vithura

വിതുര: പൊൻമുടി - തിരുവനന്തപുരം സംസ്ഥാനപാതയിലെ പ്രധാന ജംഗ്ഷനായ വിതുര കലുങ്ക് വികസനം സ്വപ്നം കാണുന്നു. വിനോദസഞ്ചാരകേന്ദ്രമായ പൊൻമുടി ഉൾപ്പടെയുള്ള സ്ഥലങ്ങളിലേക്കുംകേന്ദ്രസർക്കാരിന്റെ ഉന്നത പഠന ഗവേഷണകേന്ദ്രമായ എെസറിലേയ്ക്കും പൊന്മുടി,ബോണക്കാട് തോട്ടം മേഖലകളിലേയ്ക്കും മറ്റുമായി ആയിരങ്ങൾ കടന്നുപോകുന്ന പ്രധാന റോഡുകൂടിയാണിത്. ജംഗ്ഷൻ വികസിപ്പിക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇതിനായി അനവധി തവണ അധികൃതർക്ക് നിവേദനം നൽകിയിട്ടുണ്ട്. മാത്രമല്ല നിരവധി സമരങ്ങളും അരങ്ങേറിയിരുന്നു. പഞ്ചായത്ത് അനവധി തവണ മാസ്റ്റർപ്ലാൻ തയാറാക്കിയെങ്കിലും ഫലപ്രദമായില്ല. ജംഗ്ഷന്റെ വികസനമില്ലായ്മ ചൂണ്ടിക്കാട്ടി കേരളകൗമുദി അനവധി തവണ വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിതുര ഗവ. ഹൈസ്കൂൾ, ഗവ യു.പി.എസ് എന്നിവിടങ്ങളിൽ നാലായിരത്തിൽ പരം വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

ജംഗ്ഷന് വേണ്ടത്രവീതിയില്ലാത്തതുമൂലം ഗതാഗതകുരുക്ക് പതിവായി മാറിയിട്ടുണ്ട്. തിരുവനന്തപുരം ഭാഗത്തേക്ക് ബസ് കാത്ത് യാത്രക്കാർ നിൽക്കുന്ന ഭാഗത്താണ് യാത്രാ തടസം കൂടുതൽ. ഇൗ ഭാഗത്ത് അനധികൃതപാർക്കിംഗും രൂക്ഷമാണ്. മാത്രമല്ല അപകടങ്ങളും പതിവാണ്.

പൊൻമുടിയിലേയ്ക്കും മറ്റും എത്തുന്ന വിനോദസഞ്ചാരികളുടെ ഇടത്താവളം കൂടിയാണ് വിതുര കലുങ്ക് ജംഗ്ഷൻ. ഇവിടെ ഇറങ്ങി ഭക്ഷണവും വിശ്രമവും കഴിഞ്ഞാണ് പൊൻമുടിയിലേക്ക് പുറപ്പെടുന്നത്. ഗതാഗതകുരുക്ക് ടൂറിസ്റ്റുകൾക്കും തലവേദന സൃഷ്ടിക്കുന്നുണ്ട്.

അപകടങ്ങളും യാത്രാതടസവും ഒഴിവാക്കണമെങ്കിൽ വിതുര കലുങ്ക് ജംഗ്ഷൻ മുതൽ തേവിയോട് വരെ വികസനപ്രവർത്തനങ്ങൾ നടത്തണം. വീതി കുറഞ്ഞ ഇൗ റോഡിലൂടെയുള്ള യാത്ര അപകടം നിറഞ്ഞതാണ്. അടുത്തിടെ വിതുര ശിവൻകോവിൽ ജംഗ്ഷനിലും കെ.പി.എസ്.എം ജംഗ്ഷനിലുമായി നടന്ന ബൈക്കപകടങ്ങളിൽ രണ്ട് യുവാക്കളുടെ ജീവൻ പൊലിഞ്ഞിരുന്നു. അപകടമരങ്ങൾ അരങ്ങേറിയിട്ടും യാതൊരു സുരക്ഷാനടപടികളും കൈക്കൊള്ളുന്നില്ല.

മലയോര ഹൈവേയുടെ നിർമ്മാണത്തോടനുമ്പന്ധിച്ചു വിതുര കലുങ്ക് ജംഗ്ഷൻ ആധുനിക നിലവാരത്തിൽ നവീകരിച്ചു മോഡൽ ജംഗ്ഷൻ ആക്കുമെന്ന് പ്രഖ്യാപനം വന്നെങ്കിലും ഇതുവരെ അനക്കമൊന്നുമില്ല. ഇതിന്റെ ഭാഗമായി വിശദമായ മാസ്റ്റർ പ്ലാൻ തയാറാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു. എന്നാൽ മാസങ്ങൾ പിന്നിട്ടതോടെ പ്രഖ്യാപനം പഴങ്കഥയായി.

വെള്ളനാട് - ചെറ്റച്ചൽ സ്പെഷ്യൽ പാക്കേജ് റോഡ് നിർമ്മാണം പൂർത്തിയായി വരുമ്പോഴും അത് കലുങ്ക് ജംഗ്ഷൻ വഴി അല്ലാത്തതിനാൽ നവീകരണം നടന്നിരുന്നില്ല. വിതുര - കൊപ്പം റോഡ് കലുങ്കിൽ നിന്നും ആരംഭിക്കുമ്പോഴും ജംഗ്ഷൻ നവീകരണത്തിന് ആവശ്യമായ തുക ഉൾപ്പെട്ടിരുന്നില്ല. ഈ സാഹചര്യത്തിലാണ് മലയോര ഹൈവേയിൽ ഉൾപ്പെടുത്തി കലുങ്ക് ജംഗ്ഷൻ നവീകരണത്തിനായി പ്രത്യേക പദ്ധതി തയാറാക്കാൻ നിർദ്ദേശം നൽകിയത്. വിശദമായ മാസ്റ്റർ പ്ലാൻ തയാറാക്കിയ ശേഷം എല്ലാവരെയും സംയോജിപ്പിച്ചു വിതുര പഞ്ചായത്തിലെ പ്രധാന ജംഗ്ഷന്റെ മുഖച്ഛായ മാറ്റുന്ന വികസനം നടപ്പിലാക്കുവാനായിരുന്നു തീരുമാനം.