doctors
doctors

തിരുവനന്തപുരം : പാലക്കാട് ഗവ. മെഡിക്കൽ കോളേജിൽ എം.ബി.ബി.എസ് പ്രവേശനത്തിന് മെഡിക്കൽ കൗൺസിലിന്റെ (എം.സി.ഐ) അനുമതി. കഴിഞ്ഞവർഷം കോളേജിന് എം.സി.ഐ അനുമതി നിഷേധിച്ചെങ്കിലും 100 സീറ്റിൽ പ്രവേശനം നടത്താൻ ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. അദ്ധ്യാപകരുടെ കുറവടക്കമുള്ള പോരായ്‌മകൾ പരിഹരിച്ചതിനെത്തുടർന്നാണ് 100 സീറ്റിൽ ഇക്കൊല്ലം പ്രവേശനം നൽകാൻ എം.സി.ഐ അനുമതി നൽകിയത്. കൗൺസിലിന്റെ സ്ഥിരാംഗീകാരമാണ് കോളേജിന് ലഭ്യമായതെന്ന് മന്ത്രി എ.കെ. ബാലൻ പറഞ്ഞു. കോളേജിനു വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കിയെന്നും അദ്ദേഹം പറഞ്ഞു. ഓരോവർഷത്തേക്കും താത്കാലിക അംഗീകാരമാണ് നേരത്തേ ലഭിച്ചിരുന്നത്.

പട്ടികജാതി, പട്ടികവർഗ വികസന വകുപ്പിന്റെ നിയന്ത്രണത്തിലുള്ള കോളേജിൽ 340 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്ക് സർക്കാർ ഭരണാനുമതി നൽകി. 281 തസ്‌തികകൾ സൃഷ്ടിച്ചു. കോളേജിൽ 297 കോടി രൂപയുടെ പ്രവൃത്തികൾ പൂർത്തീകരിച്ചു. അക്കാഡമിക് ബ്ലോക്ക്, പെൺകുട്ടികളുടെ ഹോസ്റ്റൽ, ആൺകുട്ടികളുടെ ഹോസ്റ്റൽ, അണ്ടർഗ്രൗണ്ട് വാട്ടർ ടാങ്ക് എന്നിവയുടെ പണി പൂർത്തിയാക്കി. മെഡിക്കൽ കോളേജ് മെയിൻ ബ്ലോക്കിന്റെ നിർമ്മാണം അവസാനഘട്ടത്തിലാണ്. പാലക്കാട് മെഡിക്കൽ കോളേജിലെ അമ്പത് ശതമാനം സീറ്റുകൾ പട്ടികജാതി വിഭാഗത്തിനായി സംവരണം ചെയ്തവയാണ്.