accident-death
വാഹനാപകടത്തിൽ മരണമടഞ്ഞ മെറിലാൻഡ് പി.സുബ്രഹ്മണ്യത്തിന്റെ ചെറുമകൻ കുമാർ സുബ്രഹ്മണ്യത്തിന്റെ മൃതദേഹം സംസ്കരിക്കുന്നതിനായി തൈക്കാട് വെള്ളാള സമുദായ ശ്മശാനത്തിൽ കൊണ്ടുവന്നപ്പപ്പോൾ അന്തിമോപചാരമർപ്പിക്കുന്ന പിതൃസഹോദര പുത്രൻ എസ്.ഗിരീഷ്. സഹോദരൻ പദ്മനാഭൻ സമീപം

തിരുവനന്തപുരം: ചലച്ചിത്ര നിർമ്മാതാവും സംവിധായകനുമായിരുന്ന മെറിലാൻഡ് പി.സുബ്രഹ്മണ്യത്തിന്റെ ചെറുമകൻ കുമാർ സുബ്രഹ്മണ്യത്തിന് (49, ഗണേശ്) തലസ്ഥാനം അന്ത്യാഞ്ജലി നൽകി .മൃതദേഹം വഴുതക്കാട്ട് ഈശ്വരവിലാസം ലെയ്നിലെ ഗ്രീൻ സ്‌ക്വയർ കുമാർസിൽ പൊതുദർശനത്തിനു വച്ചശേഷം ഉച്ചയ്ക്ക് പതിനൊന്നരയോടെ തൈക്കാട് വെള്ളാള സമുദായ ശ്മശാനത്തിൽ സംസ്കരിച്ചു. സഹോദരൻ പദ്മനാഭൻ മരണാനന്തര ക്രിയകൾ നടത്തി. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തു.

പളനിയിൽ ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങവെ ഒട്ടംചത്രത്തുവച്ച് കുമാറും കുടുംബവും സഞ്ചരിച്ച കാറിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ ഇടിച്ചാണ് കുമാർ മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിനായിരുന്നു അപകടം.

ഇന്നലെ രാവിലെ പൊതുദർശനത്തിനു വച്ച മൃതദേഹത്തിൽ അന്ത്യാഞ്ജലി അർപ്പിക്കാൻ എം.എൽ.എമാരായ വി.എസ് ശിവകുമാർ, സി.ദിവാകരൻ, മുൻ കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസ്സൻ, നീലലോഹിത ദാസ്, എ.സമ്പത്ത്, സി.പി ജോൺ, വി.ശിവൻകുട്ടി, വി.സുരേന്ദ്രൻ പിള്ള, ശ്രീകുമാരൻ തമ്പി, തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം കെ.പി ശങ്കരദാസ്, ജി.സുരേഷ് കുമാർ,​ തുളസീദാസ്, രജപുത്ര രഞ്ജിത്ത്, ടി.എസ് സുരേഷ് ബാബു, ശാന്തിവിള ദിനേശ്, കൊല്ലം തുളസി, ഭാവചിത്ര ജയകുമാർ, ശ്രീമൂവീസ് ഉണ്ണിത്താൻ, എം.എസ് ഭുവനചന്ദ്രൻ, പെരിങ്ങമ്മല അജി, ആർ.ഹരികുമാർ, അമൃതാനന്ദമയീ ആശ്രമം, ശിവാനന്ദ യോഗാശ്രമം പ്രതിനിധികൾ തുടങ്ങി രാഷ്ട്രീയ, സിനിമ, സാമൂഹിക മേഖലകളിൽ നിന്ന് നിരവധി പേർ എത്തിയിരുന്നു.
ശാസ്താ പ്രൊഡക്ഷൻസ് ഉടമ എസ്.കുമാർ-കോമളം ദമ്പതികളുടെ മകനാണ് കുമാർ സുബ്രഹ്മണ്യം.