kerala-assembly-

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തിന്റെ അലയൊലികളുടെ ഹാംഗ് ഓവർ മാറും മുമ്പ് നിയമസഭാ സമ്മേളനത്തിന് നാളെ തുടക്കം. യു.ഡി.എഫ് തരംഗത്തിന്റെ ആത്മവിശ്വാസത്തിലാകും രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ പ്രതിപക്ഷം സഭയിൽ രാഷ്ട്രീയാക്രമണത്തിന് ചുക്കാൻ പിടിക്കുക. 47 എം.എൽ.എമാർ മാത്രമുള്ള പ്രതിപക്ഷത്തിന്, ലോക്‌സഭാ ഫലം വന്നതോടെ 123 മണ്ഡലങ്ങളിൽ ഭൂരിപക്ഷമുണ്ടായി. തോൽവി മാനിച്ച് സർക്കാർ രാജിവയ്‌ക്കണമെന്നാകും ആവശ്യം.

തിരഞ്ഞെടുപ്പ് ഫലം പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിന് കോൺഗ്രസിലും യു.ഡി.എഫിലും കരുത്തേകുന്നുണ്ട്. അഖിലേന്ത്യാതലത്തിൽ കോൺഗ്രസിനും യു.പി.എയ്‌ക്കും ദയനീയ പതനമുണ്ടായതിനാൽ യു.ഡി.എഫിന് അമിതാഹ്ലാദത്തിന് വകയില്ലെന്നതാകും ഭരണപക്ഷത്തിന്റെ ആയുധം. കോൺഗ്രസിന്റെ പിടിപ്പുകേട് ആരോപിച്ചാവും ഭരണപക്ഷം നീങ്ങുക. ലോക്‌സഭാ ഫലം ദേശീയരാഷ്ട്രീയത്തിന്റെ പ്രതിഫലനമാണെന്നും സംസ്ഥാനഭരണത്തെയല്ല വിലയിരുത്തുന്നതെന്നും ഭരണപക്ഷം വാദിക്കും. ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ജയിച്ചവരും തോറ്റവരുമായ ഒമ്പത് എം.എൽ.എമാരുടെ സാന്നിദ്ധ്യം ആദ്യദിവസങ്ങളിൽ തിരഞ്ഞെടുപ്പ് വാദപ്രതിവാദത്തിന് മൂർച്ച കൂട്ടും. ജയിച്ചവർ പിന്നീടേ രാജിവ‌യ്‌ക്കൂ.

കിഫ്ബി മസാലബോണ്ടിന്റെ പേരിൽ നാടിനെ പണയപ്പെടുത്തിയെന്ന ആരോപണവും പ്രതിപക്ഷം ഉന്നയിക്കും. ദുരിതാശ്വാസപ്രവർത്തനങ്ങൾ ഇഴയുന്നുവെന്ന ആക്ഷേപവും പ്രളയം മനുഷ്യനിർമ്മിതമെന്ന അമിക്കസ് ക്യൂറി റിപ്പോർട്ടുമെല്ലാം പ്രതിപക്ഷം ആയുധമാക്കും. എന്നാൽ മൂന്നാം വാർഷികമാഘോഷിക്കുന്ന വേളയിൽ സർക്കാരിന്റെ വികസനനേട്ടങ്ങളാകും ഭരണപക്ഷം പ്രധാനമായും എടുത്തുകാട്ടുക.

കെ.എം. മാണിക്ക് ആദരാഞ്ജലി അർപ്പിച്ച് സഭ നാളെ പിരിയും. സമ്പൂർണ ബഡ്‌ജറ്റ് പാസാക്കുകയെന്ന ലക്ഷ്യത്തോടെ സമ്മേളിക്കുന്ന സഭയിൽ വരും ദിവസങ്ങളിൽ പ്രധാനമായും നടക്കേണ്ടത് വകുപ്പ് തിരിച്ചുള്ള ധനാഭ്യർത്ഥന ചർച്ചകളാണ്. മാണിയുടെ ഒഴിവിലേക്ക് കേരള കോൺഗ്രസ്- എമ്മിന്റെ നിയമസഭാകക്ഷി നേതാവാരെന്ന ചോദ്യത്തിൽ തുടരുന്ന തർക്കം തിരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിനിടയിലും യു.ഡി.എഫിന് തലവേദനയാകുന്നുണ്ട്. നാല് എം.എൽ.എമാർ ലോക്‌സഭയിലേക്ക് ജയിച്ചതും, പാലാ, മഞ്ചേശ്വരം മണ്ഡലങ്ങളിലെ ഒഴിവുമടക്കം ആറ് ഉപതിരഞ്ഞെടുപ്പുകളുടെ രാഷ്ട്രീയ കേളികൊട്ടും സമ്മേളനത്തിൽ മുഴങ്ങിയേക്കാം.