bureau-1

വർക്കല: ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലത്തിൽ നിന്നു വിജയിച്ച യു.ഡി.എഫ് സ്ഥാനാർത്ഥി അടൂർപ്രകാശ് കേരളകൗമുദി വർക്കല ബ്യൂറോ സന്ദർശിച്ചു. വർക്കല മൈതാനത്ത് പ്രവർത്തകരുടെ സ്വീകരണം ഏറ്റുവാങ്ങിയ ശേഷമാണ് അദ്ദേഹം ബ്യൂറോയിലെത്തിയത്. സീനിയർ ലേഖകൻ കെ. ജയപ്രകാശ് അദ്ദേഹത്തെ അനുമോദിച്ചു. കേരളകൗമുദിയുമായി തനിക്കും കുടുംബത്തിനും തലമുറകളായുള്ള ബന്ധമാണുള്ളതെന്ന് അടൂർ പറഞ്ഞു. മണ്ഡലത്തിന്റെ വികസനത്തിനും ജനങ്ങളുടെ പ്രശ്‌നങ്ങൾക്കും മുൻതൂക്കം നൽകുമെന്നു അദ്ദേഹം വ്യക്തമാക്കി. ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ കരകുളം കൃഷ്ണപിള്ള, ജനറൽ കൺവീനർ വർക്കല കഹാർ, കെ.പി.സി.സി അംഗം അഡ്വ.കെ.ആർ. അനിൽകുമാർ, യു.ഡി.എഫ് കൺവീനർ ബി. ധനപാലൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ. രഘുനാഥൻ, കെ.കെ. രവീന്ദ്രനാഥ്, അഡ്വ.നിയാസ് എ. സലാം, എം.എൻ. റോയി, അഡ്വ. റിഹാസ് തുടങ്ങിയ നേതാക്കൾക്കും നിരവധി പ്രവർത്തകർക്കുമൊപ്പമാണ് അടൂർപ്രകാശ് കേരളകൗമുദി ബ്യൂറോ സന്ദർശിച്ചത്. ഏറെനേരം ബ്യൂറോയിൽ ചിലവഴിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്.