നെയ്യാറ്റിൻകര: തമിഴ്നാട്ടിൽ നിന്നും വ്യാജ വെളിച്ചെണ്ണ പിന്നേയും കേരളവിപണി ലക്ഷ്യമിട്ടെത്തുന്നു. തമിഴ്നാട്ടിലെ ഭക്ഷ്യസുരക്ഷാ വിഭാഗം ഇവ കണ്ടെത്തി നിരോധിച്ചിട്ടും പേര് മാറ്റി വീണ്ടും ചെക്ക് പോസ്റ്റ് കടന്ന് വ്യാജ വെളിച്ചെണ്ണയുടെ പ്രവാഹം. രണ്ട് ലോറികളിലായി കൊണ്ടുവന്ന വ്യാജ വെളിച്ചെണ്ണയാണ് തമിഴ്നാട്ടിലെ തേനി ജില്ലക്ക് സമീപം തമിഴ്നാട് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞ് പരിശോധിക്കുകയും ഇവ നിർമ്മിച്ച തേനി ജില്ലയിൽ തന്നെയുള്ള മൂന്ന് ഫാക്ടറികൾ സീൽ ചെയ്യുകയും ചെയ്തത്. എന്നിട്ടും അമരവിള ചെക്ക് പോസ്റ്റു വഴി കടന്നു വരുന്ന എണ്ണ നെയ്യാറ്റിൻകരയിലെ ഭക്ഷ്യ സുരക്ഷാ വിഭാഗം കണ്ടെത്തുകയോ പിടിച്ചെടുത്ത് റിപ്പോർട്ട് ചെയ്യുകയോ ചെയ്യുന്നില്ല.

അടുത്തിടെ കേരളത്തിലെ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ
ഗുണനിലവാരമില്ലാത്ത 96 ബ്രാൻഡ് വ്യാജ വെളിച്ചെണ്ണയാണ് ഭക്ഷ്യസുരക്ഷവകുപ്പ് നിരോധിച്ചത്. പൊതുമേഖലാ സ്ഥാനപനമായ നാളികേര വികസന കോർപ്പറേഷന്റെ മേൽനോട്ടത്തിൽ പുറത്തിറക്കുന്ന കേരള സർക്കാർ ബ്രാൻഡായ കേര വെളിച്ചെണ്ണയെന്ന് തെ​റ്റിദ്ധരിപ്പിച്ചാണ് ഇതിൽ 41 എണ്ണവും കേരയുടെ മറവിലായിരുന്നു വിറ്റഴിക്കപ്പെട്ടതെന്നും ഭക്ഷ്യസുരക്ഷ വകുപ്പ് കണ്ടെത്തിയിരുന്നു.

ലിറ്ററിന് വെറും 60 രൂപ വിലയുള്ള ലിക്വിഡ് പാരാഫിൻ എന്ന രാസ പദാർത്ഥത്തിൽ നാളികേരത്തിന് ഫ്ലാവറും മണവും ചേർത്താണ് വ്യാജ വെളിച്ചെണ്ണ നിർമ്മിക്കുന്നത്. മധുര, കോയമ്പത്തൂർ, ബാംഗ്ളൂർ തുടങ്ങിയ വൻ കിട മരുന്നു നിർമ്മാണ ശാലകളിൽ നിന്നും ഉപയോഗ്യ ശൂന്യമായ ലിക്വിഡ് പാരാഫിൽ ലഭിക്കും. ഇവ ത്വഗ് രോഗങ്ങൾക്ക് പുറമേ മാത്രം പുരട്ടുവാൻ ഉപയോഗിക്കുന്ന മരുന്നാണ്. ആരോഗ്യത്തിന് വളരെ ഹാനികരമായ പാരാഫിൻ ഉള്ളിൽ കടന്നാൽ കുടലിൽ കാൻസർ ഉൾപ്പെടെ നിരവധി രോഗങ്ങൾ പിടിപെടുവാനുള്ള സാദ്ധ്യതയുള്ളതായി ഡോക്ടർമാർ പറയുന്നു.

പ്ലാസ്ടിക് കവറിൽ ആകർഷകമായി പാക്കു ചെയ്ത ഇവയുടെ കച്ചവടം കുറഞ്ഞതോടെ ഉപഭോക്താക്കൾ ശുദ്ധ വെളിച്ചെണ്ണയ്ക്കായി എണ്ണയാട്ടു കേന്ദ്രങ്ങളെ ആശ്രയിക്കാൻ തുടങ്ങി. ഇതോടെ സാധാരണ കുപ്പികളിൽ നിറച്ച് ഇത്തരം വ്യാജ വെളിച്ചണ്ണ വിപിണിയിലെത്താൻ തുടങ്ങി. ശുദ്ധമായ ചക്കിലാട്ടിയ എണ്ണ എന്ന ലേബലിലും ഇപ്പോൾ വ്യാജ വെളിച്ചെണ്ണ കച്ചവടം ചെയ്യുന്നുണ്ട്. ലോറികളിൽ ബാരലുകളിലാണ് ഇവ ചെക്ക് പോസ്റ്റ് വെട്ടിച്ച് കൊണ്ടു വരുന്നത്.