photo

നന്ദിയോട് : പഞ്ചാബിലും ഹരിയാനയിലും മാത്രം കണ്ടു വരുന്ന ജോവർ കൃഷി നന്ദിയോട്ടെ ജൈവഗ്രാമത്തിനും ഇണങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് പൗവത്തൂരിലെ പച്ചക്കറി കർഷകനായ ബാലകൃഷ്ണൻ നായർ. പത്ത് ഗ്രാം വിത്ത് തടമെടുത്ത് നട്ട് കുമ്മായം വിതറി, ചാണകപ്പൊടി അടിവളമായും ഇട്ടപ്പോൾ ഇരുപത് ചെടികളിൽ നിന്ന് 110 ദിവസം കൊണ്ട് കന്നി വിളവായി ലഭിച്ചത് 30 കിലോ ജോവർ! കുലയിട്ട് കാറ്റിൽ ഇളകിയാടുന്ന പോഷക സമൃദ്ധമായ ജോവറിന്റെ ധാന്യക്കതിരുകൾ മലയോരവാസികൾക്ക് വിസ്മയമായിരിക്കുകയാണ്. കടുകുമണിയെക്കാൾ ചെറിയ പത്തുമണി ജോവർ വിത്തിൽ നിന്നാണ് പത്തു മില്യനോളം ധാന്യം കൊയ്തിരിക്കുന്നത്. വരൾച്ചക്കാലത്ത് കൃഷിയിറക്കാവുന്ന മികച്ച വിളയാണ് ജോവറെന്ന് നാട്ടിലെ അറിയപ്പെടുന്ന മരച്ചീനി - പച്ചക്കറി കർഷകനായ ബാലകൃഷ്ണൻ നായർ സാക്ഷ്യപ്പെടുത്തുന്നു. ഇതിന് വെള്ളം ഒഴിക്കേണ്ടതില്ല. അധിക പരിചരണവും ആവശ്യമില്ല. ധാന്യക്കതിരിൽ നിന്ന് ചെറുമണികൾ അടർത്തി എടുത്ത് മാവാക്കി മാറ്റാൻ മാത്രമാണ് പ്രയാസം. അതിനുള്ള ക്ഷമയുണ്ടെങ്കിൽ ജോവർ കൃഷി മലയോരത്തിന്റെ മുഖശ്രീയാവുമെന്നും ഇദ്ദേഹം പറയുന്നു. ജോവറിന് മുമ്പേ ഹിന്ദി ഗ്രാമങ്ങളുടെ പ്രിയ വിളവുകളായ ബജ്റയും ചോളവും കുവരകും നന്ദിയോട്ടെ കർഷകർ വിളയിച്ച് വാർത്തകളിൽ ഇടം പിടിച്ചിട്ടുണ്ട്. പൗവത്തൂർ പാടത്ത് കഴിഞ്ഞ ആഴ്ചയാണ് ഉത്സവ പ്രതീതിയിൽ ചോളം കൊയ്ത്ത് നടന്നത്. ജില്ലാ കളക്ടറുടെ നിർദ്ദേശാനുസരണം പോഷക ധാന്യകൃഷിയിൽ സ്വയംപര്യാപ്തത ലക്ഷ്യമിട്ട് നന്ദിയോട് കൃഷി ആഫീസർ എസ്. ജയകുമാറിന്റെ മേൽനോട്ടത്തിൽ രൂപം കൊടുത്ത 'ഗ്രാമാമൃതം പദ്ധതി'യാണ് നൂതന കൃഷി വിളകളിലൂടെ ശ്രദ്ധ നേടിയിരിക്കുന്നത്. കോയമ്പത്തൂർ കാർഷിക സർവകലാശാലയിൽ നിന്ന് കൊണ്ടുവന്ന വിത്താണ് നന്ദിയോട്ട് ഉപയോഗിച്ചതെന്ന് കൃഷി ഓഫീസർ പറഞ്ഞു. ചെറുധാന്യ കൃഷിക്കുള്ള വിത്തുകൾ ചാലയിൽ ലഭ്യമാണ്. വെള്ളനാട് മിത്രാനികേതന്റെ സഹകരണത്തോടെ ഗ്രാമങ്ങളിൽ ചെറുധാന്യ കൃഷി വ്യാപിപ്പിക്കാനാണ് കൃഷിഭവന്റെ തീരുമാനം. ജോവർ, ബജ്‌റ, ചോളം, കുവരക് എന്നീ കൃഷികളിൽ താത്പര്യമുള്ളവർക്ക് പരിശീലനവും നൽകും. ഫോൺ : 9495200255.