പൂവാർ: തിരുപുറം ഗ്രാമ പഞ്ചായത്തിലാണ് വിവാദമായ പഴയകടയും, പുത്തൻകടയും സ്ഥിതിചെയ്യുന്നത്. പഴയകടയും പുത്തൻകടയും ഓരോ സ്ഥലങ്ങളാണ്. എന്നാൽ ഇവിടുള്ള പൊതു മാർക്കറ്റുകളാണ് ഇന്ന് വിവാദമുയർത്തിയിരിക്കുന്നത്. പഴയകട ജംഗ്ഷനിലാണ് തിരുപുറം ഗ്രാമ പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. കൂടാതെ പോസ്റ്റാഫീസ്, വില്ലേജ് ഓഫീസ്, എക്സൈസ് റേഞ്ച് ഓഫീസ്, ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങളും പഞ്ചായത്ത് കേന്ദ്രമെന്ന നിലയിൽ പഴയകടയിൽ തന്നെയാണ് പ്രവർത്തിക്കുന്നത്. ജനങ്ങൾ പല ആവശ്യങ്ങൾക്കായി കേന്ദ്രീകരിക്കുന്നതും പഴയ കടയിലാണ്. ഇവിടെ ഒരു പൊതു മാർക്കറ്റ് വളരെക്കാലമായി പ്രവർത്തിച്ചു വരികയാണ്.ഇത് അനധികൃതമെന്നാണ് നാട്ടുകാർ പറയുന്നത്. ഏഴോളം കൂട്ടവകാശമുള്ള ഒരു വസ്തുവിൽ അനധികൃതമായി ഒരാൾ പഞ്ചായത്തിനെ സ്വാധീനിച്ച് ലൈസൻസ് സമ്പാദിച്ചാണ് മാർക്കറ്റ് പ്രവർത്തിപ്പിക്കുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. ഇതിനെതിരെ ഭൂമിയുടെ മറ്റ് അവകാശികൾ കോടതിയിൽ കേസ് ഫയൽ ചെയ്തിരിക്കുകയാണ്.
അനധികൃത മാർക്കറ്റിനെതിരെ നിരവധി പരാതികളും പ്രക്ഷോപങ്ങളും ഇതിനകം നടന്നു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പഞ്ചായത്ത് ഡയറക്ടറുടെ കർശന നിർദ്ദേശം ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് ലഭിച്ചു. എത്രയും വേഗം അനധികൃത മാർക്കറ്റ് അടച്ചുപൂട്ടണമെന്നും അംഗീകൃത മാർക്കറ്റ് തുറന്ന് പ്രവർത്തിപ്പിക്കണമെന്നുമായിരുന്നു നിർദ്ദേശം.
പുത്തൻകട ജംഗ്‌ഷനിലാണ് തിരുപുറം ഗ്രാമ പഞ്ചായത്തിന്റെ അംഗീകൃത മാർക്കറ്റ് സ്ഥിതി ചെയ്യുന്നത് .പഴയകട ജംഗ്‌ഷനിൽ നിന്നും അഞ്ഞൂറ് മീറ്റർ ദൂരമേ പുത്തൻകടയിലേയ്ക്കുള്ളൂ. ഈ ദൂരമത്രയും വായിൽ വെള്ളമൂറുന്ന രുചിക്കൂട്ടുകൾ നിർമ്മിക്കുന്ന കേന്ദ്രങ്ങളാണുള്ളത്. പുത്തൻ കടയിലെ രണ്ട് ഏക്കർ എൺപത്തിയഞ്ച് സെന്റ് ഭൂമിയിൽ താമസിക്കുന്ന വീരശൈവ വിഭാഗക്കാരാണ് പലഹാരങ്ങൾ നിർമ്മിച്ച് വില്പന നടത്തുന്നത്.
താരുപുറം ഗ്രാമ പഞ്ചായത്തിന്റെ വ്യാപാര കേന്ദ്രമായി മാറിയ പുത്തൻകടയിൽ ഒരു പൊതു മാർക്കറ്റ് അനിവാര്യമാണെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് 1997-ൽ വീരശൈവരുടെ 50 സെന്റ് ഭൂമി പഞ്ചായത്ത് വിലയ്ക്ക് വാങ്ങി പബ്ളിക്ക് മാർക്കറ്റ് സ്ഥാപിച്ചത്.
2007-ൽ ഈ മാർക്കറ്റിൽ മിനിഷോപ്പിംഗ് സെന്ററും നിരവധി സ്റ്റാളുകളും നിർമ്മിച്ചു.എന്നാൽ അശാസ്ത്രീയമായ നിർമ്മാണം മാർക്കറ്റിന്റെ പ്രവർത്തനത്തെ തടഞ്ഞുവെന്നാണ് പ്രദേശവാസികൾ പറയുന്നത്.