പാലോട്: പെരിങ്ങമ്മല കുണ്ടാളംകുഴിയിൽ വീടുകയറി ആക്രമണം നടത്തിയ കേസിലെ പ്രതികളെ ഒളിവിൽ പാർപ്പിച്ച കൊല്ലം ഭരണിക്കാവ് സ്വദേശികളായ സുഹൃത്തുക്കൾ അറസ്റ്റിൽ. നെടിയവിള സ്വാതീ മന്ദിരത്തിൽ സ്വാതീരാജ്, നിലമേൽ തോട്ടുവള്ളി കൈതോട് തെക്കതിൽ വീട്ടിൽ ആർ. രാജേഷ് എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ 23ന് രാത്രി കുണ്ടാളംകുഴി തടത്തരികത്ത് വീട്ടിൽ ഷീബയുടെ വീട്ടിൽ അതിക്രമിച്ച് കയറി കുടുംബാംഗങ്ങളെ ആക്രമിച്ച കേസിൽ ഉല്ലാസ്, അമൽകൃഷ്ണ എന്നിവരാണ് പ്രതികൾ. ഷീബയെ ആക്രമിച്ചത് തടഞ്ഞ മരുമകൾ സുജിതയെയും 10 വയസുള്ള ചെറുമകളെയും അയൽവാസിയായ സുലോചനയെയും വെട്ടിപ്പരിക്കേല്പിച്ച ശേഷം പ്രതികൾ ഇരുവരും രക്ഷപ്പെട്ട സംഭവം കേരളകൗമുദി റിപ്പോർട്ട് ചെയ്‌തിരുന്നു. നെടുമങ്ങാട് ഡിവൈ.എസ്.പി വിനോദിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പാലോട് സി.ഐ ഷിബുകുമാറിന്റെ നേതൃത്വത്തിൽ ഭരണിക്കാവ് നിന്നാണ് ഇരുവരെയും പിടികൂടിയത്. ഷാഡോ ടീമംഗങ്ങളായ എ.എസ്.ഐ ഷിബു, സി.പി.ഒ സജു, നെവിൽരാജ്, സതികുമാർ, മനോജ് എന്നിവരും അന്വേഷണസംഘത്തിലുണ്ട്.