ramesh-chennithala-2

തിരുവനന്തപുരം : മൂന്നുവർഷം പൂർത്തിയാക്കിയ പിണറായി സർക്കാരിന് ജനവിശ്വാസം നഷ്ടപ്പെട്ടതിന്റെ തെളിവാണ് ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പിണറായി വിജയന് അധികാരത്തിൽ തുടരാൻ ധാർമികമായി അവകാശമില്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് പറഞ്ഞു.

പറ്റിയ തെറ്റ് എന്താണെന്ന് മനസിലാക്കുന്നതിന് പകരം തോൽവി മറച്ചുവയ്ക്കാനും കണ്ണടച്ച് ഇരുട്ടാക്കാനുമാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ശൈലി മാറ്റില്ലെന്ന് അദ്ദേഹം പറയുമ്പോൾ ശൈലി മാറരുതേ എന്നാണ് ഞങ്ങളുടെ ആഗ്രഹമെന്നും ചെന്നിത്തല പരിഹസിച്ചു. ഇതിലും വലിയ തിരിച്ചടിയാണ് പിണറായി സർക്കാരിനെ കാത്തിരിക്കുന്നത്.

ശബരിമല പ്രശ്നം തിരഞ്ഞെടുപ്പിനെ ബാധിച്ചു. മുഖ്യമന്ത്രിക്ക് മാത്രം ജനവികാരം മനസിലാക്കാനായിട്ടില്ല. തെറ്റ് പറ്റിയത് തങ്ങൾക്കല്ല മൂന്നരക്കോടി ജനങ്ങൾക്കാണെന്ന മട്ടിലാണ് മുഖ്യമന്ത്രി സംസാരിക്കുന്നത്. ബി.ജെ.പിയെ വളർത്തി യു.ഡി.എഫിനെ തളർത്താനുള്ള ശ്രമത്തിനേറ്റ തിരിച്ചടിയാണ് ഇത്. പല മണ്ഡലങ്ങളിലും സി.പി.എമ്മിന്റെ വോട്ടുകളും യു.ഡി.എഫിലേക്ക് എത്തി. പത്തനംതിട്ടയിൽ സുരേന്ദ്രൻ ജയിക്കാത്തതിൽ മുഖ്യമന്ത്രി നിരാശയിലാണ്. കേരളത്തിലെ ജനവിധി മോദിക്കും പിണറായിക്കും എതിരാണ്. വരുന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയം ആവർത്തിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി.