തിരുവനന്തപുരം: ബൈപാസിൽ ആനയറയ്ക്ക് സമീപം ലോറിയിൽ മാലിന്യം തള്ളാനെത്തിയവരെ നഗരസഭ ഹെൽത്ത് സ്‌ക്വാഡ് പിടികൂടി. ഇന്നലെ രാത്രി 11നാണ് സംഭവം. ആനയറ ബൈപാസിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ആസ്ഥാനത്തിന് സമീപത്താണ് ഇറച്ചിമാലിന്യവുമായെത്തിയ മിനി ലോറി പിടികൂടിയത്. അനധികൃതമായി മാലിന്യം തള്ളുന്നവരെ പിടികൂടാൻ നഗരസഭ നടപ്പാക്കിയിട്ടുള്ള ' ഈഗിൾ ഐ'യുടെ ഭാഗമായുള്ള നിരീക്ഷണ സംഘമാണ് മാലിന്യമിടാനെത്തിയവരെ തിരിച്ചറിഞ്ഞത്. കളക്ടറുടെ സ്‌ക്വാഡും നിരീക്ഷണ സംഘത്തിലുണ്ടായിരുന്നു. ലോറി തടഞ്ഞ് വിവരങ്ങൾ ആരാഞ്ഞപ്പോൾ അനധികൃതമായി മാലിന്യം കയറ്റി ഒഴിഞ്ഞ സ്ഥലത്ത് നിക്ഷേപിക്കാൻ എത്തിയതാണെന്ന് തിരിച്ചറിഞ്ഞു. ഹെൽത്ത് സ്‌ക്വാഡ് വിവരമറിയിച്ചതനുസരിച്ച് പേട്ട പൊലിസ് സ്ഥലത്തെത്തി ലോറിയും മാലിന്യം തള്ളാനെത്തിയ മൂന്നംഗ സംഘത്തെയും കസ്റ്റഡിയിലെടുത്തു.