premachandran

തിരുവനന്തപുരം : ശബരിമല വിഷയത്തെ മുഖ്യമന്ത്രി പിണറായി വിജയൻ വർഗീയവത്കരിച്ചെന്ന് എൻ.കെ. പ്രേമചന്ദ്രൻ ആരോപിച്ചു. സവർണരും അവർണരും തമ്മിലുള്ള പ്രശ്നമാണിതെന്ന് അദ്ദേഹം പ്രചരിപ്പിച്ചെന്നും പ്രസ് ക്ളബിന്റെ മീറ്റ് ദ പ്രസിൽ പ്രേമചന്ദ്രൻ പറഞ്ഞു. പ്രസ് ക്ളബ് സെക്രട്ടറി എം. രാധാകൃഷ്ണൻ അദ്ധ്യക്ഷനായിരുന്നു.

ജയിച്ചു കഴി‍ഞ്ഞാൽ താൻ ബി.ജെ.പിയിൽ ചേരുമെന്നാണ് മുഖ്യമന്ത്രി അടക്കമുള്ള സി.പി.എം നേതാക്കൾ പ്രചരിപ്പിച്ചത്. തന്നെ ന്യൂനപക്ഷ വിരുദ്ധനായി ചിത്രീകരിക്കുന്നതിനായി മന്ത്രിമാരായ തോമസ് ഐസക്കും മേഴ്‌സിക്കുട്ടിഅമ്മയും ജമാഅത്തുകളിൽ ചെന്ന് വർഗീയവിദ്വേഷം വിതറി. എന്നാൽ മുഖ്യമന്ത്രിയുടെ ഈ നിലപാടുകൾക്കും ധാർഷ്ട്യത്തിനുമേറ്റ തിരിച്ചടിയാണ് കൊല്ലത്ത് തന്റെ വൻഭൂരിപക്ഷം. സർക്കാരിന് അധികാരത്തിൽ തുടരാൻ ധാർമ്മികമായി അവകാശം നഷ്ടപ്പെട്ടു. ഇനിയെങ്കിലും സി.പി.എം നയപരമായ പുനഃപരിശോധനയ്ക്ക് തയ്യാറാകണം. ബംഗാളിലും ത്രിപുരയിലും സി.പി.എം അപ്രസക്തമായതിന് കാരണം കേരളത്തിൽ നിന്നുള്ള പി.ബി അംഗങ്ങളുടെ സ്വാധീനമാണ്. കിഫ്ബിയുടെ ചെയർമാൻ എന്ന നിലയ്‌ക്കാണോ മുഖ്യമന്ത്രി എന്ന നിലയ്‌ക്കാണോ ലണ്ടൻ സ്‌റ്റോക്ക് എക്‌സ്ചേഞ്ചിൽ പോയതെന്ന് പിണറായി വ്യക്തമാക്കണം. കിഫ്ബിയുടെ വൈസ് ചെയർമാൻ എന്ന നിലയ്ക്കാണ് തോമസ് ഐസക് പങ്കെടുത്തത്. ഇതിനെ ചരിത്രനേട്ടമെന്ന് സർക്കാർ അവകാശപ്പെടുന്നത് ലജ്ജാകരമാണെന്നും പ്രേമചന്ദ്രൻ പറഞ്ഞു.