തിരുവനന്തപുരം: ശബരിമല വിഷയം തിരഞ്ഞെടുപ്പ് പരാജയത്തെ ബാധിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയതിനൊപ്പം തന്റെ ശെെലി
മാറ്റില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ശബരിമലയിൽ സർക്കാർ ചെയ്യാൻ ബാദ്ധ്യതപ്പെട്ടതാണ് ചെയ്തത്. ആര് മുഖ്യമന്ത്രി ആയിരുന്നാലും ഇതേ ചെയ്യാനാവൂ. വിശ്വാസത്തെ അടിസ്ഥാനപ്പെടുത്തി ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്താൻ എതിർകക്ഷികൾ ശ്രമിച്ചു. ഇത് വിജയിച്ചോയെന്ന് മുന്നണി പരിശോധിക്കും. ശബരിമല വിഷയം ബാധിച്ചെങ്കിൽ അതിന്റെ ഗുണഫലം ബി.ജെ.പിക്ക് കിട്ടേണ്ടേ? പിടിക്കുമെന്ന് പറഞ്ഞ പത്തനംതിട്ടയിലടക്കം അവർ മൂന്നാമതായി.
പ്രവർത്തനശൈലിയിൽ മാറ്റം വരുത്തുമോ എന്ന ചോദ്യത്തിന് മുഖ്യമന്ത്രി ഇങ്ങനെ മറുപടി നൽകി. 'എന്റെ ശൈലി എന്റെ ശൈലിയാണ്. അതിന് മാറ്റമൊന്നുമുണ്ടാകില്ല. ഞാൻ ഈ നിലയിലെത്തിയത് ഇത്രയും കാലത്തെ ഈ ശൈലിയിലൂടെയാണ്. അതെല്ലാം ഇനിയും തുടരും'
തിരിച്ചടിക്കിടയാക്കിയ ഒട്ടേറെ ഘടകങ്ങളുണ്ട്. പ്രചാരണഘട്ടത്തിൽ മനസിലാക്കാൻ കഴിയാത്ത ചിലതും അതിലുണ്ട്. ഇതെല്ലാം വിശദമായി പരിശോധിക്കും.
മോദിയുടെ ഭരണം വീണ്ടും വരരുതെന്നാഗ്രഹിക്കുന്ന ജനങ്ങൾ കേരളത്തിലുണ്ട്. അവരിൽ ഒരു വിഭാഗം ഞങ്ങൾക്കും വോട്ട് ചെയ്യുന്നവരാണെങ്കിലും ആ വോട്ടുകൾ ലഭിച്ചില്ല. അവർ ചിന്തിച്ചത് രാജ്യത്ത് കോൺഗ്രസിനാണ് പുതിയ സർക്കാരിന് നേതൃത്വം കൊടുക്കാനാവുക എന്നാണ്. രാഹുൽഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർത്ഥിത്വമായപ്പോൾ അതിനൊരു അടിസ്ഥാനവുമായി. അമേതിയിൽ തോൽക്കുമെന്ന ധാരണയിലാണ് രാഹുൽ വയനാട്ടിൽ വന്നതെന്ന് ഇപ്പോൾ എല്ലാവർക്കും മനസിലായിട്ടുണ്ട്. ഭരണത്തിന് നേതൃത്വം കൊടുക്കേണ്ട രാഹുൽ തെക്കേ ഇന്ത്യയെക്കൂടി തിരഞ്ഞെടുത്തല്ലോ എന്നാണ് അന്ന് ജനം കരുതിയത്. സീറ്റിന്റെ എണ്ണം കുറഞ്ഞുപോയാൽ സർക്കാർ രൂപീകരിക്കാൻ രാഷ്ട്രപതി വിളിക്കില്ലെന്ന തരത്തിൽ നടന്ന പ്രചാരണവും കോൺഗ്രസിന് വോട്ട് കിട്ടാനിടയാക്കി.
രാജിയുടെ ആവശ്യമില്ല
തിരഞ്ഞെടുപ്പിൽ സംസ്ഥാനം ഭരിക്കുന്ന കക്ഷിക്ക് പരാജയം നേരിട്ടാൽ പ്രതിപക്ഷമുന്നയിക്കുന്നതാണ് രാജിക്കാര്യമെന്നും അതിന്റെ പേരിൽ രാജിയുടെയൊന്നും ആവശ്യമില്ലെന്നും മുഖ്യമന്ത്രി വാർത്താലേഖകരോട് വ്യക്തമാക്കി. ജനങ്ങളുടെ മനസിൽ സർക്കാരിന് സ്ഥാനമുണ്ട്. തെളിയേണ്ട ഘട്ടത്തിലത് തെളിയും.