star

തിരുവനന്തപുരം: സംസ്‌ഥാനത്ത് വനിതാ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ പ്രത്യേക പദ്ധതികൾ പ്രഖ്യാപിച്ചു. 11 ശതമാനം മാത്രമാണ് നിലവിൽ കേരളത്തിൽ വനിതകൾ നയിക്കുന്ന സ്‌റ്റാർട്ടപ്പുകൾ. പ്രാതിനിദ്ധ്യം വർദ്ധിപ്പിച്ച്, തൊഴിലവസരം ഉയർത്താനായി പ്രീ ഇൻകുബേഷൻ, വിപണനം, ഉത്‌പന്ന വികസനം എന്നീ മേഖലകളിലാണ് സർക്കാർ പദ്ധതികൾ ആവിഷ്‌കരിക്കുന്നത്.

ഇതിനായി, കേരള സ്‌റ്റാർട്ടപ്പ് മിഷൻ (കെ.എസ്.യു.എം) സമർപ്പിച്ച നിർദേശത്തിന് അംഗീകാരം നൽകി സംസ്ഥാന സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. സർക്കാരിന്റെ 'യുവജന സംരംഭക വികസന പരിപാടി"യുടെ ഭാഗമായി നടപ്പാക്കുന്നതിന് കെ.എസ്.യു.എം സി.ഇ.ഒ ഡോ.സജി ഗോപിനാഥ് സമർപ്പിച്ച പദ്ധതിക്കാണ് അംഗീകാരം. ഇതനുസരിച്ച് വനിതകൾ നേതൃത്വം നൽകുന്ന സ്‌റ്റാർട്ടപ്പുകളുടെ ആദ്യഘട്ട വളർച്ചയ്ക്ക് അടിസ്ഥാനമിടുന്നതിന് മൂന്നു മാസത്തെ സൗജന്യ ഇൻകുബേഷൻ സഹായം ലഭിക്കും. സാങ്കേതികവിദ്യാ സഹായം, മാർഗനിർദ്ദേശം തുടങ്ങിയവ കെ.എസ്.യു.എം വഴി ഇക്കാലയളവിൽ സ്‌റ്റാർട്ടപ്പുകൾക്ക് ലഭിക്കും. സ്‌റ്റാർട്ടപ്പുകൾക്ക് അവയുടെ ഉത്പന്നങ്ങൾ വില്‌ക്കാൻ പ്രതിവർഷം അഞ്ചുലക്ഷം രൂപവീതം രണ്ടു വർഷത്തേക്ക് നൽകും.