accident

തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിച്ചതിനെ തുടർന്ന് ഇന്നലെ രാത്രി നഗരത്തിൽ അപകട പരമ്പര. വട്ടിയൂർക്കാവ്, മരുതംകുഴി ഭാഗങ്ങളിലാണ് അപകടങ്ങൾ നടന്നത്. രാത്രി പത്തിന് മരുതംകുഴി ചിറ്റാറ്റിൻകരയ്ക്ക് സമീപം നിറുത്തിയിട്ടിരുന്ന കാറിൽ മറ്റൊരു കാറിടിച്ച് മറിഞ്ഞായിരുന്നു ആദ്യ അപകടം. ഇടിയുടെ ആഘാതത്തിൽ കാർ നടുറോഡിൽ തലകീഴായി മറിഞ്ഞതോടെ ഈ ഭാഗത്ത് ഏറെ നേരം ഗതാഗതം തടസപ്പെട്ടു. ഫയർഫോഴ്‌സും വട്ടിയൂർക്കാവ് പൊലീസുമെത്തിയാണ് കാർ ഉയർത്തിയത്. കാർ ഓടിച്ചിരുന്ന രാഹുൽ തമ്പി (36) നാട്ടുകാർ കാറിനുള്ളിൽ നിന്ന് പുറത്തെടുത്തു. ഇയാളെ പരിക്കുകളോടെ പേരൂർക്കട ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾ മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു. റോഡുവക്കിൽ വർഷങ്ങളായി നിറുത്തിയിട്ടിരുന്ന കാറിലാണ് ഇയാൾ ഓടിച്ചിരുന്ന കാർ നിയന്ത്രണംവിട്ട് ഇടിച്ച് തലകീഴായി മറിഞ്ഞത്. രാത്രി 10.30ഓടെ വട്ടിയൂർക്കാവ് ഭാഗത്തായിരുന്നു രണ്ടാമത്തെ അപകടം. നിരവധി വാഹനങ്ങളെ ഇടിച്ച വാഹനം നാട്ടുകാർ പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഷൂട്ടിംഗ് ആവശ്യത്തിനുപയോഗിക്കുന്ന വാൻ വട്ടിയൂർക്കാവ് ജംഗ്ഷനിൽ മറ്റൊരു കാറിൽ ഇടിച്ചിട്ട് നിറുത്താതെ പോയി. അമിതവേഗത്തിൽ പാഞ്ഞവണ്ടി തുടർന്നും നിരവധി വാഹനങ്ങളിൽ ഇടിച്ചു. സ്‌കൂട്ടറിൽ ഒറ്റയ്ക്ക് സഞ്ചരിക്കുകയായിരുന്ന സ്ത്രീയെയും ഈ വാഹനം ഇടിച്ചിട്ടു. ഇവരെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. തുടർന്ന് നാട്ടുകാരും പൊലീസും ചേർന്ന് വാഹനത്തെ പി.ടി.പി നഗറിന് സമീപത്തുവച്ച് പിടികൂടുകയായിരുന്നു. വാഹനമോടിച്ചിരുന്ന പാലിയോട് സ്വദേശി നിഥിൻ (23) മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു. വൈദ്യപരിശോധനയ്ക്ക് ശേഷം ഇയാൾക്കെതിരെ കേസെടുത്തു.