേജർ ഭരത് ഗംഗാധരൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണന് കൈമാറും. തുടർന്ന് ഉപഹാരം സ്പീക്കർ കേരളകൗമുദി ജോയിന്റ് മാനേജിംഗ് ഡയറക്ടർ ദർശൻ രവിക്ക് സമർപ്പിക്കും. വി.എസ്. ശിവകുമാർ എം.എൽ.എ സംബന്ധിക്കും.

തെന്നിന്ത്യൻ താരസുന്ദരി ഷംനാ കാസിമിന്റെ നൃത്ത പരിപാടിയാണ് മെഗാ ഷോയുടെ മുഖ്യആകർഷണം. സൂപ്പർ ഹിറ്റ് ഗാനങ്ങൾ കോർത്തിണക്കി പിന്നണി ഗായകൻ സുദീപ് കുമാറും ഗായത്രിയും നയിക്കുന്ന ഗാനമേള ഹൃദ്യമായ അനുഭവമാകും. പൊട്ടിച്ചിരിയുടെ മാലപ്പടക്കത്തിന് തിരികൊളുത്തുന്നതിനൊപ്പം അഞ്ഞൂറോളം കലാകാരന്മാരുടെ ശബ്ദാനുകരണവുമായി കലാഭവൻ സതീഷ് എത്തും. അടിപൊളി പാട്ടുകളുമായി ഗൗരിയും വേദി കീഴടക്കും. സെവൻ കോഡ് ബാൻഡാണ് മ്യൂസിക്ക് പെർഫോമൻസിന്റെ മുൻനിരയിൽ. സാംസൺ, അനാമിക, ഷാൻ, ഷിയ തുടങ്ങിയവർ സെവൻ കോഡ് ബാൻഡിന്റെ പെർഫോർമർമാരായി അരങ്ങിലെത്തും.

സംഗീതോപകരണങ്ങളുടെ ശബ്ദാനുകരണത്തിലെ പൂർണതയുമായി വേദികൾ കീഴടക്കിയ ആദർശിന്റെ പ്രകടനവും, വിസ്മയ കാഴ്ചകളൊരുക്കി ഗിന്നസ് ബുക്കിൽ ഇടം നേടിയ സേലം സ്വദേശി സമ്പത്തിന്റെ പ്രകടനവും കാഴ്ചക്കാർക്ക് വേറിട്ട അനുഭവമാകും. മേയ് ഫ്ലവർ 2019ന്റെ മുഖ്യ സ്‌പോൺസർ സുപ്രിയയാണ്. ജ്യോതിസ് സെൻട്രൽ സ്‌കൂൾ, എസ്.കെ ഹോസ്പിറ്റൽ, ശ്രീധന്യ ഹോംസ്,​ നിംസ് ഹാർട്ട് ഫൗണ്ടേഷൻ,​ കസവുമാളിക എന്നിവർ സഹ സ്‌പോൺസർമാരാണ്. 92.7 എഫ്.എം ആണ് റേഡിയോ പാർട്ണർ. മെഗാ ഷോയുടെ പാസുകൾ കേരളകൗമുദി പേട്ട ഓഫീസിൽ ലഭ്യമാണ്.