തിരുവനന്തപുരം: ന്യൂനപക്ഷങ്ങൾ കൂട്ടത്തോടെ യു.ഡി.എഫിനെ തുണച്ചപ്പോൾ, ഇടതിന്റെ പരമ്പരാഗത വോട്ടുകൾ ബി.ജെ.പിയിലേക്കും യു.ഡി.എഫിലേക്കുമായി ചോർന്ന് പോവുകയും ചെയ്തുവെന്നതാണ് ശബരിമല സൃഷ്ടിച്ച പ്രതിഫലനം. അതുകൊണ്ടുതന്നെ ഇത് തിരിച്ചറിഞ്ഞുള്ള ചികിത്സാരീതിയാകും ഇനിയങ്ങോട്ട് സി.പി.എമ്മിന് കൈക്കൊള്ളേണ്ടി വരിക. അത് പക്ഷേ പുരോഗമനനിലപാടിൽ നിന്ന് പിറകോട്ട് പോകാതെ സാധിക്കുകയും വേണം. ഉപതിരഞ്ഞെടുപ്പ് പടിവാതിലിലായത് കൊണ്ടുതന്നെ സങ്കീർണമായ ഈ സമസ്യയ്ക്ക് എത്രയും വേഗം ഉത്തരം കണ്ടെത്തണമെന്നതും നേതൃത്വത്തിന് മുന്നിൽ വെല്ലുവിളിയായി നിൽക്കുന്നു.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ പരമ്പരാഗത വോട്ടിൽ നഷ്ടമുണ്ടായെന്നും വിശ്വാസികളിൽ ചിലരെ തെറ്റിദ്ധരിപ്പിക്കാൻ എതിരാളികൾ ശ്രമിച്ചെന്നും വിലയിരുത്തിയ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്, ഇതിന്റെ സങ്കീർണത ആഴത്തിൽ പരിശോധിക്കാനൊരുങ്ങുകയാണ്. തിരഞ്ഞെടുപ്പ് വിധി വിശദമായി വിലയിരുത്താനായി ഈ മാസം 31നും ജൂൺ ഒന്നിനുമായി ചേരുന്ന സംസ്ഥാനസമിതി യോഗത്തിൽ ശബരിമല വിഷയം കൈകാര്യം ചെയ്തതിൽ പോരായ്മയുണ്ടായോ എന്ന സംശയവുമുയരാം. അതേസമയം, വിധി നടപ്പാക്കുന്നതിൽ സർക്കാർ കൈക്കൊണ്ട സമീപനത്തിൽ നിന്ന് പിറകോട്ട് പോകുന്നതും രാഷ്ട്രീയമായ തിരിച്ചടിയുണ്ടാക്കുമെന്ന് നേതൃത്വം കാണുന്നു. യുവതീപ്രവേശനത്തിന് അനുകൂലമെന്ന പുരോഗമന കാഴ്ചപ്പാടിൽ മാറ്റം വരുത്താതെ തന്നെ മുന്നോട്ട് നീങ്ങുന്നതെങ്ങനെയെന്ന ചോദ്യത്തിനാണ് ഉത്തരം തേടേണ്ടത്. പ്രത്യേകിച്ച് ആറ് നിയമസഭാ മണ്ഡലങ്ങളിലേക്ക് ഉപതിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ കൃത്യമായ ഉത്തരം കണ്ടെത്തുക തന്നെ വേണം
ശബരിമല വിഷയത്തിൽ സർക്കാർ കൈക്കൊണ്ട നിലപാടിൽ സി.പി.എം നേതൃത്വം അപാകത കാണുന്നില്ല. ഭരണഘടനയുടെ മൗലികാവകാശം ഉയർത്തിപ്പിടിക്കുന്ന സുപ്രീംകോടതി വിധിയോട് പുരോഗമനവീക്ഷണം പുലർത്തുന്ന സർക്കാർ മുഖം തിരിച്ചുനിൽക്കുന്നത് മറ്റ് തരത്തിലുള്ള വിവാദങ്ങൾക്കും വഴിയൊരുക്കും. സർക്കാർനിലപാട് വീഴ്ചയായെന്ന് പറഞ്ഞാലത് തെറ്റ് പറ്റിയെന്ന് സമ്മതിക്കലാവും. വിധി നടപ്പാക്കൽ വിഷയം കൈകാര്യം ചെയ്തത് ശരിയോ എന്ന ചോദ്യം മുഖ്യമന്ത്രിയുടെ നേതൃത്വത്തിന് നേർക്കുയരുന്ന ചോദ്യമായത് കൊണ്ടുതന്നെയാണ് അദ്ദേഹം അതിനെ ശക്തമായി പ്രതിരോധിക്കുന്നതും. അത്തരത്തിലൊരു ചർച്ച അദ്ദേഹം ആഗ്രഹിക്കുന്നില്ലെന്നതിന് തെളിവാണ് ഇന്നലത്തെ പ്രതികരണം.
ശബരിമല വിഷയം തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചെങ്കിൽ അതേറ്റവും ശക്തമായി ആയുധമാക്കിയ ബി.ജെ.പിക്ക് ഗുണമാകണ്ടേ എന്ന ചോദ്യം പ്രസക്തമാണ്. ബി.ജെ.പിക്ക് കേരളത്തിൽ ഇനിയും അക്കൗണ്ട് തുറക്കാനായിട്ടില്ല. അപ്പോഴും ഇതുണ്ടാക്കിയ കോലാഹലത്തിന്റെ മറവിൽ യു.ഡി.എഫ് നേട്ടം കൊയ്തെന്ന് സി.പി.എം തിരിച്ചറിയാതെയുമില്ല.