തിരുവനന്തപുരം : ആത്മവിദ്യാലയമേ ...എന്ന ഗാനത്തിലൂടെ സംഗീത ലോകത്തെ ചക്രവർത്തിയായി മാറിയ അനശ്വര പ്രതിഭയാണ് കമുകറ പുരുഷോത്തമൻ എന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. 23-ാമത് കമുകറ അവാർഡ് ദാന ചടങ്ങ് ടാഗോർ തിയേറ്ററിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആത്മീയ ഭാവങ്ങളിലൂടെയും മനോധർമ്മത്തിലൂടെയും ആലാപന സൗകുമാര്യം പരത്തിയ ഗായക തലമുറയിലെ പ്രധാന കണ്ണിയായിരുന്നു കമുകറ. മൂന്നു വർഷമായി സഭ പിരിഞ്ഞ ശേഷമുള്ള വൈകുന്നേരങ്ങളിൽ സാമാജികർക്കായി ഒരുക്കുന്ന സംഗീതസദസിൽ പങ്കെടുക്കുന്ന എം.എൽ.എ മാർ സൗഹൃദത്തിന്റെ സന്തോഷം പങ്കുവയ്ക്കുന്നത് പുതിയ അനുഭവമാണെന്നും സ്‌പീക്കർ പറഞ്ഞു. ഫൗണ്ടേഷൻ പ്രസിഡന്റ് രാജീവ് ഒ.എൻ.വി അദ്ധ്യക്ഷനായി. പിന്നണി ഗായിക സുജാത മോഹന് കമുകറ അവാർഡ് ഗായിക പി. സുശീല സമ്മാനിച്ചു. ഡോ .ഓമനക്കുട്ടി കമുകറ അനുസ്മരണ പ്രസംഗം നടത്തി. ഫൗണ്ടേഷൻ സെക്രട്ടറി പി.വി. ശിവൻ സ്വാഗതം പറഞ്ഞു.